കോട്ടയം: റബ്ബറിനെ കാര്‍ഷികവിളയായി പ്രഖ്യാപിക്കുന്നത് റബ്ബര്‍കര്‍ഷകര്‍ക്കു പ്രയോജനപ്പെടുമെന്നു വിലയിരുത്തല്‍. എന്നാല്‍, കാര്‍ഷിക വിളയാക്കണമെങ്കില്‍ ലോക വ്യാപാരക്കരാറില്‍ ഭേദഗതി വേണം എന്നതാണ് പ്രധാന തടസ്സം. കരാറില്‍ അംഗങ്ങളായ രാജ്യങ്ങള്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഭേദഗതി പാസാക്കണം.

റബ്ബര്‍നയത്തിന്റെ കരടിലാണ്, കാര്‍ഷികവിളയായി കണക്കാക്കാന്‍ ശുപാര്‍ശയുള്ളത്. ഇക്കാര്യത്തില്‍, മാര്‍ച്ച് 18 വരെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം.

കാര്‍ഷികവിളയായി പ്രഖ്യാപിച്ചാല്‍, റബ്ബര്‍ ഇറക്കുമതിക്ക് കൂടുതല്‍ ചുങ്കം ചുമത്താം. ഇതു കര്‍ഷകര്‍ക്കും സര്‍ക്കാരിനും പ്രയോജനപ്പെടും. ഇവിടത്തേതിനെക്കാള്‍ കൂടുതല്‍ വില നല്‍കി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്ന് റബ്ബര്‍ വന്‍തോതില്‍ വാങ്ങിവെച്ച് ആഭ്യന്തരമാര്‍ക്കറ്റിലെ വിലയിടിക്കുന്ന രീതി ഇതോടെ കൂടുതല്‍ പ്രയാസമുള്ളതാകും.

മറ്റു കാര്‍ഷികോത്പന്നങ്ങള്‍ക്കുള്ള സബ്‌സിഡി, താങ്ങുവില, ഇന്‍ഷുറന്‍സ് എന്നിവ റബ്ബറിനും നല്‍കാന്‍ സാധിക്കും. ഇപ്പോള്‍ വ്യവസായങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുവായാണ്‌ റബ്ബറിനെ കണക്കാക്കുന്നത്. ഇതിനു പരമാവധി 25 ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്താനേ കഴിയൂ. അതു ചുമത്തിയിട്ടും ഇറക്കുമതി നടക്കുന്നു. ഈ വര്‍ഷം റെക്കോഡ് ഇറക്കുമതി നടന്നെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.

98 ലിറ്റര്‍ ടാറിനൊപ്പം രണ്ടുലിറ്റര്‍ ലാറ്റക്‌സ് കൂടി ചേര്‍ത്ത് റോഡ് നിര്‍മിക്കണമെന്ന ശുപാര്‍ശ ഇന്ത്യന്‍ റോഡ്‌സ് കോണ്‍ഗ്രസ് നല്‍കിയിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇത് അംഗീകരിച്ചു. ഒരു പൊതുമേഖലാ എണ്ണക്കമ്പനി കോടിക്കണക്കിനു രൂപ മുടക്കി, റബ്ബര്‍പാല്‍കൂടി ചേര്‍ത്ത ടാര്‍ തയ്യാറാക്കാന്‍ സംവിധാനവും ഏര്‍പ്പെടുത്തി. എന്നാല്‍, ഇപ്പോള്‍ അവിടെനിന്ന് ഒരുലിറ്റര്‍ ടാര്‍പോലും ഇങ്ങനെ തയ്യാറാക്കുന്നില്ല. ആവശ്യക്കാരില്ലാത്തതാണു കാരണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഈ ടാര്‍ വാങ്ങുന്നില്ല.

കര്‍ഷകരക്ഷയ്ക്ക് നയം വേണമെന്നില്ല

റബ്ബര്‍ കര്‍ഷകരെ സഹായിക്കണമെങ്കില്‍ പ്രത്യേക നയമൊന്നും വേണമെന്നില്ല. ഉദാഹരണത്തിന് പരുത്തി, ചണം എന്നിവ വ്യാവസായികോത്പന്നങ്ങളാണ്. എന്നിട്ടും അവയ്ക്ക് ഓരോ വര്‍ഷവും ന്യായവില നിര്‍ണയിക്കുന്നു; സംഭരണവുമുണ്ട്. ഈ പരിഗണന റബ്ബര്‍ കര്‍ഷകര്‍ക്കും നല്‍കണം.

-പി.സി.സിറിയക്, പ്രസിഡന്റ്, ഇന്‍ഫാം.

തീരുവയില്‍ നിന്ന് ഒരു വിഹിതം കര്‍ഷകനു നല്‍കണം

റബ്ബര്‍ ഇറക്കുമതിത്തീരുവയായി കോടിക്കണക്കിനു രൂപ കേന്ദ്രസര്‍ക്കാരിനു കിട്ടുന്നുണ്ട്. അതില്‍ നിന്ന് ഒരു വിഹിതംകൂടി കര്‍ഷകര്‍ക്കു നല്‍കിയാല്‍ വിലസ്ഥിരതാ പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്താം. ഇപ്പോഴത്തെ പ്രതിസന്ധി ഒരുപരിധിവരെ പരിഹരിക്കാനുമാകും.

-പയസ് സ്‌കറിയ പൊട്ടങ്കുളം, കര്‍ഷകന്‍.

വ്യാപാരികളെയും പരിഗണിക്കണം

റബ്ബറിനെ കാര്‍ഷികവിളയായി കണക്കാക്കുന്നതു പ്രയോജനംചെയ്യും. നയം തയ്യാറാക്കുമ്പോള്‍ ചെറുകിട റബ്ബര്‍വ്യാപാരികളെയും പരിഗണിക്കണം. അല്ലെങ്കില്‍ വാങ്ങാന്‍ സംവിധാനം ഇല്ലാതെവരും. ഇപ്പോള്‍ത്തന്നെ ഒട്ടേറെപ്പേര്‍ വ്യാപാരം നിര്‍ത്തി.

-എം.പ്രദീപ്, അമ്പാറ, റബ്ബര്‍വ്യാപാരി.