നല്ല റബ്ബര്‍ഷീറ്റുണ്ടാക്കി വിപണിയിലെത്തിച്ച്  ലഭ്യമായ പരമാവധിവില നേടിയെടുത്താലേ വില ഉയരുമ്പോഴുള്ള നേട്ടം പൂര്‍ണമായി കര്‍ഷകര്‍ക്ക് ലഭിക്കൂ. ഒരുകിലോഗ്രാം നാലാംഗ്രേഡ് ഷീറ്റും തരംതിരിക്കാത്ത ഷീറ്റും തമ്മിലുള്ള വിലവ്യത്യാസം ചിലപ്പോഴൊക്കെ പത്തുരൂപയിലും കൂടുതലാകാറുണ്ടെന്നത് വിപണി ശ്രദ്ധിക്കുന്ന കര്‍ഷകര്‍ക്ക് മനസ്സിലാകും. അധികച്ചെലവില്ലാതെതന്നെ നാലാംഗ്രേഡ്  ഷീറ്റുണ്ടാക്കാന്‍ താഴെപറയുന്ന കുറച്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

1. അരിക്കല്‍: തോട്ടത്തില്‍നിന്ന് നല്ല വൃത്തിയുള്ളപാത്രങ്ങളില്‍ ശേഖരിക്കുന്ന പാല്‍ നന്നായി അരിച്ച് അതിലെ മാലിന്യം നീക്കംചെയ്യണം. 40 മെഷ് (ഒരിഞ്ച് നീളത്തില്‍ 40 ദ്വാരങ്ങളുള്ളത് ) അരിപ്പ ഉപയോഗിച്ച് അരിച്ചാല്‍ മതി.

2.നേര്‍പ്പിക്കല്‍: മരത്തില്‍നിന്നു കിട്ടുന്ന റബ്ബര്‍പാലില്‍ 30-40 ശതമാനം ഉണക്കറബ്ബര്‍ ഉണ്ടാകും.  അരിച്ചെടുത്ത പാലിലെ ഉണക്കറബ്ബറിന്റെ അംശം ഏകദേശം 12.5 ശതമാനം ആകത്തക്കരീതിയില്‍ തെളിഞ്ഞ വെള്ളമുപയോഗിച്ച് നേര്‍പ്പിക്കണം. ഇതിനായി പാലില്‍, കൊഴുപ്പ് കുറവുള്ളസമയത്ത് തുല്യഅളവിലും  ഇടത്തരംകൊഴുപ്പുള്ള സമയത്ത് ഒന്നരഇരട്ടിയും കൂടുതല്‍കൊഴുപ്പുള്ള സമയത്ത് രണ്ടിരട്ടിയും വെള്ളംചേര്‍ക്കണം.

3. നേര്‍പ്പിച്ചെടുത്തപാല്‍  വൃത്തിയായി കഴുകിയ ഡിഷുകളില്‍ നാലുലിറ്റര്‍വീതം ഒഴിക്കുക. ഇത് ഉറകൂട്ടി അടിച്ചെടുത്ത്  ഉണങ്ങുമ്പോള്‍ ഏകദേശം 500 ഗ്രാം തൂക്കമുള്ള ഷീറ്റുകിട്ടും.

4.ഉറകൂട്ടല്‍: ഫോര്‍മിക്ആസിഡ് 85 ശതമാനം വീര്യമുള്ളത് വാങ്ങി നൂറിരട്ടി വെള്ളംചേര്‍ത്ത് നേര്‍പ്പിക്കണം (അതായത് 100 മി.ലി.ആസിഡ് 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍). ഇങ്ങനെ നേര്‍പ്പിച്ച ആസിഡ് അന്നുതന്നെ അടിക്കുന്ന ഷീറ്റിന് 225 മുതല്‍ 250 വരെ മില്ലിലിറ്റര്‍വീതവും പിറ്റേന്നാണ് അടിക്കുന്നതെങ്കില്‍ 150 മുതല്‍ 200 വരെ മില്ലിലിറ്റര്‍ വീതവും ഡിഷിലേക്ക് തൂകി ഒഴിച്ച് നന്നായി ഇളക്കിചേര്‍ക്കണം. ആസിഡ് കുറഞ്ഞാല്‍ ഉറകൂടില്ല. കൂടിപ്പോയാല്‍ ഷീറ്റിന് ഒട്ടല്‍ ഉണ്ടാകുകയും ചെയ്യും.

5. ഡിഷുകളില്‍ പാലൊഴിച്ച് ആസിഡ് ചേര്‍ത്തിളക്കിയശേഷം ഉറകൂടാനായി നല്ലനിരപ്പായ സ്ഥലത്ത്  അടുക്കിവെക്കണം. ഡിഷിന്റെ അടിഭാഗത്തുള്ള പൊടിയും മാലിന്യവും തൂത്തുവൃത്തിയാക്കിയശേഷം  ഒന്നിനുമുകളിലൊന്നായി അടുക്കിവെക്കാം. പുറമേനിന്ന് പൊടിവീഴാതിരിക്കാനൊരു പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടുന്നത് നന്നായിരിക്കും.

6. ഉറകൂട്ടിയ പാല്‍ക്കട്ടി റോളറില്‍ അടിച്ചെടുത്തശേഷം ശുദ്ധജലത്തില്‍ നന്നായി കഴുകണം. ഷീറ്റില്‍ പൂപ്പല്‍ പിടിക്കാതിരിക്കാന്‍ പാരാനൈട്രോഫിനോള്‍ പി.എന്‍.പി. കലര്‍ത്തിയ വെള്ളത്തില്‍ 10 മിനിറ്റ് മുക്കിയിടുക. 500 ഗ്രാമിന്റെ 10ഷീറ്റു മുക്കാന്‍ 10 ലിറ്റര്‍ വെള്ളത്തില്‍ 5 ഗ്രാം (ഒരു കിലോ ഉണക്കറബ്ബറിന് ഒരുഗ്രാം എന്നകണക്കില്‍ )പി.എന്‍.പി. ചേര്‍ത്താല്‍മതി.

7. ഈ ഷീറ്റുകള്‍ തണലിലിട്ട് വെള്ളം വാര്‍ന്നുപോയശേഷം അന്നുതന്നെ പുകപ്പുരയിലോ ചിമ്മിനിക്കുള്ളിലോ ഇട്ട് പുക കൊള്ളിക്കണം. മൂന്നുനാല് ദിവസംകൊണ്ട് ഷീറ്റുണങ്ങിക്കിട്ടും. കൂടുതല്‍സമയം വെയിലത്തിട്ടശേഷം പുകപ്പുരയില്‍ ഇട്ടാല്‍ ഉണങ്ങാന്‍ താമസിക്കും.

8. ഷീറ്റിന്റെ തൂക്കം 500ഗ്രാമില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. തൂക്കം കൂടിയാല്‍ ഉണങ്ങാന്‍ താമസിക്കും. ഇന്ധനച്ചെലവും പണിക്കൂലിയും കൂടും.

(കൂടുല്‍വിവരങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡ് കോള്‍സെന്റര്‍ ഫോണ്‍: 0481 257 66 22).