അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ (ആര്‍.എ.ആര്‍.എസ്.) മേല്‍ത്തരം കുരുമുളക് വള്ളികള്‍ വില്‍പ്പനയ്ക്ക് തയ്യാറായി. പന്നിയൂര്‍, കരിമുണ്ട, കല്ലുവള്ളി ഇനങ്ങളില്‍ രണ്ടുലക്ഷത്തോളം തൈകളാണ് വില്‍പ്പനയ്ക്കുള്ളത്. വള്ളിയൊന്നിന് പത്തുരൂപ നിരക്കില്‍ വെള്ളിയാഴ്ച മുതല്‍ ലഭിക്കും.

മുന്‍വര്‍ഷങ്ങളില്‍ വള്ളിയുത്പാദനം നിര്‍ത്തിവെച്ചത് ജില്ലയിലെ കുരുമുളക് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. പ്രളയത്തില്‍ തകര്‍ന്ന തോട്ടങ്ങളില്‍ പുതിയ വള്ളികള്‍ നടാന്‍ മറുനാട്ടില്‍ നിന്നെത്തിക്കേണ്ടിവന്നു. ഗുണമേന്മ തീരെയില്ലാത്ത വള്ളികളില്‍ പലതും ഉണങ്ങിപ്പോയി. കാലാവസ്ഥാ മാറ്റം കാരണം വലിയ പ്രതിസന്ധിയിലായ കുരുമുളക് കര്‍ഷകര്‍ക്ക് പ്രതീക്ഷയായാണ് ആര്‍.എ.ആര്‍.എസില്‍ കുരുമുളക് വള്ളികള്‍ തയ്യാറായിരിക്കുന്നത്.

ജൈവരീതിയില്‍ പരിപാലിച്ചെടുത്ത നാലിനമാണുള്ളത്. ആവശ്യക്കാരേറെയുള്ള പന്നിയൂര്‍-ഒന്ന്, രണ്ട്, കരിമുണ്ട, കല്ലുവള്ളി എന്നിവയുടെ വള്ളികള്‍ കേന്ദ്രത്തിന്റെ സ്റ്റാളില്‍ ലഭിക്കും. കര്‍ഷകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഇത്തവണ കൂടുതല്‍ കുരുമുളക് വള്ളികള്‍ തയ്യാറാക്കിയതെന്ന് ഡോ. ശ്രീറാം വിഷ്ണു പറഞ്ഞു.

ചാണകവും ജൈവവളവും ഉപയോഗിച്ച് ഒരുവര്‍ഷത്തോളം പരിചരിച്ചതാണ് വള്ളികള്‍. രോഗപ്രതിരോധശേഷിയും കരുത്തുമുള്ളതാണ് മേന്മ. വെള്ളിയാഴ്ച മുതല്‍ കേന്ദ്രത്തിന്റെ വില്‍പ്പനകേന്ദ്രത്തില്‍ പണമടച്ച് വള്ളികള്‍ വാങ്ങാം. ആനപ്പാറ റെസ്റ്റ് ഹൗസിനടുത്തുള്ള പോളി ഹൗസിലാണ് വള്ളികള്‍ സൂക്ഷിച്ചിരിക്കുന്നത്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി വയനാട്ടിലെ കൃഷിഭവനുകള്‍ക്കായി ഒന്നരലക്ഷം തൈകളും ഉത്പാദിപ്പിച്ചിട്ടുണ്ട്. ഫോണ്‍: 04936 260561.

Content Highlights: Pepper vines are ready at the Ambalavayal Agricultural Research Center