മട്ടാഞ്ചേരി: ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് കുറഞ്ഞ വില നിശ്ചയിച്ചതോടെ കുരുമുളക് വില കുതിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ കിലോഗ്രാമിന് 31 രൂപയാണ് കൂടിയത്. അണ്‍ഗാര്‍ബിള്‍ഡ് മുളകിന് 412 രൂപയാണ് ബുധനാഴ്ചയിലെ വില. ഗാര്‍ബിള്‍ഡിന് 432 രൂപയും. ഇറക്കുമതി മുളകിന് കിലോയ്ക്ക് 500 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ കുറഞ്ഞ വില നിശ്ചയിച്ചിട്ടുളളത്. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ കച്ചവടം കാര്യമായി നടന്നിട്ടില്ലെന്ന് കൊച്ചിയിലെ കച്ചവടസമൂഹം പറയുന്നു. 

വില ഇനിയും കൂടുമെന്ന പ്രതീക്ഷയുള്ളതിനാല്‍ കര്‍ഷകര്‍ ചരക്ക് കരുതിവയ്ക്കുന്നതാണ് ഇതിന് കാരണമെന്നും കച്ചവടക്കാര്‍ പറയുന്നു. ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നേരത്തെ ഇറക്കുമതി ചെയ്ത മുളകിന്റെ കച്ചവടമാണ് ഇപ്പോള്‍ നടക്കുന്നത്. കുറഞ്ഞ വില നിശ്ചയിച്ചതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞിട്ടുണ്ട്.