മണ്ണിന്റെ സ്വാഭാവിക ഘടനയെ തകര്‍ത്തെറിഞ്ഞാണ് ഇക്കുറി കാലവര്‍ഷം പെയ്‌തൊഴിഞ്ഞത്. വേരുകള്‍ ദുര്‍ബലമായ കുരുമുളകും നെല്ലുമടക്കമുള്ള വിളകള്‍ക്ക് കഷ്ടകാലമായിരുന്നു മഴക്കാലം. നിര്‍ത്താതെ പെയ്ത മഴ ഏറ്റവുമധികം ബാധിച്ചത് കുരുമുളക് വള്ളികളെയാണ്. ഇലകള്‍ പഴുത്തും വള്ളികള്‍ കരിഞ്ഞും കുരുമുളക് കൃഷി പാടേ നശിച്ചപ്പോള്‍ കര്‍ഷകര്‍ക്കുണ്ടായത് വലിയ നഷ്ടമാണ്. ഇടക്കാലത്തെ മാന്ദ്യത്തില്‍ നിന്ന് കരകയറിക്കൊണ്ടിരുന്ന കറുത്തപൊന്നിനെ വീണ്ടും നിലയില്ലാക്കയത്തിലേക്ക് തള്ളിയിട്ടാണ് ഇടവപ്പാതി പിന്‍വാങ്ങിയത്. ജില്ലയില്‍ കുരുമുളക് കൃഷിയില്‍ 90 ശതമാനം കുറവുണ്ടായതായി വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. അവശേഷിച്ച പത്തുശതമാനം പേര്‍ തങ്ങളുടേതായ രീതികള്‍ അവലംബിച്ചാണ് അതിവര്‍ഷത്തെ അതിജീവിച്ചത്.

ശക്തമായ മഴയില്‍ വള്ളികള്‍ വ്യാപകമായി ചീഞ്ഞുപോയപ്പോള്‍ പിടിച്ചുനില്‍ക്കാനായത് വ്യത്യസ്തമായ രീതിയില്‍ കുരുമുളക് വള്ളികളെ പരിപാലിച്ചവര്‍ക്കാണ്. അക്കൂട്ടത്തിലൊരാളാണ് വാഴവറ്റ ശ്രീധരീയം സൗഭദ്രയിലെ ആന്റണി വൈദ്യര്‍. വള്ളികള്‍ക്ക് വളരാന്‍ പ്രത്യേക അറകള്‍ ഒരുക്കിയും ഇരുമ്പുവലകൊണ്ട് താങ്ങുകാലൊരുക്കിയുമാണ് പുതിയ കൃഷിരീതി ഇദ്ദേഹം രൂപകല്പന ചെയ്തത്. ജൈവരീതിയില്‍ കൃഷിചെയ്ത ഇരുപതിനം കുരുമുളകാണ് അതിവര്‍ഷം അനുകൂലമാക്കി നല്ല വിളവ് നല്‍കിയിരിക്കുന്നത്.

ഒരോ ചുവടിനും പ്രത്യേകം അറകള്‍

ശക്തമായ മഴയില്‍ മേല്‍മണ്ണ് ഒലിച്ചുപോയതാണ് ഒട്ടുമിക്ക കൃഷിയിടങ്ങളും നാമാവശേഷമാകാന്‍ കാരണമെന്ന് ആന്റണി വൈദ്യര്‍ പറയുന്നു. ഈ പ്രതിഭാസത്തില്‍നിന്ന് രക്ഷനേടാനായത് പ്രത്യേകം അറകള്‍ നിര്‍മിച്ച് വള്ളികള്‍ അതിനുള്ളില്‍ നട്ടതിനാലാണ്. രണ്ടടി ഉയരത്തിലും നാലടി വിസ്തൃതിയിലുമുള്ള അറകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഉമിയും ചാണകവും മണ്ണും ചേര്‍ത്ത് അറകള്‍ നിറക്കുന്നു. താങ്ങുകാലായി ഇരുമ്പുവല സ്ഥാപിക്കുന്നു. ഇതിനു പുറത്താണ് കുരുമുളക് വള്ളികള്‍ നടുന്നത്. രണ്ടടിയോളം ഉയരത്തില്‍ വളരുന്നതിനാല്‍ നീര്‍വാര്‍ച്ച ഉറപ്പാക്കാന്‍ സാധിക്കുന്നു. രണ്ടാഴ്ച കൂടുമ്പോള്‍ കടലപ്പിണ്ണാക്കും ചാണകവും ചേര്‍ത്ത ലായനി ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നു. എത്ര തോതില്‍ മഴപെയ്താലും വെള്ളം മണ്ണിന്റെ അടിത്തട്ടിലേക്ക് വലിച്ചെടുക്കുന്ന തരത്തിലാണ് അറകളുടെ നിര്‍മിതി.

താങ്ങുകാല്‍ ഇരുമ്പുവലകൊണ്ട്

pepper
താങ്ങുകാല്‍ ഒരുക്കുന്ന
ആദ്യഘട്ടം

താങ്ങുകാലുകള്‍ക്ക് രോഗം ബാധിച്ച് വള്ളികള്‍ നിലംപൊത്തുന്നത് വയനാട്ടിലെ സ്ഥിരം കാഴ്ചയാണ്. ഇതിന് പരിഹാരമായാണ് ഇരുമ്പുവലകള്‍ കൊണ്ട് താങ്ങുകാലൊരുക്കിയത്. മണ്ണൊരുക്കിയതിന് ശേഷം ഇരുമ്പുവല സ്ഥാപിച്ച് അതിനുള്ളില്‍ അടയ്ക്കാ ചകിരി നിറയ്ക്കുന്നു. ശേഷമാണ് കുരുമുളക് വള്ളികള്‍ നടുന്നത്. വെള്ളത്തിന്റെ സാന്നിധ്യത്തില്‍ ചീര്‍ത്തുവരുന്ന അടയ്ക്കാചകിരികള്‍ വള്ളികള്‍ക്ക് കരുത്തുപകരും. ഈ ചകിരിയിലേക്ക് പറ്റിപ്പിടിച്ചാണ് വള്ളികള്‍ വളരുന്നത്. 10 അടി ഉയരത്തില്‍ വളര്‍ത്തുന്നതിനാല്‍ പരിപാലിക്കാനും വിളവെടുക്കാനും എളുപ്പം. തോട്ടങ്ങളില്‍ പരിപാലിക്കുന്നതിനേക്കാള്‍ എളുപ്പവും ഉത്പാദനം കൂട്ടാനും ഈ രീതി ഉപകരിക്കുമെന്ന് ആന്റണി വൈദ്യന്‍ അവകാശപ്പെടുന്നു.

സ്ഥലപരിമിതിയിലും കൂടുതല്‍ വിളവ്

pepper plant

ഉപയോഗശൂന്യമായ ടയറിനുള്ളില്‍
വളരുന്ന കുരുമുളക് വള്ളി

മലബാര്‍, ശക്തി, തെക്കന്‍ തുടങ്ങി ഇരുപതിനം കുരുമുളകാണ് ആന്റണി വൈദ്യര്‍ പരിപാലിക്കുന്നത്. രണ്ടുവര്‍ഷം മുന്‍പ് നട്ട 37 വള്ളികളില്‍നിന്ന് ഇക്കുറി രണ്ടു ക്വിന്റല്‍ കുരുമുളക് പ്രതീക്ഷിക്കുന്നു. നാലാംവഷര്‍ത്തില്‍ നാലു ക്വിന്റല്‍ വരെ വിളവ് ലഭിക്കും. വാഴവറ്റയിലെ ഇദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന 34 സെന്റിലാണ് ഇത്രയും വള്ളികള്‍ പരിപാലിക്കുന്നത്.

ടാര്‍വീപ്പയും ടയറും പാഴാക്കണ്ട

കോണ്‍ക്രീറ്റ് കൊണ്ട് അറകള്‍ നിര്‍മിക്കാന്‍ ചെലവ് കൂടുതലാണെന്ന് തോന്നുന്നെങ്കില്‍ അതിനും പോംവഴിയുണ്ട്. ചെറിയ വിലക്ക് കിട്ടുന്ന ടാര്‍വീപ്പയും ടയറും ഉപയോഗിച്ച് കുരുമുളക് വളര്‍ത്താം. കാലിയായ ടാര്‍ വീപ്പയുടെ അടിവശം തുറന്നശേഷം വള്ളികള്‍ നടാം. ഇരുമ്പുപൈപ്പില്‍ നൈലോണ്‍ വല ചുറ്റി താങ്ങുകാലുകള്‍ ക്രമീകരിക്കാം. ഉപയോഗശൂന്യമായ ടയറുകള്‍ നാലെണ്ണം അടുക്കായി വെച്ച് അതിനുള്ളിലും വള്ളികള്‍ നടാം. ടയറിന് ഉള്‍വശത്ത് സംഭരിച്ചുവെക്കുന്ന വെള്ളം വളര്‍ച്ചയ്ക്ക് സഹായിക്കും. ഈ രണ്ട് മാതൃകകളും ഇവിടെ വിജയകരമായി പരീക്ഷിച്ചിരിക്കുന്നു. രാസവളവും കീടനാശിനിയും ഉപയോഗിക്കാത്ത കൃഷിയിടമാണിത്. തൂമ്പകൊണ്ട് ചുവടിളക്കാതിരിക്കുകയും കീടനാശിനി പ്രയോഗിക്കാതിരിക്കുകയും ചെയ്താല്‍ കുരുമുളക് കര്‍ഷകര്‍ക്ക് ഇനിയും മടങ്ങിവരവ് സാധ്യമാണെന്ന് അദ്ദേഹം പറയുന്നു.

Content highlights : Agriculture, Organic farming, Pepper