ഉദയഗിരി പഞ്ചായത്തിലെ വെള്ളാട്ടു കൊല്ലി തീര്‍ത്തും ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശമാണ്. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലം. ജീപ്പ് പോലുള്ള വാഹനങ്ങളേ ഇവിടെയെത്തൂ. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ഇവിടെ കാര്‍ഷികമേഖലയില്‍ അപൂര്‍വ കണ്ടുപിടിത്തങ്ങള്‍ നടത്തുകയാണ് മാത്യു പെരുമ്പള്ളിക്കുന്നേല്‍ എന്ന യുവാവ്. സ്വന്തമായുള്ള നാലേക്കര്‍ മണ്ണ് പരീക്ഷണശാലയാക്കി വിജയം നേടുകയാണ് ഇദ്ദേഹം. നേട്ടങ്ങള്‍ നിരവധിയാണെങ്കിലും അര്‍ഹിക്കുന്ന അംഗീകാരം മാത്യുവിനെ തേടിയെത്തിയില്ല. കൃഷിയിടം സമ്മിശ്ര കൃഷിക്കായാണ് പ്രയോജനപ്പെടുത്തുന്നത്. തെങ്ങ്, കവുങ്ങ്, റബ്ബര്‍, കുരുമുളക് എന്നിവയാണ് പ്രധാന നാണ്യവിളകള്‍.kazhcha

കുരുമുളക് കൃഷിയിലാണ് മാത്യു കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിയത്. പുതുതായി അഞ്ചിനം കുരുമുളക് ചെടികള്‍ വികസിപ്പിച്ചെടുത്തു. വി 1, വി 2,വി 3, വി 4,വി 5, എന്ന പേരുകളാണ് അവയ്ക്ക് നല്‍കിയത്. വി എന്നത്  വെള്ളാട്ടുകൊല്ലി എന്ന സ്ഥലപ്പേരിന്റെ ചുരുക്കം.

പന്നിയൂര്‍ ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത എട്ടിനങ്ങള്‍ക്കുപുറമെ 20 തരത്തിലുള്ള കുരുമുളക് വള്ളികള്‍ മാത്യുവിന്റെ കൃഷിയിടത്തിലുണ്ട്. പഴയ നാടന്‍ ഇനങ്ങളായ വാലന്‍കൊട്ട, അറകുളന്‍, കരിമുണ്ട, പൂഞ്ഞാര്‍ എന്നിവ തോട്ടത്തില്‍ സുരക്ഷിതമാണ്. ഇതിനുപുറമെ കരിമുണ്ടയുടെ വകഭേദങ്ങളായ സിയോണ്‍ മുണ്ടി, കൈരളി, പഞ്ചമി, ശക്തി കരിമുണ്ട, വിജയ്, മുന്തിരിക്കുല പോലെ തിരികളുള്ള തെക്കന്‍ കൊടി എന്നിവയുമുണ്ട്. സ്വന്തമായി വികസിപ്പിച്ചെടുത്ത തൈകള്‍ ഗ്രാഫ്റ്റ് ചെയ്യാന്‍ മാതൃചെടിയായെടുക്കുന്നത് തിപ്പലിയാണ്.

ഒരേ തായ്ച്ചെടിയില്‍ നാലുതരം കുരുമുളകുണ്ടാകുന്ന ഇനമാണ് മാത്യുവിന്റെ മാസ്റ്റര്‍പീസ് കണ്ടുപിടിത്തം. സ്വാഭാവികമായി പരാഗണം നടത്തിയും ഗ്രാഫ്റ്റ് ചെയ്തുമാണ് പുതിയ ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നത്. സ്ഥലം വനത്തോട് അതിരിടുന്നതും റബ്ബര്‍ മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്നതും കുരുമുളകിന്റെ വളര്‍ച്ചയ്ക്ക് പ്രയാസമാകുന്നുവെന്ന് കണ്ടാണ് മാത്യു പുതിയ പരീക്ഷണങ്ങള്‍ക്കിറങ്ങിയത്. ഏതു വൃക്ഷത്തണലിലും വളരുന്നവയാണ് വി ഇനങ്ങള്‍. നല്ല വിളവും ലഭിക്കും.

മരച്ചീനിയില്‍ വികസിപ്പിച്ചെടുത്ത ഇനം അദ്ഭുതകരമായ വിളവാണ് നല്‍കിയത്. ചുള്ളിക്കപ്പയുടെ തണ്ടില്‍ തണല്‍ കപ്പയുടെ ബഡ്ഡ് ചേര്‍ത്തുണ്ടാക്കിയ ഇനത്തില്‍നിന്ന് 75 കിലോ കപ്പ കിട്ടി. രണ്ടു മീറ്റര്‍ നീളത്തില്‍ പത്ത് കിലോ ഭാരമുണ്ടായിരുന്നു ഓരോ കിഴങ്ങിനും. വിശാലമായ കൂടവും നല്ല മണ്ണുമാണെങ്കില്‍ ഒരു ക്വിന്റല്‍ വിളവ് ലഭിക്കുമെന്ന് മാത്യു പറയുന്നു.

വൈവിധ്യമാര്‍ന്ന ഫലവൃക്ഷങ്ങളും ചെടികളും പറമ്പിലുണ്ട്. ഊദ് തുടങ്ങിയ ഔഷധമരങ്ങളുമുണ്ട്. ചൂരല്‍ ഉള്‍പ്പെടെ മുളവര്‍ഗ ചെടികളും ധാരാളം. കര്‍ണാടക വനത്തോടുചേര്‍ന്ന ഇവിടെ വന്യമൃഗശല്യം രൂക്ഷമാണ്. ഏതാനും ദിവസം മുമ്പ് മാത്യുവിന്റെ പശുക്കിടാവിനെയും പട്ടിയേയും കടുവ പിടിച്ചുകൊണ്ടുപോയി.

 പത്താം തരം മാത്രം വിദ്യാഭ്യാസമുള്ള മാത്യുവിന് കാര്‍ഷികരംഗത്തെ കണ്ടുപിടിത്തങ്ങള്‍ക്ക് അധികൃതരില്‍നിന്ന് ഒരംഗീകാരവും ലഭിച്ചിട്ടില്ല. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും  ഭാര്യ ആന്‍സി തുണ്ടിയില്‍ കൂട്ടിനുണ്ട്. മകള്‍ മംഗളൂരുവില്‍ നഴ്സാണ്.