ര്‍ഷം മുഴുവന്‍ അടയ്ക്കയ്ക്കു നല്ലവില കിട്ടിയതിനാല്‍ കമുക് കൃഷിയില്‍ കര്‍ഷകര്‍ക്ക് താത്പര്യമേറുന്നു. കര്‍ഷകരെ സഹായിക്കാന്‍ കോഴിക്കോട് കേന്ദ്രമായുള്ള അടയ്ക്ക, സുഗന്ധവിള വികസന ഡയറക്ടറേറ്റ് പദ്ധതികള്‍ ആവിഷ്‌കരിച്ചു. കീട-കുമിള്‍ രോഗ, വേരുചീയല്‍ നിയന്ത്രണം, കുള്ളന്‍ കമുകിനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, ഇടവിളയായി തോട്ടങ്ങളില്‍ കമുകുകൃഷി പ്രോത്സാഹനം, കുമിള്‍ നാശിനികള്‍ ഉപയോഗിക്കാന്‍ ക്‌ളാസുകള്‍ എന്നിവയാണ് പുതിയ പദ്ധതികള്‍.

കോവിഡില്‍ മറ്റു വിളകള്‍ തളര്‍ന്നപ്പോഴും അടയ്ക്കവിപണി പിടിച്ചുനിന്നിരുന്നു. കിലോഗ്രാമിന് 440 രൂപയെന്ന റെക്കോഡ് വിലയും ലഭിച്ചു. ഇപ്പോള്‍ 320 രൂപയുണ്ട്. ഇതാണ് കര്‍ഷകര്‍ക്ക് കമുകുകൃഷിയില്‍ താത്പര്യം കൂടാന്‍ കാരണം. അടയ്ക്ക പറിച്ചെടുക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഉയരംകുറഞ്ഞ കമുകിനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്.

ഇടവിളയായി കമുകുകൃഷി സാധ്യമാക്കാനാണ് കാസര്‍കോട് തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ ഡയറക്ടറേറ്റ് പദ്ധതികള്‍ തയ്യാറാക്കുന്നത്. ഇതോടൊപ്പം, വിവിധ പ്രദര്‍ശനങ്ങളിലൂടെ കീട-കുമിള്‍ നിയന്ത്രണത്തെക്കുറിച്ചും കര്‍ഷകരെ ബോധവത്കരിക്കും.

സി.പി.സി.ആര്‍.എ. വികസിപ്പിച്ച കുള്ളന്‍ ഇനങ്ങള്‍ക്ക് ഉത്പാദനശേഷിയും കൂടുതലാണ്. വീട്ടുമുറ്റത്തുപോലും ഇവ കൃഷിചെയ്യാം. 100 ശതമാനം ഇറക്കുമതിച്ചുങ്കമേര്‍പ്പെടുത്തിയും ബി.ഐ.എസ്. ഗുണനിലവാരമില്ലാത്ത അടയ്ക്കയുടെ ഇറക്കുമതി നിരോധിച്ചും 251 രൂപയെങ്കിലും വിലയില്ലാത്ത അടയ്ക്ക ഇറക്കുമതി ചെയ്യാനാവാത്ത സാഹചര്യമുണ്ടാക്കിയും കേന്ദ്രസര്‍ക്കാരും കൃഷിയെ പരോക്ഷമായി സഹായിക്കുന്നു.

അടയ്ക്ക

  • ഇന്ത്യയിലെ വാര്‍ഷിക ഉത്പാദനം- 13.5 ലക്ഷം ടണ്‍. കേരളത്തില്‍-0.63 ലക്ഷം ടണ്‍.
  • കേരളത്തിലെ കൃഷി-0.95 ലക്ഷം ഹെക്ടര്‍.
  • പ്രധാന ഉത്പാദന സംസ്ഥാനങ്ങള്‍- കര്‍ണാടകം, കേരളം, അസം.

ഇടവിളയാക്കാം

ഏകവിള കൃഷിയെക്കാള്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് നല്ലത് ഇടവിളയാക്കുന്നതാണ്. അടയ്ക്ക, സുഗന്ധവിള വികസന ഡയറക്ടറേറ്റ് എല്ലാ കൃഷി പ്രോത്സാഹന-വികസന നടപടികളും സ്വീകരിക്കുന്നുണ്ട്. -ഡോ. ഹോമി ചെറിയാന്‍, ഡയറക്ടര്‍, അടയ്ക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റ്, കോഴിക്കോട്

Content Highlights: New Projects to increase production of Arecanut