മാവിന് ജൈവവളങ്ങള്‍ നല്‍കുന്നതാണ് വളര്‍ച്ചയ്ക്ക് അനുയോജ്യം. മണ്ണിര കമ്പോസ്റ്റ്, പഞ്ചഗവ്യം എന്നിവ നല്‍കിയാല്‍ മാവ് പെട്ടെന്ന് കായ്ക്കും. മണ്ണിര കമ്പോസ്റ്റ് മരമൊന്നിന് 10 കി.ഗ്രാം എന്ന തോതിലും പഞ്ചഗവ്യം മരമൊന്നിന് 30 ലിറ്റര്‍ എന്ന തോതിലുമാണ് വര്‍ഷം തോറും നല്‍കേണ്ടത്. 

mangoപഞ്ചഗവ്യം എങ്ങനെ തയ്യാറാക്കാം

മൂന്ന് കിലോ പച്ചച്ചാണകം,ഒരു ലിറ്റര്‍ പശുവിന്‍ നെയ്യ് എന്നിവ പ്ലാസ്റ്റിക്, തടി അല്ലെങ്കില്‍ സിമന്റ്  പാത്രങ്ങളിലേതെങ്കിലും ഇട്ട് നന്നായി ഇളക്കിചേര്‍ക്കുക. 3-4 ദിവസം ഇത് തുടരണം. ഇതിലേക്ക് 3 ലിറ്റര്‍ പശുവിന്‍ പാല്‍, 2 ലിറ്റര്‍ തൈര്, 3 ലിറ്റര്‍ കരിമ്പിന്‍ നീര് , 3 ലിറ്റര്‍ കരിക്കിന്‍ വെള്ളം , 10-12 പാളയന്‍കോടന്‍ പഴം എന്നിവ ചേര്‍ക്കുക. വായു കടക്കാതെ പാത്രം കൊണ്ടുമൂടണം. ഇതാണ് പഞ്ചഗവ്യം. ഇത് ഒരു ലിറ്റര്‍, 30 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി മരത്തില്‍ തളിക്കാം. ചുവട്ടിലൊഴിച്ചും കൊടുക്കാം. പൂവിടുന്നതിന് തൊട്ടുമുമ്പ് (ജനുവരി, മാര്‍ച്ച് ) തളിച്ചാല്‍ നന്ന്.

മധുരം കിനിയും മാമ്പഴക്കാലം

നാലാമത്തെയോ അഞ്ചാമത്തെയോ വര്‍ഷം മുതല്‍ കായ്ച്ചുതുടങ്ങുന്നതാണ് ഒട്ടുമാവ്. നട്ടുവളര്‍ത്തി രണ്ടാമത്തെയോ മൂന്നാമത്തെയോ വര്‍ഷം മുതല്‍ പൂക്കാന്‍ തുടങ്ങുന്നവയുമുണ്ട്. അങ്ങനെയുള്ളവ കായ്ക്കാന്‍ അനുവദിക്കരുത്. പൂക്കള്‍ നശിപ്പിച്ചു കളയണം. മാവിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്യുന്നത്. ഒട്ടുമാവില്‍ നിന്ന് പത്തുമുതല്‍ 40 വര്‍ഷം വരെ വിളവ് പ്രതീക്ഷിക്കാം. അന്‍പത് വര്‍ഷം കഴിഞ്ഞാല്‍ കായ്പിടുത്തം കുറയും. കേരളത്തില്‍ ഫെബ്രുവരി- മാര്‍ച്ച് മാസത്തോടെ മാമ്പഴം കിട്ടിത്തുടങ്ങും. 

മാങ്ങ വിളവെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശരിയായി മൂത്ത മാങ്ങ പറിച്ചു പഴുപ്പിച്ചാലേ സ്വാദുണ്ടാകുകയുള്ളു. എന്നാല്‍ വിപണിയിലെത്തുന്ന മാമ്പഴം പലപ്പോഴും മൂപ്പെത്തുന്നതിനു മുമ്പ് തന്നെ പറിച്ച് കൃത്രിമമായി പഴുപ്പിച്ചെടുക്കുന്നവയാണ്. അതിനാല്‍ ഇതിന് സ്വാദും മണവും അല്‍പ്പം കുറവായിരിക്കും. മാങ്ങ നന്നായി വിളയുവോളം മാവില്‍ത്തന്നെ നിര്‍ത്തണം എന്നതും പ്രായോഗികമല്ല. 

നന്നായി വിളഞ്ഞ മാങ്ങ നമ്മുടെ കാലാവസ്ഥയില്‍ അഞ്ചുദിവസം കൊണ്ട് പഴുക്കും. വയ്‌ക്കോലിലും മറ്റും വെച്ച് പഴുപ്പിക്കുന്ന രീതി സാര്‍വത്രികമാണ്. മാങ്ങ കേടുകൂടാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. 42 ഡിഗ്രി-50 ഡിഗ്രി ഊഷ്മപരിധിയില്‍ 4 മുതല്‍ 8 ആഴ്ചവരെ മാങ്ങ കേടാകുകയില്ല. 

ഉപദ്രവകാരികളായ ഹോപ്പര്‍

മാമ്പൂവില്‍ നിന്നും പുതുമുകുളങ്ങളില്‍ നിന്നും നീരൂറ്റിക്കുടിച്ച് ഉണക്കിക്കളയുന്ന ഹോപ്പര്‍ പ്രാണികളുണ്ട്. ഇഡിയോസ്‌കോപ്പസ് ക്ലിപ്പിയാലിസ്, ഇഡിയോസ്‌കോപ്പസ് നിവിയോസ്‌പോറസ്,അമ്രിറ്റോഡ്‌സ് അറ്റ്കിന്‍സോണി തുടങ്ങിയവയാണവ. മാവിന് ഗണ്യമായ നാശം വരുത്തുന്ന മുഖ്യശത്രുക്കളില്‍ ഒന്നാണിത്. ഇതിന് ' ജാസിഡ്' എന്നും പേരുണ്ട്. പൂങ്കുല പാടേ കരിഞ്ഞുണങ്ങിയതുപോലെ നില്‍ക്കുന്നത് ഹോപ്പറിന്റെ ഉപദ്രവം രൂക്ഷമാകുമ്പോളാണ്. മാവ് പൂക്കുന്ന സമയത്താണ് ഹോപ്പറുകളുടെ എണ്ണം പെരുകുന്നത്. അന്തരീക്ഷം മേഘാവൃതമായിരിക്കുമ്പോള്‍ ഹോപ്പറിന്റെ എണ്ണം പെരുകും. ഹോപ്പറിന്റെ ശല്യം അധികമുള്ള മാവിന്‍ചുവട്ടില്‍ നോക്കിയാല്‍ ധാരാളം പൂക്കള്‍ കരിഞ്ഞു കിടക്കുന്നത് കാണാം. 

നിയന്ത്രണം

മാവ് പൂക്കുന്നതിനു മുമ്പ് തന്നെ ഹോപ്പറിന്റെ ഉപദ്രവം അകറ്റാനുള്ള വഴികള്‍ നോക്കണം. രണ്ടാഴ്ചയിടവിട്ട് 2 മില്ലിലിറ്റര്‍ മാലത്തിയോണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം . ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു മില്ലിലിറ്റര്‍ കഞ്ഞിവെള്ളം ചേര്‍ത്ത് തളിക്കുന്നത് ഹോപ്പര്‍ പ്രാണികളെ നിയന്ത്രിക്കാന്‍ സഹായിക്കും. മാവിന്‍ചുവട്ടില്‍ കരിയില കൂട്ടിയിട്ട് പുകയ്ക്കുന്നത് പ്രാണിശല്യം കുറയ്ക്കാന്‍ ഉപകരിക്കും. തളിരിലകള്‍ സംരക്ഷിക്കാന്‍ വേപ്പധിഷ്ഠിത കീടനാശിനികള്‍ 2 മില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തിയും തളിക്കാം.

ബാംഗ്ലോറ,ഹിമായുദ്ദീന്‍ എന്നീ ഇനം മാവുകളില്‍ ഹോപ്പറിന്റെ ഉപദ്രവം താരതമ്യേന കുറവുള്ളതായാണു കണ്ടുവരുന്നത്. മാവിന്‍തോട്ടത്തില്‍ മുതിര വിതയക്കുന്നത് തുള്ളന്‍ പ്രാണികളുടെ ശല്യത്തിന് പരിഹാരമാകും.

കടപ്പാട്: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ