കല്‍പ്പറ്റ:  കാപ്പി കൃഷി മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി ഒക്ടോബര്‍ ഒന്നിന് അന്താരാഷ്ട്ര കാപ്പിദിനാചരണം നടത്തപ്പെടുന്നു. കര്‍ഷകരും സംരംഭകരും തൊഴിലന്വേഷകരും അടുക്കളക്കാരികളുമായ സ്ത്രീകളെ കാപ്പിയുടെ ഉല്പാദനം മുതല്‍ ഉപയോഗം വരെ കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'സ്ത്രീകളും കാപ്പിയും' എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര കോഫി ദിനത്തിന്റെ വിഷയം.

കോഫി ബോര്‍ഡ്, വികാസ് പീഡിയ, കൃഷി ജാഗരണ്‍, അഗ്രിക്കള്‍ച്ചര്‍ വേള്‍ഡ്, തുടങ്ങിയവയുടെ സഹകരണത്തോടെ  നബാര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷികോല്‍പ്പാദന കമ്പനിയായ വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. തിങ്കളാഴ്ച  രാവിലെ പത്ത് മണി മുതല്‍ കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍  താല്‍പ്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം. 'സ്ത്രീകളും കാപ്പിയും' എന്ന വിഷയത്തില്‍ കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍  ഡോ.വിജയ ലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തും.  കഴിഞ്ഞ വര്‍ഷം കോഫി ബോര്‍ഡിന്റെ  'ഫ്ളേവര്‍ ഓഫ് ഇന്ത്യ ഫൈന്‍ കപ്' അവാര്‍ഡ് നേടിയ ചെറുകിട കാപ്പി കര്‍ഷക മാനന്തവാടി പുതിയിടം ജ്വാലിനി നേമചന്ദ്രന്‍ , ഒന്നര പതിറ്റാണ്ടായി കാപ്പിയില്‍ ചെറുകിട സംരംഭം നടത്തി വരുന്ന മക്കിയാട് പ്രണവം കോഫി സെന്ററിലെ മേച്ചിലാട്ട് എന്‍.കെ. രമാദേവി എന്നിവരെ ചടങ്ങില്‍ ആദരിക്കും.  

വേവിന്‍ പ്രൊഡ്യുസര്‍ കമ്പനി പുറത്തിറക്കിയ റോബസ്റ്റയും അറബിക്കയും ബ്ലെന്‍ഡ് ചെയ്ത ഫില്‍റ്റര്‍ കോഫിയായ വിന്‍കോഫിക്ക്  വിപണിയില്‍ നല്ല പ്രതികരണമാണെന്ന് ഇവര്‍ പറഞ്ഞു. വിവിധയിനം കാപ്പിയുടെ പ്രദര്‍ശനവും വ്യത്യസ്തയിനം കാപ്പി രുചിക്കാനുള്ള അവസരവും ഉണ്ടാകുമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത  കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ: കറുത്ത മണി, വേവിന്‍ കമ്പനി ചെയര്‍മാന്‍ എം.കെ. ദേവസ്യ, സി.ഇ.ഒ. കെ. രാജേഷ്, വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി.ഷിബു എന്നിവര്‍ പറഞ്ഞു. 

കടാശ്വാസം പദ്ധതികള്‍, വിള ഇന്‍ഷൂറന്‍സ്, ഗുണമേന്മ, രോഗ പ്രതിരോധ പരിചരണം, ആഭ്യന്തര വിദേശ വിപണി എന്നീ വിഷയങ്ങള്‍ കാപ്പി ദിനത്തില്‍ ചര്‍ച്ചാ വിഷയമാകും. കാപ്പി കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്ന നിവേദനത്തിനുള്ള ഒപ്പു ശേഖരത്തിനും അന്ന് തുടക്കം കുറിക്കും.

രജിസ്ട്രേഷന്  8943387378, 9539647273 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

 ജപ്പാന്‍ കോഫി അസോസിയേഷന്റെ നേതൃത്വത്തില്‍  1983 ല്‍ ആദ്യമായി ജപ്പാനില്‍ ദേശീയ കാപ്പിദിനം ആചരിച്ചു. ഇതോടെയാണ് കാപ്പിയെ പ്രോത്സാഹിപ്പിക്കുന്നതിന്  ശ്രദ്ധ ലഭിച്ചത്. 1997 ല്‍ ചൈനയില്‍ അന്തര്‍ദേശീയ കാപ്പിദിനം ആചരിക്കപ്പെട്ടു. 2005 നവംബര്‍ 17 ന് നേപ്പാളിലും 2006 ഓഗസ്റ്റ് 17 ന് ഇന്തോനേഷ്യയിലും ദേശീയ കാപ്പിദിനം ആഘോഷിച്ചു. ജര്‍മ്മനിയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബറിലെ ആദ്യ ശനിയാഴ്ചയാണ് കാപ്പിദിനം. എന്നാല്‍ കോസ്റ്റാറിക്കയില്‍ സെപ്റ്റംബര്‍ മാസത്തില്‍ രണ്ടാം വെള്ളിയാഴ്ചയാണ് കാപ്പിദിനം. 

അയര്‍ലന്റില്‍ സെപ്റ്റംബര്‍ 18, മംഗോളിയ സെപ്റ്റംബര്‍ 20, സ്വിറ്റ്‌സര്‍ലന്റ് സെപ്റ്റംബര്‍ 28 എന്നിങ്ങനെയാണ് കാപ്പിദിന പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നത്. ഓസ്‌ട്രേലിയ, കാനഡ, മലേഷ്യ തുടങ്ങി 24 രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 24 നാണ് ദേശീയ കാപ്പിദിനം.

ജപ്പാനിലും ശ്രീലങ്കയിലും ഒക്ടോബര്‍ 1 ന് ദേശീയതലത്തില്‍  കാപ്പിദിനം സംഘടിപ്പിച്ചു വരുന്നുണ്ടായിരുന്നു. 2014 മാര്‍ച്ച് 3 മുതല്‍ 7 വരെ മിലാനില്‍  ചേര്‍ന്ന ഇന്റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്റെ യോഗത്തിലാണ് 2015 മുതല്‍ ഒക്ടോബര്‍ 1 ന് ആഗോളതലത്തില്‍ കാപ്പിദിനം ആചരിക്കാന്‍ തീരുമാനം എടുത്തത്.

ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ ആഗോള കാപ്പിദിനാചരണ പരിപാടിയില്‍ ഓര്‍ഗനൈസേഷന്റെ 77 അംഗ രാജ്യങ്ങളും ഡസന്‍ കണക്കിന് കോഫി അസോസിയേഷനും പങ്കാളികളാകുന്നു. 

 2011 മുതല്‍ ന്യൂ ഇംഗ്ലണ്ട്  കോഫി ലവേഴ്‌സ് എന്ന സംഘടന ഓഗസ്റ്റ് മാസം ദേശീയ കാപ്പി മാസമായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്തിരുന്നു. ഇന്റര്‍ നാഷണല്‍ കോഫി ഓര്‍ഗനൈ സിയേഷന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ എല്ലാ രാജ്യങ്ങളിലും ഒക്ടോബര്‍ ഒന്ന് അന്താരാഷ്ട്ര കാപ്പി ദിനമായി ആചരിച്ചു വരുന്നത്. 

ഇന്ത്യയിലെ കാപ്പി ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം കര്‍ണ്ണാടകയാണ്. രാജ്യത്തെ 70 ശതമാനം കാപ്പിയും ഉത്പാദിപ്പിക്കുന്നതും  കര്‍ണ്ണാടകയാണ്. ഒരു ഹെക്ടറില്‍ 1000 കിലോഗ്രാം കാപ്പി ഉത്പാദിപ്പിക്കുന്ന ഈ സംസ്ഥാനത്ത് ഒരു വര്‍ഷം 2.33 ലക്ഷം മെട്രിക് ടണ്‍ കാപ്പിയാണ് വിളവെടുക്കുന്നത്. റോബസ്റ്റയാണ് കൃഷിയിലെ പ്രധാന ഇനം.

കര്‍ണ്ണാടക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം കേരളത്തിനാണ്. വയനാടും തിരുവിതാംകൂറുമാണ് പ്രധാന ഉത്പാദകര്‍. കേരളത്തിലെ 95 ശതമാനം കാപ്പിയും ഉത്പാദിപ്പിക്കുന്നത് വയനാട്ടിലാണ്. ഒരു ഹെക്ടറിലെ വിളവ് 790 കിലോ ഗ്രാമാണ്. ഒരു വര്‍ഷം  67700 മെട്രിക് ടണ്‍ കാപ്പിയാണ് വിളവെടുക്കുന്നത്. കേരളത്തിലെയും പ്രധാന കൃഷിയിനം റോബസ്റ്റ തന്നെയാണ്. 67462 ഹെക്ടര്‍ സ്ഥലത്താണ്  വയനാട്ടില്‍ കാപ്പികൃഷി . വയനാട്ടില്‍ നിലവില്‍ അറുപതിനായിരം കാപ്പി കര്‍ഷകരാണുള്ളത്.

coffee

ഇത്തവണ കനത്ത മഴയും പ്രളയവും കാരണം ഇരുപത്  ശതമാനം  മുതല്‍ മുപ്പത് ശതമാനം വരെ ഉല്പാദനം കുറയും. കാപ്പി കൃഷി മേഖല വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ നടക്കുന്ന കാപ്പി ദിനാഘോഷത്തിന്‍ കൂടുതല്‍ സമഗ്രമായ ചര്‍ച്ചകളും ഉണ്ടാകും. 24 ശതമാനത്തിന്റെ ഉല്പാദന കുറവാണ് ശരാശരി പ്രതീക്ഷിക്കുന്നതെന്ന് കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ: കറുത്ത മണി പറഞ്ഞു. കാപ്പി കര്‍ഷകരെ രക്ഷിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്ന്  കര്‍ഷകര്‍ ആവശ്യപ്പെട്ടു. 

കാപ്പി ഉത്പാദനത്തില്‍ മൂന്നാം സ്ഥാനം തമിഴ്‌നാടിനാണ്. അറബിക്ക, റോബസ്റ്റ ഇനത്തില്‍പ്പെട്ട കാപ്പികള്‍ കൃഷിചെയ്യുന്ന തമിഴ്‌നാട്ടില്‍ ഒരു വര്‍ഷം 17875 മെട്രിക് ടണ്‍ കാപ്പി ഉത്പാദിപ്പിക്കുന്നുണ്ട്.  കാപ്പിക്കുരു വിറ്റ് പണം നേടുക എന്നതിനുപരിയായി കാപ്പിയില്‍ നിന്നും കാപ്പിപ്പൊടി ഉത്പാദിപ്പിച്ച് വിപണനം ചെയ്യുക, റോസ്റ്റ് ചെയ്ത കാപ്പിക്കുരു വില്‍ക്കുക, റബ്ബറില്‍ ഇടവിളയായി കാപ്പി കൃഷി ചെയ്യുക തുടങ്ങിയ പരീക്ഷണങ്ങളിലൂടെയാണ് ഇന്നത്തെ തലമുറയിലെ കര്‍ഷകര്‍ മുന്നോട്ടു പോകുന്നത്.  ഗുണമേന്‍മയില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാതെ തയ്യാറാക്കുന്ന കാപ്പിക്കുരുവിനും പൊടിക്കും ആഭ്യന്തരവിപണിയിലെന്ന പോലെ വിദേശ വിപണിയിലും വന്‍ ഡിമാന്‍ഡാണുള്ളത്. ഇതു തിരിച്ചറിഞ്ഞ് ഏറ്റവും മികച്ച ഇനം കാപ്പി വിപണിയില്‍ ലഭ്യമാക്കാന്‍ മിക്ക കര്‍ഷകരും തന്നെ ശ്രമിക്കുന്നുണ്ട്. 

കേരളത്തിലെ കാപ്പി ഉത്പാദനത്തില്‍ മുന്നിലുള്ള വയനാട് വിദേശ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണെന്നതും കാപ്പിയുടെ  വിപണന സാധ്യത കൂട്ടുന്നുണ്ട്.  കാപ്പിയുടെ സാധ്യതകളെക്കുറിച്ച് ഇനിയും അറിഞ്ഞിട്ടില്ലാത്ത നിരവധി കര്‍ഷകരുണ്ട്. അവര്‍ക്കൊരു മുതല്‍ക്കൂട്ടുകൂടിയാണ് കോഫീ ഡേ ദിനാചരണം.  വേവിന്‍ പ്രൊഡ്യുസര്‍ കമ്പനി പുറത്തിറക്കിയ റോബസ്റ്റയും അറബിക്കയും  ബ്ലെന്‍ഡ് ചെയ്ത  ഫില്‍റ്റര്‍ കോഫിയായ വിന്‍കോഫിക്ക്  വിപണിയില്‍ നല്ല പ്രതികരണമാണ്.

Content highlights: Internationl Coffee day, Agriculture, Organic farming