റബ്ബര്‍ നട്ട് ആറേഴുവര്‍ഷം കാത്തിരുന്നാലേ അതില്‍നിന്നു ആദായം കിട്ടിത്തുടങ്ങുകയുള്ളു. അതുവരെ ഇടവിളകളില്‍ നിന്നുകിട്ടുന്ന ആദായമാണ് കര്‍ഷകര്‍ക്കൊരാശ്വാസം. നിലവിലുള്ള - നടീല്‍രീതിയില്‍ റബ്ബര്‍ നട്ട് മൂന്നുനാലുവര്‍ഷം മാത്രമേ പച്ചക്കറികള്‍, വാഴ, പൈനാപ്പിള്‍ മുതലായവ ഇടവിളയായി കൃഷി ചെയ്യാന്‍ കഴിയുകയുള്ളു. നാലാംവര്‍ഷം ആകുമ്പോഴേക്കും മരങ്ങളുടെ ഇലച്ചില്‍ കൂടുന്നതോടെ ഇടവിളകള്‍ക്ക് വേണ്ട്രത സൂര്യപ്രകാശം കിട്ടാതെ, വളര്‍ച്ചയും ആദായവും കുറയും. ഇതിനൊരു പരിഹാരമാണ് ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം, വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണ നിരീക്ഷണങ്ങള്‍ക്കുശേഷം അടുത്തിടെ ശുപാര്‍ശ ചെയ്തിരിക്കുന്ന പുതിയ നടീല്‍രീതി. തൈകളുടെ എണ്ണത്തില്‍ കാര്യമായ കുറവു വരുത്താതെ തന്നെ കൂടുതല്‍ കാലം ഇടവിളകള്‍ കൃഷിചെയ്യാമെന്നൊരു മേന്‍മകൂടി ഈ നടീല്‍രീതിക്കുണ്ട്.

ഇതില്‍ റബ്ബര്‍ നിരകളെ രണ്ടുനിരകള്‍ വീതമുള്ള ജോഡികളായി കണക്കാക്കുന്നു. ഓരോ ജോഡിയിലേയും രണ്ടുനിരകള്‍ തമ്മില്‍ 5 മീറ്ററും രണ്ടു ജോഡി നിരകള്‍ തമ്മില്‍ 9 മീറ്ററും അകലം നല്‍കണം. നിരകളിലെ തൈകള്‍ തമ്മില്‍ 3.2 മീറ്റര്‍ അകലമാണ് നല്‍കേണ്ടത്. ഈ രണ്ടു ജോഡി നിരകള്‍ക്കിടയില്‍ സൂര്യപ്രകാശം കൂടുതല്‍ കാലം ലഭ്യമായതിനാല്‍, ഇടവിളകള്‍ ദീര്‍ഘകാലം കൃഷി ചെയ്യാന്‍ പറ്റും. ഈ രീതിയില്‍ ഒരു ഹെക്ടറില്‍ 440 റബ്ബര്‍തൈകള്‍ നടാം.

കൂടുതല്‍ സൂര്യപ്രകാശം ആവശ്യമുള്ള പച്ചക്കറികള്‍, വാഴ മുതലായവ ആദ്യവര്‍ഷങ്ങളിലും ഭാഗികമായ സൂര്യപ്രകാശത്തിലും വളരുന്ന കിഴങ്ങുവര്‍ഗ്ഗത്തില്‍പെട്ട ചേന, ചേമ്പ്, കാച്ചില്‍ മുതലായവ പിന്നീടുള്ള വര്‍ഷങ്ങളിലും കൃഷിചെയ്യാം. സാധാരണ നടീല്‍രീതിയില്‍, റബ്ബര്‍ നട്ട് മൂന്നുവര്‍ഷം മാത്രമേ പൈനാപ്പിള്‍ പോലുള്ള ഇടവിളകളില്‍നിന്ന് ആദായകരമായി വിളവെടുക്കാന്‍ പറ്റൂ. എന്നാല്‍ പുതിയ നടീല്‍രീതിയില്‍ ഏഴുവര്‍ഷംവരെ പൈനാപ്പിള്‍ കൃഷിചെയ്ത് ആദായമെടുക്കാന്‍ കഴിയും.

ഈ നടീല്‍രീതിയില്‍ രണ്ടു ജോടി റബ്ബര്‍നിരകള്‍ക്കിടയില്‍ കൂടുതല്‍ സൂര്യപ്രകാശം കിട്ടുന്നതിനാല്‍ ഇവിടെ കൃഷിചെയ്യുന്ന ദീര്‍ഘകാലവിളകളായ കൊക്കൊ, കാപ്പി എന്നിവയില്‍നിന്നും താരതമ്യേന കൂടുതല്‍ ആദായം പ്രതീക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം (നമ്പര്‍ 0481 257 66 22).

Content highlights: Rubber, Cash crops, Agriculture

(കോട്ടയം റബ്ബര്‍ ബോര്‍ഡിലെ ഫാം ഓഫീസറാണ് ലേഖകന്‍)