കൊച്ചി: വിലകിട്ടാതെ നട്ടംതിരിയുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി ജി.എസ്.ടി.യും. റബ്ബര്‍പാല്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് ചിരട്ടയ്ക്ക് 18 ശതമാനം ജി.എസ്.ടി. ചുമത്താനുള്ള തീരുമാനമാണ് തിരിച്ചടിയായത്. കേരളത്തില്‍ നേരത്തേ ഇതിന് നികുതിയില്ലായിരുന്നു.

മുമ്പ് സ്വഭാവിക ചിരട്ടകളാണ് പാല്‍ ശേഖരിക്കാന്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇവയ്ക്ക് വില കൂടിയതും ആവശ്യത്തിന് കിട്ടാതായതോടെയുമാണ് പ്‌ളാസ്റ്റിക് ചിരട്ടകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. 

ജി.എസ്.ടി. നിബന്ധനകളില്‍ പ്ലാസ്റ്റിക് കപ്പുകളുടെ നികുതി സൂചിപ്പിച്ചിരുന്നില്ല.  കാര്‍ഷികോപകരണങ്ങളായ തൂമ്പ, മണ്‍വെട്ടി, കട്ടപ്പാര, കൈക്കോട്ട്, കരണ്ടി തുടങ്ങി വിവിധ സാധനങ്ങളെ നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റബ്ബര്‍പാല്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് ചിരട്ടകള്‍ ഇതില്‍ ഉള്‍പ്പെടാഞ്ഞതാണ് വിനയായിരിക്കുന്നത്.  

പ്ലാസ്റ്റിക് ചിരട്ട നിര്‍മാതാക്കള്‍ ഇക്കാര്യത്തില്‍ വ്യക്തതയ്ക്കായി അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍, വിജ്ഞാപനത്തില്‍ പ്രത്യേകം പറഞ്ഞിട്ടില്ലാത്തതിനാല്‍ നികുതിയുണ്ടാകില്ലെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞതെന്ന് സ്വകാര്യ സംരംഭകനായ ജോഷി ജോസഫ് പറഞ്ഞു. ഇതിനിടെയാണ് 18 ശതമാനം നികുതിയാവശ്യപ്പെട്ട് ജി.എസ്.ടി. വകുപ്പ് നോട്ടീസയച്ചിരിക്കുന്നത്.   

600 മില്ലീലിറ്റര്‍, 900 എം.എല്‍., 1500 എം.എല്‍.  വലുപ്പമുള്ള കപ്പുകള്‍ക്ക് ഒന്നരമുതല്‍ നാലുരൂപവരെ വിലയുണ്ട്. രണ്ടുരൂപയുടെ ചിരട്ട വാങ്ങുന്ന കര്‍ഷകന്‍ ഇനിമുതല്‍ ജി.എസ്.ടി. ഉള്‍പ്പെടെ 2.36 രൂപ നല്‍കണം. ഇത്തരം കപ്പുകള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനികളെല്ലാം കേരളത്തിലാണ്. ത്രിപുര, അസം, കര്‍ണാടകം തുടങ്ങിയ റബ്ബര്‍കൃഷിയുള്ള സംസ്ഥാനങ്ങളിലേക്കും ഇവിടെനിന്നാണ് കപ്പ് കൊണ്ടുപോകുന്നത്.

വിഷയം ജി.എസ്.ടി. കൗണ്‍സിലില്‍ ഉന്നയിക്കണമെന്ന്  ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാര്‍ഷികാവശ്യത്തിനുള്ള ഉത്പന്നമായി കരുതി നികുതി ഒഴിവാക്കുകയോ കുറഞ്ഞ നിരക്കായ അഞ്ച് ശതമാനം ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നാണ് ആവശ്യം. 

സ്വാഭാവിക റബ്ബറിനെ കൃഷിയായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. വ്യവസായത്തിനുള്ള അസംസ്‌കൃത വസ്തുവായാണ് പരിഗണിക്കുന്നത്. റബ്ബറുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം കൃഷിമന്ത്രാലയത്തിന് പകരം വാണിജ്യ മന്ത്രാലയത്തില്‍ വരുന്നത് ഇതിനാലാണ്.

Content highlights: Agriculture, Rubber, Cash crops