വേനല്‍ രൂക്ഷമാകുന്നതോടെ റബ്ബര്‍തോട്ടങ്ങളില്‍ തീപിടുത്തം ഉണ്ടാകാനുള്ള സാധ്യത കൂടിവരികയാണ്. ഡിസംബര്‍ - ജനുവരി മാസങ്ങളില്‍ സ്വാഭാവിക ഇലകൊഴിച്ചില്‍ മൂലം കൊഴിഞ്ഞുവീണ ഇലകള്‍ ഉണങ്ങിക്കിടക്കുന്നതും ഉണങ്ങിയ പുല്ലുകളും കളകളും ആവരണ വിളകളുടെ ഉണങ്ങിയ ഭാഗങ്ങളുമെല്ലാം തീ പടരുന്നതിനുള്ള സാധ്യത കൂട്ടും. വഴിയരികിലുള്ള തോട്ടങ്ങളിലാണ് പ്രത്യേക ശ്രദ്ധ ആവശ്യമായിട്ടുള്ളത്. അശ്രദ്ധയോടെ വലിച്ചെറിയുന്ന, ഒരു ബീഡിക്കുറ്റിയിലെ തീ മതി വലിയൊരു നാശത്തിന് കാരണമാകാന്‍. 

തോട്ടത്തിനു ചുറ്റും മൂന്നു മുതല്‍ അഞ്ചു വരെ മീറ്റര്‍ വീതിയില്‍ റോഡുപോലെ (ഫയര്‍ബെല്‍റ്റ്) കരിയിലകളും ചപ്പുചവറുകളും നീക്കംചെയ്യണം. വേനല്‍ തീരുന്നതുവരെ ഇടയ്ക്കിടയ്ക്ക് ഈ ഫയര്‍ബെല്‍റ്റ് വൃത്തിയാക്കുന്നത് തോട്ടത്തിലേക്ക് തീ പടരാതിരിക്കാന്‍ സഹായിക്കും. മുന്നറിയിപ്പു നല്‍കുന്ന ബോര്‍ഡുകള്‍ ഈ ഭാഗത്ത് സ്ഥാപിക്കുന്നതും നല്ലതാണ്.

വെള്ളപൂശല്‍ 

ചെറുതൈകള്‍ വളര്‍ന്ന് തണ്ടില്‍ വെയിലടിക്കാത്ത വിധം  ഇലകള്‍ വന്നു മൂടുന്നതു വരെ തായ്ത്തടിയില്‍ വെള്ളപൂശണം. പച്ചനിറം മാറി ബ്രൗണ്‍ നിറമായിട്ടുള്ള ഭാഗങ്ങളില്‍ വെള്ള പൂശാം. നല്ല നീറ്റുകക്ക ചൂടുവെള്ളമൊഴിച്ച് നീറ്റിയെടുത്താല്‍ കിട്ടുന്ന ചുണ്ണാമ്പുപയോഗിച്ചു വേണം വെള്ളപൂശാന്‍. ചുണ്ണാമ്പില്‍ കുറച്ചു കഞ്ഞിവെള്ളമോ പശയോ (കാര്‍ഷികാവശ്യത്തിനുപയോഗിക്കുന്നത് ) ചേര്‍ത്തടിച്ചാല്‍, ഇടയ്ക്കു കിട്ടാറുള്ള വേനല്‍മഴയില്‍ വെള്ളപൂശിയത് ഒലിച്ചുപോകാതിരിക്കും. വെള്ളപൂശാനുപയോഗിക്കുന്ന ചുണ്ണാമ്പില്‍ തുരിശു ചേര്‍ക്കരുത്. 

മറച്ചുകെട്ടല്‍ 

വേനലില്‍ ചെറുതൈകളെ ശക്തമായ സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് മെടഞ്ഞതോ മെടയാത്തതോ ആയ തെങ്ങോലയോ ചാക്കുകളോ ഉപയോഗിച്ച് മറച്ചുകെട്ടാം. തൈയുടെ ചുവട്ടില്‍നിന്നും കുറച്ചുവിട്ട് തെക്കു - പടിഞ്ഞാറു വശത്ത് ഒരു കമ്പു നാട്ടി അതില്‍വേണം മറച്ചുകെട്ടാന്‍. അല്ലാതെ, തൈകള്‍ പൂര്‍ണമായും മൂടിക്കെട്ടുന്നത് നല്ലതല്ല. 

ടാപ്പു ചെയ്യുന്ന തോട്ടങ്ങളില്‍ 

ടാപ്പു ചെയ്യുന്ന തോട്ടങ്ങളിലെ വെട്ടുപട്ടയില്‍ വേനലിനെ ചെറുക്കാനായി പ്രത്യേകിച്ചൊന്നും പുരട്ടേണ്ടതില്ല. തോട്ടത്തിന്റെ അതിരില്‍ (തെക്കുവശത്തും പടിഞ്ഞാറുവശത്തും) നില്‍ക്കുന്ന മരങ്ങളില്‍ വെയിലടിക്കുന്നുണ്ടെങ്കില്‍ മാത്രം ആ ഭാഗത്ത് ചുണ്ണാമ്പുപയോഗിച്ച് വെള്ളപൂശിയാല്‍ മതി. 

(റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം : 0481 257 66 22). 

Content highlights: Rubber, Fire , Agriculture