കിഴക്കഞ്ചേരി: ഉത്പാദനം പകുതിയിലേറെ കുറഞ്ഞതോടെ പാലക്കുഴി മേഖലയില്‍ റബ്ബര്‍ കര്‍ഷകര്‍ ടാപ്പിങ് നിര്‍ത്തുന്നു. പ്രളയസമയത്ത് കുരുമുളക് വ്യാപകമായി നശിച്ചതിനുപിന്നാലെയാണ് റബ്ബറിനും ഉത്പാദനം കുറയുന്നത്. ചാര്‍ലി മാത്യു, ജെയ്സണ്‍ കപ്പിയാങ്കല്‍, ജോസ് ചാമ്പതാലില്‍, കൊച്ച്, രാജി മാരൂര്‍, ഫ്രെഡി പാറേപുരയ്ക്കല്‍, മുഞ്ഞനാട്ട് മഞ്ജു ജേക്കബ് തുടങ്ങിയവര്‍ ടാപ്പിങ് നിര്‍ത്തി.

നൂറോളം റബ്ബര്‍ കര്‍ഷകരാണ് പാലക്കുഴിയിലുള്ളത്. ഓഗസ്റ്റില്‍ കനത്തമഴയില്‍ ഇല കൊഴിഞ്ഞതും വളമുള്ള മേല്‍മണ്ണ് ഒഴുകിപ്പോയതുമാണ് ഉത്പാദനം കുറയാനിടയാക്കിയതെന്ന് ചാര്‍ലിമാത്യു പറഞ്ഞു.

സാധാരണ ഡിസംബറിലാണ് ഏറ്റവുംകൂടുതല്‍ ഉത്പാദനം ലഭിക്കാറുള്ളത്. ഒരേക്കറില്‍നിന്ന് 30 ഷീറ്റ് ലഭിച്ചിരുന്നത് 12 ആയി കുറഞ്ഞു. റബ്ബറിന് പുതിയ ഇലകള്‍ വരുന്നുണ്ടെങ്കിലും ഡിസംബര്‍ അവസാനത്തോടെ സ്വാഭാവികമായ ഇലകൊഴിച്ചിലുണ്ടാകും. ഇതിനുശേഷം പൊടിക്കുമിള്‍രോഗം വീണ്ടും ഇലകൊഴിച്ചിലിടയാക്കുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. ഇത് മരം ഉണങ്ങാനിടയാക്കും.

സമ്മിശ്ര കൃഷിയാണ് പാലക്കുഴിയില്‍ ചെയ്യുന്നതെങ്കിലും എല്ലാവിളയ്ക്കും ഉത്പാദനം കുത്തനെ കുറഞ്ഞത് കര്‍ഷകര്‍ക്ക് തിരിച്ചടിയാവുകയാണ്. ഭാവിയില്‍ മേല്‍മണ്ണ് ഒഴുകിപ്പോകാതിരിക്കാന്‍ തോട്ടങ്ങളുടെ അതിര്‍ത്തിയിലും ഇടയിലുമായി കാപ്പി, കൊക്കോ, കശുമാവ് തുടങ്ങിയവ നടാനാരംഭിച്ചിട്ടുണ്ട്. പാലക്കുഴിയിലുള്ള റബ്ബര്‍ ഉത്പാദകസംഘം ആറുവര്‍ഷമായി നിര്‍ജീവമായതിനാല്‍ റബ്ബര്‍ബോര്‍ഡില്‍ നിന്നുള്ള ആനുകൂല്യങ്ങളും നിര്‍ദേശങ്ങളും ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.

 മരം ആരോഗ്യം വീണ്ടെടുക്കുന്നതുവരെ കാത്തിരിക്കണം

 ഇപ്പോള്‍ ഉത്പാദനം കൂടേണ്ട സമയമാണെങ്കിലും പാലക്കുഴിയില്‍ മാത്രമാണ് കുത്തനെ കുറഞ്ഞിട്ടുള്ളത്. ഉത്പാദനം തീരെ കുറഞ്ഞവര്‍ ടാപ്പിങ് നിര്‍ത്തി മരം ആരോഗ്യം വീണ്ടെടുക്കുന്നതുവരെ കാത്തിരിക്കണം. ഉയര്‍ന്ന പ്രദേശമായതിനാല്‍ പാലക്കുഴിയില്‍ പൊടിക്കുമിള്‍രോഗം വരാന്‍ സാധ്യതയുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഗന്ധകം അടിക്കണം. വേനലിനെ അതിജീവിക്കുന്നതിനായി തൈമരങ്ങള്‍ക്ക് വെള്ളപൂശണം. പൊതയിടുകയും വേണം.

-സില്‍സ കെ.എം.,

(റബ്ബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസര്‍, വടക്കഞ്ചേരി)

Content highlights: Farmers, Rubber tapping , Cash crops, Organic farming