ഇരിട്ടി: മലയോരമേഖലയില്‍ റബ്ബര്‍ മരങ്ങള്‍ ഉണങ്ങി നശിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു. രോഗം കണ്ടെത്തിയ മുടയിരഞ്ഞി, പുന്നക്കുണ്ട്, പേരട്ട എന്നിവിടങ്ങളിലെ ഉണങ്ങിനശിച്ച റബ്ബര്‍ തോട്ടങ്ങള്‍ സന്ദര്‍ശിച്ച വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലെ അസി. പ്രൊഫ. ഡോ. കെ.ഡി.പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

Rubberടാപ്പ് ചെയ്തുകൊണ്ടിരിക്കുന്ന നല്ല റബ്ബര്‍ മരങ്ങളുടെ ഇലകളില്‍ വാട്ടം കാണുന്നതാണ് രോഗത്തിന്റെ ആദ്യ ലക്ഷണം. ഈ മരങ്ങള്‍ ആറുമാസത്തിനകം പൂര്‍ണമായി ഉണങ്ങി നശിക്കുകയാണ്. ഇതു സംബന്ധിച്ച് മുടയിരഞ്ഞിയിലെ ജോര്‍ജ് കിളിയന്തറ കാര്‍ഷിക സര്‍വകലാശാലയ്ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് സംഘം പരിശോധന നടത്തിയത്. ഇത്തരം കീട ആക്രമണം ആദ്യമായാണ് ശ്രദ്ധയില്‍പ്പെടുന്നതെന്ന് ഡോ. കെ.ഡി.പ്രതാപന്‍ പറഞ്ഞു. ഉണങ്ങിയ മരങ്ങള്‍ കൊത്തിക്കീറി പരിശോധിച്ചപ്പോള്‍ നീല നിറം കണ്ടെത്തി. ഇത് വിഷാംശമുള്ള ഫംഗസാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

മരങ്ങള്‍ ഉണങ്ങിനശിക്കല്‍ നേരത്തേ ഉണ്ടെങ്കിലും വിരളമായിരുന്നു. ഇപ്പോള്‍ രോഗബാധ കണ്ടെത്തിയ തോട്ടങ്ങളിലെല്ലാം നാലിലൊന്ന് മരങ്ങള്‍ നശിച്ചുകഴിഞ്ഞു. അംബ്രോസിയ ബീറ്റില്‍ ഇനം വണ്ടുകളാണ് മരങ്ങളെ ഉണക്കുന്നത്. മരങ്ങള്‍ നശിക്കാന്‍ കാരണം വണ്ടുകളാണ്. ഇവ മുട്ടയിട്ട് പെരുകുന്നതിനാല്‍ രോഗം വേഗം പടരും. അതിനാലാണ് തോട്ടത്തിലെ മുഴുവന്‍ മരങ്ങളും ഉണങ്ങുന്നത്.

ഇക്കുറി മഴ കൂടുതലായതിനാല്‍ മണ്ണിലെ അമ്ലാശം കൂടിയത് രോഗവ്യാപനം വര്‍ധിപ്പിച്ചിട്ടുണ്ടാകാമെന്നും ശരിയായ പ്രതിവിധി ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നും ഡോ. കെ.ഡി.പ്രതാപന്‍ പറഞ്ഞു. അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍, മുടയിരഞ്ഞി പള്ളി വികാരി ഫാ. ജോര്‍ജ് ചിറയില്‍, ജോര്‍ജ് കിളിയന്തറ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കുമ്മായം ഉപയോഗിക്കണം

മുന്‍കരുതലെന്ന നിലയില്‍ ഒരു റബ്ബറിന് രണ്ടുകിലോ തോതില്‍ കുമ്മായം ഇടുന്നത് നല്ലതാണന്ന് വിദഗ്ധ സംഘം പറഞ്ഞു. രോഗം ബാധിച്ച് ഉണങ്ങിയ മരങ്ങള്‍ മുറിച്ച് തീയിട്ട് നശിപ്പിക്കണം. ഇത്തരം മരം നിറയെ ഉള്ള വണ്ടുകളുടെ മുട്ടകളും കുഞ്ഞുങ്ങളും നശിക്കാന്‍ വേണ്ടിയാണിത്. രോഗബാധ കാണുന്ന തോട്ടങ്ങളില്‍ ടാപ്പിങ് നിര്‍ത്തണം. ടാപ്പിങ് മുറിവിലൂടെ കീടബാധ കൂടുതല്‍ വേഗത്തില്‍ പകരും.

Content highlights: Rubber, Agriculture, Organic farming