പൊന്‍കുന്നം: വിലയിടിവിനാല്‍ നട്ടംതിരിയുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് വീണ്ടും നഷ്ടംവരുത്തി തോട്ടങ്ങളില്‍ ചീക്കുരോഗം(പിങ്ക് രോഗം) പടരുന്നു. ഉത്പാദനശേഷി കൂടുതലുള്ള റബ്ബര്‍ ഇനങ്ങളെ ബാധിക്കുന്ന ചീക്കുരോഗം കറയുടെ ഉത്പാദനത്തില്‍ ഇടിവുണ്ടാക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. എല്ലാ മഴക്കാലത്തും പിങ്ക് രോഗബാധ തോട്ടങ്ങളില്‍ പതിവാണെങ്കിലും ഇത്തവണ വ്യാപകമായി കണ്ടുവരുന്നുണ്ട്. റബ്ബര്‍മരത്തിന്റെ രോഗബാധയുള്ള ഭാഗം ഉണങ്ങി നശിച്ച് തൊലി പൊളിഞ്ഞു തുടങ്ങും. ശിഖരങ്ങളിലേക്കും ഉണക്കു ബാധിക്കുന്നതോടെ റബ്ബര്‍പ്പാലിന്റെ അളവില്‍ കുറവുവരും. തുടര്‍ച്ചയായുള്ള മഴയാണ് രോഗവ്യാപനത്തിന് കാരണം. ഇടതടവില്ലാതെ മഴ പെയ്തതിനാല്‍ നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കുവാന്‍ കഴിഞ്ഞില്ല ഭൂരിഭാഗം കര്‍ഷകര്‍ക്കും.

rubber

കോര്‍ട്ടീസിയും സാല്‍മോണിക്കൊളര്‍ എന്നയിനം കുമിളാണ് രോഗം വരുത്തുന്നത്. രണ്ടുമുതല്‍ 12 വര്‍ഷംവരെ പ്രായമുള്ള മരങ്ങളെയാണ് പിങ്ക് രോഗം ബാധിക്കുന്നത്. റബര്‍ മരങ്ങളുടെ കവരകളിലാണിത് കാണുന്നത്. രോഗം പിടിപെട്ട ഭാഗം പൂപ്പല്‍ ബാധിച്ച് പിങ്കുനിറത്തിലോ വെള്ളനിറത്തിലോ വന്നശേഷം റബര്‍പാല്‍ പൊട്ടിയൊഴുകും. ഈ ഭാഗം അഴുകിയശേഷം ഉണങ്ങാന്‍ തുടങ്ങും. ശിഖരത്തിലെ പുറംതൊലി വിണ്ടുകീറി രോഗബാധയേറ്റ ഭാഗത്തിനു താഴെയായി മുളകള്‍ പൊട്ടും. പിന്നീട് ശിഖരങ്ങള്‍ ഉണങ്ങി പോകുകയാണ് പതിവ്. അതോടെ ആ മരത്തിന്റെ കറയുല്പാദനശേഷി നശിക്കുകയാണ്.

ആര്‍.ആര്‍.ഐ. 105, 414, 430, എന്നീ ഇനത്തില്‍പെട്ട മരങ്ങള്‍ക്കും പി.ബി. ഇനങ്ങളായ 217, 311, ടി.ജെ.ഐ.ആര്‍.ഒന്ന്, ബി.ഡി. 10 എന്നീ ഇനം മരങ്ങള്‍ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇടത്തരം കര്‍ഷകരെല്ലാം ഇത്തരം ഇനങ്ങള്‍ തന്നെയാണ് കൃഷി ചെയ്തിട്ടുള്ളത്. ഇവരെയാണ് പിങ്ക് രോഗം കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതും. റബ്ബര്‍വിലക്കുറവു മൂലം കാര്യമായ പരിചരണം മരങ്ങള്‍ക്കു നല്‍കാന്‍ കര്‍ഷകര്‍ക്കു സാധിച്ചിട്ടില്ല. വന്‍കിടതോട്ടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ ഇത്തരം രോഗങ്ങള്‍ക്കെതിരേ ഫലപ്രദമായ നടപടികള്‍ ചെയ്യാറുള്ളതിനാല്‍ ചീക്കുരോഗത്തിന്റെ നഷ്ടം അവര്‍ക്കുണ്ടാകാറില്ല.

ബോര്‍ഡോ കുഴമ്പ് തയ്യാറാക്കി രോഗബാധയേറ്റ ഭാഗത്തിന് ഇരുവശത്തും 30 സെന്റീമീറ്റര്‍ ഭാഗത്തേക്ക് തേച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഉണങ്ങിയ ശിഖരങ്ങള്‍ മുറിച്ചുമാറ്റി കത്തിച്ചുകളയും. ശിഖരങ്ങള്‍ വെട്ടിമാറ്റിയഭാഗം കുമിള്‍നാശിനിയില്‍ കഴുകിയ ശേഷം റബര്‍കോട്ടു പോലെയുള്ള മിശ്രിതങ്ങള്‍ പുരട്ടി തകരാര്‍ നീക്കും.

ഇത്തരം പ്രതിരോധ നടപടി ചെലവേറിയതായതിനാല്‍ ചെറുകിട കര്‍ഷകര്‍ അവലംബിക്കാറില്ലാത്തതാണ് രോഗവ്യാപനത്തിന് കാരണം. കോപ്പര്‍ സള്‍ഫേറ്റ്(തുരിശ്), ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ബോര്‍ഡോ മിശ്രിതം കാര്യമായ രോഗബാധയുള്ള മരത്തില്‍ പുരട്ടണമെങ്കില്‍ കുറഞ്ഞത് ഇരുന്നൂറു രൂപയെങ്കിലും മുടക്കുവരും.

Content highlights: Rubber, Agriculture, Organic farming