കൊറോണ വൈറസ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പടരുമ്പോള്‍ കടുത്ത ആശങ്കയിലാണ് കേരളത്തിലെ കാപ്പിക്കര്‍ഷകര്‍. ഇന്ത്യന്‍ റോബസ്റ്റ കാപ്പിയുടെ ഏറ്റവും വലിയ വിപണിയാണ് ഇറ്റലിയും ജര്‍മനിയും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍. വൈറസ് വ്യാപനത്തെത്തുടര്‍ന്ന് യൂറോപ്പിലുണ്ടായ പ്രതിസന്ധിയും കര്‍ശന നിയന്ത്രണങ്ങളുംമൂലം ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി നിലച്ചിരിക്കുകയാണ്. നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍, വിലത്തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന കാപ്പിക്കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും.

പ്രതിവര്‍ഷം മൂന്നുലക്ഷത്തോളം ടണ്‍ കാപ്പിയാണ് രാജ്യത്തെ ഉത്പാദനം. അതില്‍ 65,000 ടണ്‍ കാപ്പി കേരളത്തില്‍ ഉത്പാദിപ്പിക്കുന്നതാണ്. ഇതില്‍ 50,000 ടണ്‍ ഉത്പാദിപ്പിക്കുന്നത് വയനാട് ജില്ലയില്‍നിന്നാണ്. റോബസ്റ്റ കാപ്പിയാണ് കേരളത്തില്‍ പ്രധാനമായും കൃഷിചെയ്യുന്നത്. ഇന്ത്യയിലെ റോബസ്റ്റ കാപ്പിയുടെ ഏറ്റവും വലിയ വിപണിയാണ് ഇറ്റലി. പ്രതിവര്‍ഷം 65,000 ടണ്‍ റോബസ്റ്റ കാപ്പിയാണ് ഇറ്റലിയിലേക്കു മാത്രം കയറ്റിയയക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ജര്‍മനിയിലേക്ക് 30,000 ടണ്‍ കാപ്പിയാണ് കയറ്റുമതി ചെയ്യുന്നത്. യു.എസിലേക്ക് 6000 ടണ്‍ കയറ്റി അയക്കുന്നുണ്ട്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കാപ്പിയില്‍ ഒരുലക്ഷം ടണ്ണാണ് ആഭ്യന്തര ഉപയോഗത്തിനുള്ളത്. ബാക്കിയുള്ള രണ്ടുലക്ഷം ടണ്‍ ആണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നത്. കയറ്റുമതി നിലച്ചതിനാല്‍ വിപണിയില്‍ കാപ്പിവില ഇനിയും കുറയുമെന്നതാണ് കര്‍ഷകരുടെ ആശങ്കയ്ക്ക് കാരണം.

തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളിലുണ്ടായ പ്രളയവും വിലത്തകര്‍ച്ചയുംമൂലം നടുവൊടിഞ്ഞ കാപ്പിക്കര്‍ഷകരെ കാത്തിരിക്കുന്നത് കൂടുതല്‍ വലിയ പ്രതിസന്ധിയാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. കുരുമുളകും അടക്കയും ചതിച്ചപ്പോള്‍ കര്‍ഷകരുടെ പ്രതീക്ഷ കാപ്പിയിലായിരുന്നു. വയനാട്ടിലെ മുഖ്യനാണ്യവിളയാണ് റോബസ്റ്റ കാപ്പി. ജില്ലയില്‍ കാപ്പി ഉത്പാദിപ്പിക്കുന്നതില്‍ ഭൂരിപക്ഷവും ചെറുകിട കര്‍ഷകരാണ്. കുറേകാലമായി കാപ്പിക്കര്‍ഷകര്‍ക്ക് പറയാനുള്ളത് നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ്. പ്രളയവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം വിളവ് കുറച്ചു. വിപണിയില്‍ വിലയുമില്ല. കഴിഞ്ഞവര്‍ഷം ചാക്കിന് 4100 രൂപവരെ ശരാശരി വിലയുണ്ടായിരുന്ന സ്ഥാനത്തിപ്പോള്‍ (ലോക് ഡൗണിനുമുമ്പ്) 3700 രൂപയാണ് ശരാശരി വില കിട്ടിയതെന്ന് വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രശാന്ത് രാജേഷ് പറഞ്ഞു.

ഉത്പാദനച്ചെലവിന് ആനുപാതികമായി വിപണിയില്‍ വില ലഭിക്കുന്നില്ലെന്നതാണ് കര്‍ഷകരുടെ പരാതി. ഇതിനിടെയാണ് വെല്ലുവിളിയുയര്‍ത്തി കൊറോണ വൈറസിന്റെ വ്യാപനം. ലോക് ഡൗണിനെത്തുടര്‍ന്ന് വിപണികള്‍ പൂട്ടിയതോടെ ഉത്പന്നം വില്‍ക്കാന്‍ മാര്‍ഗമില്ലാതായി. വിളവെടുപ്പ് പൂര്‍ത്തിയായെങ്കിലും വിലയില്ലാത്തതിനാല്‍ പലരും കാപ്പി വിറ്റിരുന്നില്ല.

Content Highlights: coffee farmers in trouble due to corona outbreak