കൊല്ലം : കശുവണ്ടി വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ ഗുണകരമാവുന്ന കാഷ്യൂ ബോര്‍ഡ് ഉടന്‍ യാഥാര്‍ഥ്യമാവുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇതിന്റെ പ്രവര്‍ത്തനമൂലധനമായി 200 കോടി രൂപ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ലഭ്യമാക്കും. 

cashew'ഫെഡറേഷന്‍ ഓഫ് കാഷ്യൂ പ്രോസസേഴ്സ് ആന്‍ഡ് എക്സ്പോര്‍ട്ടേഴ്സ്' എന്ന സംഘടനയും കാഷ്യൂ ഫെസ്റ്റും കൊല്ലം പീരങ്കി മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 

വിദേശത്തുനിന്ന് തോട്ടണ്ടി വാങ്ങി ന്യായമായ നിരക്കില്‍ വ്യവസായികള്‍ക്ക് ബോര്‍ഡ് വഴി ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചുകഴിഞ്ഞു. തൊഴിലാളികളുടെ ദീര്‍ഘകാലാവശ്യമാണ് സര്‍ക്കാര്‍ നിറവേറ്റുന്നത്. 

തോട്ടണ്ടി വാങ്ങുന്നതു സംബന്ധിച്ച് നേരത്തേ 15 ആഫ്രിക്കന്‍ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച വിജയപ്രദമായിരുന്നു. ട്രേഡര്‍മാരുമായിട്ടല്ല, കശുവണ്ടി സംസ്‌കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായി മാത്രമായിരിക്കും സര്‍ക്കാരിന് സഹകരണം. 

ജപ്തി നടപടി നേരിടുന്ന ചെറുകിട വ്യവസായികള്‍ക്ക് ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു വിട്ടുകൊടുക്കാനും ബാങ്ക് അധികൃതരുടെ യോഗത്തില്‍ തീരുമാനമായി. ഇതുവഴി ജപ്തിനടപടി നേരിട്ട 60 വ്യവസായികളുടെ പ്രശ്നമാണ് പരിഹരിക്കാനായത്. ചെറുകിട വ്യവസായികള്‍ക്ക് നാട്ടില്‍ നിലനില്‍ക്കുന്നതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നതോടൊപ്പം തൊഴിലാളികളൂടെ കൂലിയും സംരക്ഷിക്കേണ്ടതുണ്ട്.

ഭാഗികമായ യന്ത്രവത്കരണം മാത്രമേ തൊഴിലാളികള്‍ക്ക് സഹായകരമാകൂ. തൊഴിലാളികളുടെയും തൊഴില്‍ ഉടമയുടെയും വ്യവസായത്തിന്റെയും മുന്നേറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യം-മന്ത്രി പറഞ്ഞു. 

എക്സ്പോയുടെ ഉദ്ഘാടനം എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. നിര്‍വഹിച്ചു. സമ്മേളനത്തില്‍ മുതിര്‍ന്ന വ്യവസായികളെ ആദരിച്ചു. കശുമാവ് തൈ വിതരണവും നടത്തി. ഫെഡറേഷന്‍ ഓഫ് കാഷ്യൂ പ്രോസസേഴ്സ് ആന്‍ഡ് എക്സ്പോര്‍ട്ടേഴ്സ് പ്രസിഡന്റ് നിസാമുദ്ദീന്‍ അധ്യക്ഷനായി. എം.മുകേഷ് എം.എല്‍.എ., മേയര്‍ വി.രാജേന്ദ്രബാബു, യൂനുസ് കുഞ്ഞ്, ജനറല്‍ സെക്രട്ടറി വിക്രമന്‍ എന്നിവര്‍ സംസാരിച്ചു.