ഉല്‍പാദന ശേഷി കൂടിയ കുരുമുളകില്‍ നിന്നും കൊടിയുടെ ചുവട്ടില്‍ നിന്നുമുണ്ടാകുന്ന ചെന്തലകള്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ മുറിച്ചെടുക്കുന്നതാണ് തൈയുണ്ടാക്കുന്നതിലെ ആദ്യ ഘട്ടം. 

നല്ല വിളവു തരുന്നതും പുഷ്ടിയോടെ വളരുന്നതും നീളം കൂടിയ തിരകളുളളതും ആയിരിക്കണം മാതൃവളളി. രോഗങ്ങളെ പ്രതിരോധിക്കാനുളള ശേഷി നിര്‍ബന്ധം. തിരി പിടിത്തവും മണി പിടുത്തവും കൂടെയുണ്ടെങ്കില്‍ ഉത്തമ മാതൃസസ്യമായി. പ്രായം 5 വയസിനും 12 നുമിടയിലായിരിക്കണം.

വളളിത്തലയില്‍ നടുവിലെ മൂന്നിലൊന്ന് ഭാഗമാണ് നടാന്‍ ഉപയോഗിക്കേണ്ടത്. ഇളം തലപ്പും കടുത്ത മൂത്ത ഭാഗവും ഒഴിവാക്കണം. രണ്ടോ മൂന്നോ മുട്ടുകളുളള കഷണങ്ങള്‍ മുറിച്ച് ഇലഞെട്ട് തണ്ടില്‍ നില്‍ക്കത്തക്ക വണ്ണം ഇലകള്‍ മുറിച്ചുമാറ്റാം. ഇങ്ങനെ തയ്യാറാക്കിയ തണ്ടുകളുടെ കടഭാഗം മുരിങ്ങയില ചാറില്‍ അരമണിക്കൂര്‍ മുക്കിവെക്കണം. 50 ഗ്രാം ഇളം മുരിങ്ങയില 200 മില്ലി വെളളത്തില്‍ അരച്ചെടുത്ത് മുരിങ്ങയിലച്ചാറ് തയ്യാറാക്കാം. 

കുരുമുളക് നഴ്‌സറിയിലെ രോഗബാധ ഒഴിവാക്കാന്‍ 250 ഗ്രാം സ്യൂഡോമോണാസ്, 750 മില്ലി വെളളത്തില്‍ കലക്കി 20 മിനിറ്റ് വെച്ചതിന് ശേഷം പോട്ടിംഗ് മിശ്രിതം നിറച്ച  പോളിത്തീന്‍ കവറില്‍ തണ്ട് നടാം. 

മേല്‍മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ ചേര്‍ത്ത് പോട്ടിംഗ് മിശ്രിതം തയ്യാറാക്കാവുന്നതാണ്. തയ്യാറാക്കിയ തണ്ടുകളുടെ ഒരു മുട്ട് മണ്ണിനടിയില്‍ വരത്തക്കവിധം നടാം. 
നട്ട ഉടനെ തന്നെ പന്തല്‍ തയ്യാറാക്കി തണല്‍ നല്‍കണം. ഒപ്പം നനയും നിര്‍ബന്ധം. തിരുവാതിര ഞാറ്റുവേലയില്‍ ജൂണ്‍-ജൂലൈ മാസത്തില്‍ വേരുപിടിപ്പിച്ച കുരുമുളക് തൈകള്‍ നടാം.  

Content highlights: Agriculture, Organic farming, Pepper saplings