മലയാളി ഇന്ന് നേരിടുന്ന ഒരുപിടി ആരോഗ്യ പ്രശ്നങ്ങളുണ്ട്. പ്രഷര്‍, ഷുഗര്‍,ഹൃദ്രോഗം, മലബന്ധം,പൈല്‍സ്, പൊണ്ണത്തടി ,ഫാറ്റി ലിവര്‍, പ്രോസ്ട്രേറ്റ് വീക്കം എന്നിവയെല്ലാം ചെറുക്കാനുള്ള ശക്തിയുണ്ട് ചേനയ്ക്ക്. നിത്യവും ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് മാത്രം. 

ഇത്രയധികം ഭക്ഷ്യനാരുകളും ഡയോസ്ജനിന്‍ എന്ന ക്യാന്‍സറിനെ ചെറുക്കുന്ന ഘടകവും സ്ത്രീ ഹോര്‍മോണ്‍ ആയ ഈസ്ട്രജനെ നിര്‍മിക്കാനുള്ള കഴിവുമൊക്കെ ചേനയെ നമ്മുടെ തീന്‍മേശയിലെ ഇഷ്ടവിഭവമാക്കുന്നു. ചേനയും ചേനവിത്തും,പാകമായ ചേനത്തണ്ടും ഇളം ഇലകളുമെല്ലാം ഭക്ഷ്യയോഗ്യം തന്നെ.

കുംഭമാസത്തിലാണ് മഴയെ ആശ്രയിച്ചു ചെയ്യുന്ന ചേനക്കൃഷിയുടെ നടീല്‍. ഓണത്തിന് വിളവെടുക്കാനാണെങ്കില്‍ ഡിസംബര്‍-ജനുവരിയില്‍ നടാം. പക്ഷെ നനസൗകര്യം വേണം. ചേന വയ്ക്കാത്തവനെ അടിയ്ക്കണം എന്ന ഒരു ചൊല്ലുണ്ട്. കാരണം ഇതിന്റെ കൃഷി അത്ര ലളിതമാണ്. അഗ്രമുകുളത്തിന്റെ ഒരംശം ഉള്‍ക്കൊള്ളുന്ന പൂളുകള്‍, ചേനവിത്ത്, ചെറിയ മുഴുച്ചേന എന്നിവ നടീല്‍ വസ്തുക്കളായി എടുക്കാം.

750-1000 ഗ്രാം ഉള്ള പൂളുകളാണെടുക്കുന്നതെങ്കില്‍ ചെടികള്‍ തമ്മില്‍ 3 അടി അകലം നല്‍കണം. ചേനവിത്തുകളാണ് നടുന്നതെങ്കില്‍ 45സെ.മീ X 30 സെമീ എന്ന അകലം നല്‍കാം. വിളവെടുക്കുമ്പോള്‍ ഒന്നര കിലോമുതല്‍ രണ്ട് കിലോ വരെ തൂക്കം ലഭിച്ചാല്‍ വില്‍ക്കാന്‍ എളുപ്പമായിരിക്കും. അത്തരം ചേന വിളവെടുക്കാന്‍ 400-500 ഗ്രാം തൂക്കമുള്ള പൂളുകള്‍ നടണം.

രണ്ടടി വ്യാസവും ഒന്നരയടി ആഴവുമുള്ള കുഴികളെടുത്ത് രണ്ടര കിലോഗ്രാം ചാണകപ്പൊടിയും 100 ഗ്രാം വേപ്പിന്‍പിണ്ണാക്കും 250 ഗ്രാം ചാമ്പലും ചേര്‍ത്ത് മേല്‍മണ്ണ് അറഞ്ഞ് കുഴികള്‍ ഒരുക്കണം. 10 ഗ്രാം ട്രൈക്കോഡെര്‍മയും ചേര്‍ത്തു നല്‍കാം. മുറിച്ച ചേനക്കഷണങ്ങള്‍ പച്ചച്ചാണക-സ്യൂഡോമോണാസ് കുഴമ്പില്‍ 5 മിനിറ്റ് മുക്കി 24 മണിക്കൂര്‍ തണലില്‍ ഉണക്കി നടാന്‍ ഉപയോഗിക്കാം.

കുഴിയില്‍ പൂളുകള്‍ വെച്ച് മണ്ണ് നന്നായി അമര്‍ത്തി കരിയിലകള്‍ കൊണ്ട്  മൂടി സംരക്ഷിക്കണം. 30-45 ദിവസത്തിനുള്ളില്‍ മുള വരും. നട്ട് ഇടവിളയായി കുറ്റിപ്പയര്‍ കൃഷി ചെയ്താല്‍ കളശല്യം കുറയ്ക്കാം. നട്ട് 45 ദിവസം കഴിഞ്ഞും 75 ദിവസം കഴിഞ്ഞും ചെറിയ അളവില്‍ മേല്‍വളം നല്‍കി മണ്ണ് അടുപ്പിച്ച് കൊടുക്കാം. 7-8 മാസം കഴിഞ്ഞ് വിളവെടുക്കാം.

കേരളത്തിന് യോജിച്ച ചൊറിച്ചില്‍ ഉണ്ടാക്കാത്ത രണ്ട് മികച്ചയിനങ്ങളാണ് ഗജേന്ദ്രയും ശ്രീ പദ്മയും. തിരുവനന്തപുരത്ത് ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങ് വിളഗവേഷണകേന്ദ്രവുമായി ബന്ധപ്പെട്ടാല്‍ പുതിയ ഇനം വിത്തുകള്‍ ലഭിക്കും.

കുംഭമാസമായി . ചേനക്കൃഷിക്കൊരുങ്ങിക്കോളൂ. ഒരു സെന്റില്‍ നിന്നും 200 കിലോഗ്രാം ചേന വരെ വിളവെടുക്കാം 

Content highlights: Diosgenin, Yam, Agriculture, Kumbha month ,Yam cultivation