കൂട്ടുകുടുംബങ്ങള്‍ മാറി അണുകുടുംബങ്ങളായി മാറിയ ഇക്കാലത്ത് കര്‍ഷകരും സ്മാര്‍ട്ടായാല്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ വില്‍ക്കാന്‍ എളുപ്പമുണ്ടാകും.

വലിയ ചേനയും കാച്ചിലും പടവലങ്ങയും കുമ്പളങ്ങയും മത്തനുമൊക്കെ കല്യാണക്കാര്‍ക്കും ഹോട്ടലുകാര്‍ക്കും പ്രിയം തന്നെ. പക്ഷെ നമ്മുടെ അഞ്ചു കുടുംബങ്ങള്‍ക്ക് വേണ്ടത് ചെറിയ ചേനയും പടവലവും മത്തനു തന്നെ.അത്തരത്തില്‍ നമ്മുടെ ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ചേന നമുക്ക് ചെറു ചേനയാക്കി വിളവെടുക്കാം.

സാധാരണയായി കുംഭമാസത്തിലാണ് (ഫെബ്രുവരി) മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്നവര്‍ ചേന നടുന്നത്. 8 മാസം കഴിഞ്ഞ് വിളവെടുക്കാം.നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ ഡിസംബര്‍ മാസാവസാനത്തോടെ ചേന നടാം.

yam

വിളവെടുക്കുമ്പോള്‍ ശരാശരി ഒരു കിലോഗ്രാം തൂക്കമുള്ള ചേനകള്‍ ആണെങ്കില്‍ അത് മുറിയ്ക്കാതെ ഷോപ്പിംഗ് കാര്‍ട്ടില്‍ ഇടാന്‍ താല്‍പ്പര്യം കൂടും. അതിനായി എന്തുചെയ്യണം.

ചേന വിളവെടുക്കുമ്പോള്‍ ലഭിക്കുന്ന ചെറുവിത്തുകളില്‍ 100 ഗ്രാം എങ്കിലുമുള്ളവ തിരഞ്ഞെടുക്കണം. ഒന്നരയടി ആഴത്തില്‍ ചാലുകീറി നന്നായി ചാണകപ്പൊടിയും ചാമ്പയും എല്ലുപൊടിയും അല്‍പം വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് മണ്ണ് നന്നായി അറഞ്ഞ് മേല്‍മണ്ണ് ചാലിലേക്ക് തിരിച്ചിട്ട് 100 ഗ്രാം വീതമുള്ള ചേന വിത്തുകള്‍ ഒരടി അകലത്തില്‍ നടുക.അതിനു മുകളില്‍ നന്നായി കരിയിലകള്‍ ഇട്ട് ചാല്‍ മണ്ണിട്ടുമൂടുക. മണ്ണ് കൈകൊണ്ട് നന്നായി അമര്‍ത്തുക. മുളച്ച് ഒരു മാസം കഴിഞ്ഞ് മണ്ണ് ചെറുതായി ചിക്കി ചെറിയ അളവില്‍ മേല്‍വളം ചേര്‍ത്ത് മണ്ണടിപ്പിക്കുക.

7 മാസം കഴിയുമ്പോള്‍ വിളവെടുത്തു തുടങ്ങും. രണ്ട് വരികള്‍ തമ്മിലും വരിയിലെ വരിയിലെ രണ്ട് ചേനകള്‍ തമ്മിലും ഒരടി അകലം നല്‍കിയാല്‍ മതി. ഇത്തരത്തില്‍ ഒരു സെന്റില്‍ നാനൂറോളം ചേനവിത്തുകള്‍ നടാം. ഏതാണ്ട് 300 കിഗ്രാം ചേന ഓണത്തിന് വിളവെടുക്കാം. ശരാശരി 30 രൂപ കിലോയ്ക്ക് ലഭിച്ചാല്‍ത്തന്നെ 9000 രൂപ ലഭിക്കും .