കായ്ഫലമുള്ള തെങ്ങുകള്‍ക്ക് ഇപ്പോള്‍ ഏതുതരത്തിലുള്ള വളങ്ങള്‍ എന്തളവില്‍ ചേര്‍ക്കണം?

കായ്ക്കുന്നപ്രായമായ തെങ്ങുകള്‍ക്ക് ഇപ്പോള്‍ വര്‍ഷത്തിലെ ആദ്യ വളംചേര്‍ക്കലിന്റെ സമയമാണ്. മഴയുടെ തുടക്കത്തില്‍ തെങ്ങിന് ചുറ്റും ഒന്നര-രണ്ടു മീറ്റര്‍ ചുറ്റളവിലും 10-15 സെ.മീ.താഴ്ചയിലും തടമെടുത്തു രാസവളങ്ങള്‍ തടത്തില്‍ എല്ലായിടത്തും ഒരുപോലെ വീഴുംവിധം വിതറി മണ്ണിട്ടുമൂടണം. നന നിര്‍ബന്ധം. വളശുപാര്‍ശ ഇങ്ങനെ.

തെങ്ങുനട്ട് ഒന്നാംവര്‍ഷം ഇപ്പോള്‍ 110 ഗ്രാം യൂറിയ, 175 ഗ്രാം മസൂറിഫോസ്, 220 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ക്കണം. ഇതുതന്നെ രണ്ടാംവര്‍ഷമായാല്‍ യഥാക്രമം 220-350-440 എന്ന തോതിലാണ്. മൂന്നാംവര്‍ഷം മുതല്‍ ഇത് 330-525-660 എന്ന തോതില്‍ തുടരാം. കായ്ഫലമുള്ള തെങ്ങിന് ഇതാണ് അളവ്. ഇതുതന്നെ രണ്ടാം ഘട്ടമായാല്‍ (അതായത് ഓഗസ്റ്റ്-സെപ്റ്റംബറില്‍) ചെറിയ വ്യത്യാസമുണ്ട്. 

തെങ്ങുനട്ട് ഒന്നാംവര്‍ഷം വളങ്ങള്‍ യഥാക്രമം 220-350-440 ഗ്രാം, രണ്ടാംവര്‍ഷം 440-700-880 ഗ്രാം, മൂന്നാംവര്‍ഷം മുതല്‍ 660-1050-1320 ഗ്രാം. ഇതാണ് കായ്ക്കുന്ന തെങ്ങിന് ഒരു വര്‍ഷത്തെ രണ്ടുതവണയായുള്ള വളപ്രയോഗത്തിന്റെ അളവും സമയവും.

രാസവളങ്ങള്‍ ചേര്‍ക്കുന്നതിന് രണ്ടാഴ്ചമുമ്പ് തടത്തില്‍ തെങ്ങൊന്നിന് ഒരുകിലോ കുമ്മായം/ ഡോളോമൈറ്റ് വിതറി ചേര്‍ക്കാം. രണ്ടാംവളം ചേര്‍ക്കലിനൊപ്പം 500 ഗ്രാം മഗ്‌നീഷ്യം സള്‍ഫേറ്റ് ചേര്‍ക്കാം. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗം നടത്താനായാല്‍ ഏറെ നന്നായി.

തയ്യാറാക്കിയത്: സുരേഷ് മുതുകുളം

Content Highlights: What is the best fertilizer for coconut trees