ആഴത്തില്‍ കിളച്ച് അകലത്തില്‍ നടണമെന്ന് പഴമൊഴി. ' അടുത്ത് നട്ടാല്‍ അഴക്, അകറ്റി നട്ടാല്‍ വിളവ്' എന്നും. ഇത് രണ്ടും സൂചിപ്പിക്കുന്നത് കൃഷി ചെയ്യുന്ന മണ്ണ് നന്നായി കിളയ്ക്കണമെന്നും ചെടികള്‍ തമ്മില്‍ സൂര്യപ്രകാശത്തിനും വളത്തിനും നില്‍ക്കാനുള്ള ഇടത്തിനും വേണ്ടി പരസ്പരം കലഹിക്കാത്ത അകലത്തില്‍ നടണമെന്നുമാണ്.

Soilഎന്തിനാണ് മണ്ണിളക്കുന്നത്? മണ്ണിളക്കാതെ കൃഷി സാധ്യമല്ലേ? മണ്ണിളക്കണമെന്നത് നിര്‍ബന്ധമുള്ള കാര്യമല്ല. ചെടികളുടെ വേരുകള്‍ക്ക് തടസ്സമേതും കൂടാതെ ദൂരങ്ങളിലും ആഴങ്ങളിലും പടര്‍ന്നു പന്തലിച്ച് ആവശ്യമായ വെള്ളവും വളവും വലിച്ചെടുക്കാന്‍ കഴിയുന്ന ഒരു ഭൗതിക സാഹചര്യം സംജാതമാക്കുന്നതിനാണ് മണ്ണ് കിളയ്ക്കുന്നത്. 

മണ്ണിനുള്ളില്‍ ജീവവായു നിറയ്ക്കുമ്പോളാണ് വേരുകള്‍ ശരിയായി ശ്വസിക്കുന്നതും അനുകൂല സൂക്ഷ്മാണുക്കള്‍ പെരുകുന്നതും. ഒരു ട്രോപ്പിക്കല്‍ കാലാവസ്ഥ നിലനില്‍ക്കുന്നത് കൊണ്ട് ഓരോ മഴക്കാലം കഴിയുമ്പോളും വീഴുന്ന വെള്ളത്തിന്റെ ആഘാതം കൊണ്ട് മണ്ണ് തറഞ്ഞു പോകുന്നു. മണ്ണിളക്കുന്നതിന് അതും ഒരു കാരണമാണ്.

മണ്ണിളക്കാതെ കൃഷി 

ദിവസവും 6-8 മണിക്കൂര്‍ നല്ല വെയില്‍ കിട്ടുന്ന സ്ഥലം തെരഞ്ഞെടുക്കുക. എത്ര തറഞ്ഞു കിടന്ന സ്ഥലമായിക്കോട്ടെ. അല്ലെങ്കില്‍ കോണ്‍ക്രീറ്റ് ചെയ്ത പ്രതലമാവട്ടെ. നമുക്കവിടെ മികച്ച രീതിയില്‍ കൃഷി ചെയ്യാം. 

ആദ്യം 25-30 സെന്റീമീറ്റര്‍ ഉയരം കിട്ടത്തക്ക രീതിയില്‍ കൃഷി ചെയ്യാനുദ്ദേശിക്കുന്നത്രയും സ്ഥലത്ത് ഇഷ്ടിക കൊണ്ട് ഒരു ചതുരം നിര്‍മിക്കുക. അതിനുശേഷം അവിടെ ഉണങ്ങിയ തൊണ്ടിന്‍ കഷണങ്ങള്‍ നിരത്തുക. അവയ്ക്ക് മുകളില്‍ ഒരു പാളി പച്ചച്ചാണകം നിരത്തിയതിന് ശേഷം മണ്ണ് നിരത്തുക.

soilഅതിനുശേഷം മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അളവില്‍ കൂട്ടിക്കലര്‍ത്തിയ മിശ്രിതം നിറയ്ക്കുക. ഏതാണ്ട് മുക്കാല്‍ അടി പൊക്കത്തില്‍ ഇത് നിറയ്ക്കാം. അതിന് ശേഷം ഏത് വിളയാണോ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്, അതിന്റെ നിര്‍ദ്ദിഷ്ട അകലത്തില്‍ കുഴികള്‍ എടുത്ത് കുമ്മായം ചേര്‍ത്തിളക്കി രണ്ടാഴ്ച കഴിഞ്ഞ് അടിവളമായും ട്രൈക്കോഡെര്‍മയടങ്ങിയ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയും ചേര്‍ത്ത് വിത്തു പാകുകയോ തൈകള്‍ പറിച്ചു നടുകയോ ചെയ്യുക.

ചെടികള്‍ക്ക് ഉയരം വയ്ക്കുമ്പോള്‍ തടത്തിലും ഇടസ്ഥലത്തും കരിയിലകള്‍ കൊണ്ട് പുതയിടുക. നന ഒരിക്കലും അധികമാകരുത്.  ആഴ്ചയിലൊരിക്കല്‍ മേല്‍വളമായി ബയോസ്ലറി, പച്ചച്ചാണകം നീട്ടിക്കലക്കിയത്, വളച്ചായ, പഞ്ചഗവ്യം, ഹരിതഗുണപജലം, ഫിഷ് അമിനോ ആസിഡ് എന്നിവ മാറി മാറി നല്‍കുക. രോഗത്തെ പ്രതിരോധിക്കാന്‍ രണ്ടാഴ്ചയിലൊരിക്കല്‍ സ്യൂഡോമോണാസ് 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുകയും തടം കുതിര്‍ക്കുകയും ചെയ്യുന്നു. നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ ഇലയുടെ അടിവശത്ത് ഒളിച്ചിരിക്കും. 2% വീര്യത്തില്‍ വേപ്പെണ്ണ-വെളുത്തുള്ളി-ബാര്‍സോപ്പ് മിശ്രിതം രണ്ടാഴ്ച കൂടുമ്പോള്‍ ഇലയുടെ അടിവശത്തു നന്നായി തളിക്കുക

Content highlights: Vegetable farming, Agriculture, Soil, Bio-slurry