വീട്ടില്‍ പന്തലിട്ട് വളര്‍ത്തിയ മുല്ലച്ചെടിയുടെ മൊട്ടുകള്‍ കരിയുന്നു. എന്താണ് പ്രതിവിധി ?
കാഴ്ചയ്ക്ക് കൊതുകിനോട് സമാനമായ 'ബ്ലോസം മിഡ്ജ്' എന്ന പ്രാണിയുടെ പുഴുക്കളാണ് മുല്ലമൊട്ടുകള്‍ നിറഭേദംവന്ന് കരിഞ്ഞുണങ്ങാന്‍ ഒരു പ്രധാനകാരണം. വിടരാറാകുന്ന പൂമൊട്ടുകളുടെ അഗ്രഭാഗത്ത് പെണ്‍പ്രാണി നിക്ഷേപിക്കുന്ന മുട്ടകള്‍ 24 മണിക്കൂറിനുള്ളില്‍ വിരിഞ്ഞുപുഴുക്കളായി മൊട്ടിനുള്ളിലേക്കുകയറി അവ നശിപ്പിക്കുന്നു. പുഴുക്കള്‍ മൊട്ടിലേക്ക് കുത്തിവെക്കുന്ന ഒരുതരം വിഷദ്രാവകമാണ് മൊട്ടുകള്‍ ഈ അവസ്ഥയില്‍ എത്തിക്കുന്നത്.
ഇങ്ങനെ നിറംമാറി കരിയുന്ന മൊട്ടുകള്‍ ചെടിയില്‍ത്തന്നെ നിര്‍ത്താതെ യഥാസമയം നീക്കണം. കാരണം, ഇവയില്‍നിന്ന് വീണ്ടും പുഴുക്കള്‍ പുറത്തുവന്ന് ഉപദ്രവം തുടരും. തടത്തില്‍ വെള്ളക്കെട്ടൊഴിവാക്കുക. മുല്ലച്ചെടികളുടെ അടുത്ത് വളരുന്ന തക്കാളി, കത്തിരി, പാവല്‍ തുടങ്ങിയ ചെടികള്‍ ഈ കീടത്തിന്റെ മറ്റുതാവളങ്ങളാണ്. അതിനാല്‍ ഇവയുടെ അടുത്ത് വളരുന്ന മുല്ലയില്‍ ഇത് പതിവാകും. കീടത്തിന്റെ സമാധി എപ്പോഴും മണ്ണിലാണ്.
അതിനാല്‍ തടമിളക്കി അവയെ നശിപ്പിക്കുക. മുല്ലത്തോട്ടത്തില്‍ മഞ്ഞക്കെണികള്‍ നാട്ടാം. ഇതിന് ഒഴിഞ്ഞ ഡാല്‍ഡ, അമുല്‍ ടിന്നുകളുടെ പുറത്ത് മഞ്ഞ പെയിന്റ് പൂശുക. പെയിന്റ് ഉണങ്ങിക്കഴിഞ്ഞ് ഇതില്‍ ആവണക്കെണ്ണ പുരട്ടി ചെടികളുടെ അടുത്ത് കെട്ടിത്തൂക്കുകയോ കമഴ്ത്തി നാട്ടുകയോ ചെയ്യാം. ഇതില്‍ പറ്റി കീടങ്ങള്‍ നശിക്കും. കീടനാശിനികളും പ്രയോഗിക്കാം.
തയോമെത്തോക്സം ഒരുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിയില്‍ തളിക്കാം. അല്ലെങ്കില്‍ വേപ്പധിഷ്ഠിത കീടനാശിനികള്‍ അഞ്ചുമില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയും തളിക്കാം. പക്ഷേ, ഇങ്ങനെ മരുന്നുതളിക്കുമ്പോഴും വളര്‍ന്ന പ്രാണിമാത്രമേ നശിക്കൂ. പുഴുക്കള്‍ അപ്പോഴും സ്വസ്ഥമായി മൊട്ടുകള്ക്കുള്ളിലായിരിക്കും. അതിനാല്‍, ഇതരമാര്ഗങ്ങള്കൂടി ഇതോടൊപ്പം ചെയ്താലേ പൂര്‍ണഫലം കിട്ടുകയുള്ളൂ.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights: Tips On Treating Jasmine Plants Diseases