പന്നിയൂര്‍ കുരുമുളകുവള്ളികള്‍ ആറുവര്‍ഷത്തോളമായി ഒരു കതിര് കുരുമുളകുപോലും ഉണ്ടാകാതെ രണ്ടുപ്ലാവുകളിലായി 10 അടി ഉയരത്തില്‍ ധാരാളമായി വളര്‍ന്നുകയറിയിട്ടുണ്ട്. ഇത് കുരുമുളക് ഉണ്ടാകാത്ത ഇനമാണോ. കുരുമുളകുണ്ടാകാന്‍ എന്തെങ്കിലും വഴിയുണ്ടോ ?

ഇത്രയും വര്‍ഷം പ്രായമായ പന്നിയൂര്‍ കുരുമുളക് ശരിയായ വളര്‍ച്ചാസാഹചര്യങ്ങളില്‍ ഒരു കാരണവശാലും തിരിയിടാതിരിക്കില്ല. ഇവിടെ പ്രധാനം പ്ലാവിന്റെ അമിതമായ തണല്‍തന്നെ. കൊടികള്‍ക്ക് സൂര്യപ്രകാശം കിട്ടാന്‍ സാധ്യത തീരെ കുറവാണിവിടെ. അതുകൊണ്ടുതന്നെ കൊടികള്‍ക്ക് വെയില്‍ കിട്ടാന്‍ പാകത്തിന് പ്ലാവിന്റെ ശിഖരങ്ങള്‍ കോതി നീക്കണം. 

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ താങ്ങുമരങ്ങളുടെ ശിഖരങ്ങള്‍ കോതിയൊതുക്കി വളര്‍ച്ച ക്രമീകരിക്കണം. എന്നും അവയുടെ ഉയരം ആറുമീറ്ററായി നിലനിര്‍ത്തണമെന്നും തണല്‍ കൂടിയാല്‍ ജൂലായ്, ഓഗസ്റ്റ് മാസം ഒരിക്കല്‍ക്കൂടെ കൊമ്പുകോതല്‍ നടത്തണം എന്നും ശുപാര്‍ശയുണ്ട്. വേനല്‍മഴയ്ക്കുശേഷം കൊടിച്ചുവട്ടില്‍ 500 ഗ്രാം കുമ്മായം ചേര്‍ക്കാം. കൊടിയുടെ കൈയെത്തും ദൂരത്തുള്ള കുറച്ച് ഇലകള്‍ നുള്ളിക്കളയുകയും ചെയ്യാം.

മറ്റൊരു കാര്യംകൂടി ചെയ്യാം. രണ്ടു കൊടികളില്‍ ഒരെണ്ണം ഹാര്‍ഡ് പ്രൂണിങ് അഥവാ കടുംകോതലിന് വിധേയമാക്കുക. കൊടിച്ചുവട്ടില്‍നിന്ന് 1.5-2 അടി ഉയരത്തില്‍വെച്ച് മഴയ്ക്ക് തൊട്ടുമുമ്പായി കൊടി പാടേ കോതുക. അങ്ങനെയെങ്കില്‍ കൊടി മേയ്, ജൂണ്‍ ആകുമ്പോഴേക്കും പൂവിടാന്‍ സാധ്യതയുണ്ട്. നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ ഈ പരിചരണം ഇപ്പോള്‍ത്തന്നെ ചെയ്യുകയുമാവാം.

തണലിലായാലും വളരെ ഉയരത്തില്‍ വളരുന്ന കൊടിയില്‍ പൂക്കളുണ്ടായി രോഗം ബാധിച്ച് കൊഴിയുന്നുണ്ടോ എന്ന് നോക്കണം. അങ്ങനെയെങ്കില്‍ അതിനുള്ള മരുന്നുപ്രയോഗവും വേണ്ടിവരും.

തയ്യാറാക്കിയത് : സുരേഷ് മുതുകുളം

Content Highlights: Tips for Black Pepper Cultivation