ചിലയിടങ്ങളില്‍ പ്ലാവ് നന്നായി വളരുമെങ്കിലും ചക്ക വളരെ കുറച്ച് മാത്രമേ ഉണ്ടാകാറുള്ളു. എന്റെ പറമ്പിലെ രണ്ടു പ്ലാവുകളിലും ചില വര്‍ഷങ്ങളില്‍ ചക്ക ഉണ്ടാകുമായിരുന്നില്ല. ചില വര്‍ഷങ്ങളില്‍ ഒന്നോ രണ്ടോ മാത്രം. ഒരു പരീക്ഷണമെന്ന നിലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഞാന്‍ ഒരു കാര്യം ചെയ്തു. 

ഒക്ടോബര്‍ മാസത്തില്‍ രണ്ടു പ്ലാവുകളുടെയും തടത്തില്‍ തടിയില്‍ നിന്നും രണ്ടടി വിട്ട് പതിനഞ്ച് സെന്റീമീറ്റര്‍ ( 6 ഇഞ്ച്) വ്യാസവും ഒരടി ആഴവുമുള്ള നാല് കുഴികള്‍ നാല് ഭാഗത്തായി എടുത്തു. കുഴി എടുക്കുമ്പോള്‍ പ്ലാവിന്റെ വേര് മുറിഞ്ഞു പോകാതെ നോക്കണം. 

ഈ കുഴികളില്‍ രണ്ടാഴ്ച ഇടവിട്ട് രണ്ട് പ്രാവശ്യം പഞ്ചസാര കലക്കിയ വെള്ളം ഒഴിച്ചുകൊടുത്തു. രണ്ടു പ്ലാവുകള്‍ക്കും കൂടി ഓരോ പ്രാവശ്യവും ഒന്നര കിലോഗ്രാം പഞ്ചസാരയാണ് വെള്ളത്തില്‍ കലക്കി ഉപയോഗിച്ചത്. പഞ്ചസാരയുടെ തരികള്‍ ഇട്ടാല്‍ ഉറുമ്പു കൊണ്ടുപോകുമെന്നതിനാലാണ് ഇത് കലക്കി ഒഴിച്ചത്. 

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും രണ്ട് പ്ലാവുകളിലും വളരെയേറെ ചക്കകള്‍ ഉണ്ടായി. വേറെ വളപ്രയോഗമൊന്നും നടത്തിയിട്ടില്ല. നിങ്ങളുടെ വീട്ടുപറമ്പിലെ പ്ലാവുകളില്‍ ചക്കയുണ്ടാകുന്നില്ലെങ്കില്‍ ഈ പരീക്ഷണം  നടത്താവുന്നതാണ്. 

ചില ഉത്സവങ്ങളോടനുബന്ധിച്ചുള്ള കനലാട്ടത്തിന് നല്ല പ്ലാവ് വെട്ടി വിറക് ഉപയോഗിക്കാറുണ്ട്. മിക്ക സ്ഥലങ്ങളിലും എല്ലാ വര്‍ഷവും ഈ ആചാരം മുടങ്ങാതെ നടക്കുന്നുണ്ട്. ഇതിന് പകരം കനലാട്ടത്തിന് വിപണിയില്‍ കിട്ടുന്ന കല്‍ക്കരിയോ ചിരട്ടക്കരിയോ ഉപയോഗിക്കുകയാണെങ്കില്‍ ഈ വൃക്ഷത്തെ നമുക്ക് രക്ഷപ്പെടുത്താം. 

(നിങ്ങളുടെ കൃഷിയനുഭവങ്ങള്‍ എഴുതി അയക്കാം)

Content highlights: Agriculture, Organic farming, Jack fruit tree