ഭൂമിയിലെ ഏറ്റവും വിലപിടിപ്പുള്ള തടി ഒരു പക്ഷെ ചന്ദനത്തടി ആയിരിക്കും. ഏറ്റവും മുന്തിയ ഇനത്തിന്  കിലോഗ്രാമിന് പതിനായിരം രൂപയിലധികമായിരുന്നു വില. ചന്ദനത്തടിയുടെ വിപണനവും സംസ്‌കരണവും പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്.

ലോകത്തില്‍ ചന്ദനമരക്കൃഷി കൂടുതലുള്ളത് ഇന്ത്യയിലും ആസ്‌ട്രേലിയയിലുമാണ്. ആസ്‌ട്രേലിയയിലെ 'കുനുനുറാ' എന്ന സ്ഥലത്ത് ഏതാണ്ട് 9000 ഹെക്ടര്‍ സ്ഥലത്ത് ഇന്ത്യന്‍ ചന്ദനമരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്.'

ഇന്ത്യയില്‍ കേരളം, കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ സ്വാഭാവികമായ ചന്ദനക്കാടുകളുണ്ട്. കേരളത്തില്‍ ഇടുക്കി ജില്ലയിലെ മഴനിഴല്‍ പ്രദേശമായ മറയൂരില്‍ 63 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് ചന്ദനമരങ്ങള്‍ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ വളരുന്നുണ്ട്. ഇതിന്റെ സംരക്ഷണത്തിനായി മാത്രം 211 വനപാലകരെ നിയമിച്ചിട്ടുണ്ട്. എങ്കിലും എല്ലാ വര്‍ഷവും നിരവധി കേസുകള്‍ ഇതിന്റെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

1986 ലെ കേരള മരസംരക്ഷണ നിയമത്തിന്റെ പരിധിയില്‍പ്പെടുന്നവയാണ് ചന്ദനം, തേക്ക്, ഈട്ടി, കമ്പകം എന്നിവ. ആയതിനാല്‍ സംരക്ഷിത വനമേഖലകളില്‍  നിന്നോ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ നിന്നോ ഇവ മുറിയ്ക്കുന്നതിന് വനം വകുപ്പിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. എന്നാല്‍ 2008 ലെ കേരളവന നിയമഭേദഗതി ബില്‍ പ്രകാരം ചന്ദനമരങ്ങള്‍ക്ക് പ്രത്യേക നിയമം കൊണ്ടുവന്നു. സ്വകാര്യഭൂമിയില്‍ നിന്നും സ്വകാര്യ ആവശ്യത്തിനു പോലും ചന്ദനമരങ്ങള്‍ മുറിയ്ക്കുന്നതിന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ന്റെ മുന്‍കൂര്‍ അനുമതി വേണം. 

മുറിയ്ക്കുന്ന ചന്ദനമരത്തിന്റെ ഗുണമേന്മയനുസരിച്ച് ഗവണ്‍മെന്റ് തന്നെ തടി എടുത്ത് വില നല്‍കുന്നതാണ്. നിയമം ലംഘിക്കുന്ന പക്ഷം 3-7 കൊല്ലം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാം.

നിലവിലെ നിയമപ്രകാരം സ്വകാര്യ ആവശ്യത്തിന് ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന ചന്ദനത്തടിയുടെ ചന്ദനത്തൈലം 100 മി.ല്ലിയില്‍ കൂടാനും പാടില്ല.

ഇനി കൃഷിരീതിയിലേക്ക് കടക്കാം. 

7-8 മാസം പ്രായമുള്ള ഒരടിയെങ്കിലും പൊക്കമുള്ള തൈകള്‍ ആണ് നടീല്‍ വസ്തു. 6.5-7.5 പി.എച്ച് ഉള്ള മണ്ണാണ് അനുയോജ്യം. ഒന്നരയടി നീളം, വീതി, ആഴം എന്നിവയുള്ള കുഴികള്‍ 3 മീറ്റര്‍ അകലത്തിലെടുത്ത് ചാണകപ്പൊടിയിട്ട് മണ്ണറഞ്ഞ് കുഴിമൂടി തൈകള്‍ നടാം. തടത്തില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ പാടില്ല. മിതമായ നന നല്‍കാം. ചന്ദനമരത്തിന്റെ ഒരു പ്രത്യേകത ഇതിന്റെ വേരുകള്‍ക്ക് മതിയായ മൂലകങ്ങള്‍ വലിച്ചെടുക്കുന്നതിന് 1.5-2 മീറ്റര്‍ അകലത്തില്‍ മറ്റ് ചെടികള്‍ ഉണ്ടായിരിക്കണം. ആ വേരുകളില്‍ നിന്നും ചന്ദനം ഭാഗികമായി മൂലകങ്ങളെ വലിച്ചെടുത്തുപയോഗിക്കും. 

ശീമക്കൊന്ന, തുവരപ്പയര്‍, പപ്പായ, സപ്പോട്ട എന്നിവ തോട്ടമടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ ചന്ദനത്തോട്ടത്തില്‍ ഇടവിളയായി കൃഷി ചെയ്യുന്നത് ചന്ദനമരങ്ങള്‍ക്ക് വേരില്‍ നിന്നും വളം വലിച്ചെടുക്കാന്‍ സഹായിക്കും.

സ്വാഭാവിക പരിസ്ഥിതിയില്‍ തൊട്ടാവാടി പോലെയുള്ള കളകള്‍ ഇത്തരത്തില്‍ ചന്ദനത്തിന് സഹായകമാകും. തുടക്കത്തില്‍ മിതമായ കളകളേ പാടുള്ളു. 7-8 കൊല്ലത്തെ മിതമായ വളര്‍ച്ചക്ക് ശേഷം പിന്നീട് വര്‍ഷത്തില്‍ ഒരു കിലോ എന്ന തോതില്‍ മരം വളരും.

15 വര്‍ഷമെത്തുമ്പോഴേയ്ക്കും കാതല്‍ രൂപം കൊള്ളും. പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ 13-16 മീറ്റര്‍ നീളവും 1-2 മീറ്റര്‍ വണ്ണവുമുണ്ടായിരിക്കും. 

രാസവളങ്ങളൊന്നും പ്രയോഗിക്കുന്ന പതിവില്ല. ചന്ദനമരങ്ങള്‍ മുറിച്ചെടുക്കുന്നതിന് പകരം പിഴുതെടുക്കുകയാണ് ചെയ്യുന്നത്. കാരണം വേരിന് പോലും തൂക്കത്തിനനുസരിച്ച് വില ലഭിക്കും. 

Content highlights: Sandal, Agriculture, Sandalwood cultivation