അഞ്ചുമാസം നീണ്ടുനില്‍ക്കുന്ന മഴക്കാലവും തുടര്‍ന്നുള്ള വേനലും കഴിയുമ്പോള്‍ കേരളത്തിലെ മണ്ണ് വലിയ തോതില്‍ തറഞ്ഞ് കട്ട പിടിച്ചു പോകും. ഗ്രോബാഗിനകത്തുള്ള മിശ്രിതത്തിനും ഇത് ബാധകമാണ്. ആവശ്യത്തിന് ജൈവാംശമില്ലാതിരിക്കുകയാണെങ്കില്‍ മണ്ണിന്റെ ഭൗതിക ഗുണങ്ങള്‍ നഷ്ടപ്പെട്ട് വളര്‍ച്ച മന്ദീഭവിക്കുകയും ഉല്‍പാദന ക്ഷമത കുറയുകയും ചെയ്യുന്നു. 

വളര്‍ച്ചയുടെ ഏതു ഘട്ടത്തിലും മണ്ണ് ഉറച്ചുപോകാതിരിക്കാന്‍ എന്തു ചെയ്യണം? മൊത്തം വ്യാപ്തത്തിന്റെ അഞ്ചുശതമാനമെങ്കിലും ചാണകപ്പൊടി ചേര്‍ത്ത് കൊടുക്കണം. കൂടാതെ വായുസഞ്ചാരം ഉറപ്പാക്കുന്നതിനും നീര്‍വാര്‍ച്ച ഉറപ്പുവരുത്താനും മണല്‍/ ഉമി/ ചകിരിച്ചോര്‍/കമ്പോസ്റ്റ് / പെര്‍ലൈറ്റ് എന്നിവയിലേതെങ്കിലും ചേര്‍ത്തു കൊടുക്കണം. 

Agricultureചെടികള്‍ അല്‍പം വളര്‍ന്നു കഴിഞ്ഞാല്‍ കരിയിലകള്‍ കൊണ്ട് ഗ്രോബാഗിനകത്ത് പുതയിടണം. ദ്രാവകരൂപത്തിലുള്ള വളങ്ങള്‍ (ബയോസ്ലറി), പച്ചച്ചാണകക്കുഴമ്പ്, വളച്ചായ, അമൃതജലം, പഞ്ചഗവ്യം, ഹരിതഗുണപജലം, ഫിഷ് അമിനോ ആസിഡ് മുതലായവ) ആഴ്ചയിലൊരിക്കല്‍ ഒഴിച്ചുകൊടുക്കണം. ഇപ്രകാരമുള്ള വളസേചനം മൂലമോ അമിത മഴയോ നീണ്ടു നില്‍ക്കുന്ന വെയിലോ കൊണ്ട് മണ്ണ് മിശ്രിതം തറഞ്ഞു പോകാതിരിക്കാന്‍ നമുക്കൊരു ലളിതമായ വിദ്യ അനുവര്‍ത്തിക്കാം. 

ഗ്രോബാഗിന്റെ വാവട്ടം കവിഞ്ഞു നില്‍ക്കുന്ന വിധത്തില്‍ വൃത്താകൃതിയിലോ ചതുരാകൃതിയിലോ കാര്‍ഡ് ബോര്‍ഡോ പ്ലാസ്റ്റിക് ഷീറ്റോ മുറിച്ചെടുക്കുക. ഒരു വശത്തുനിന്നും മദ്ധ്യത്തിലേക്ക് നീളത്തില്‍ ഒരു കീറലുണ്ടാക്കി ചെടി നില്‍ക്കുന്ന ഭാഗം വൃത്താകൃതിയില്‍ മുറിച്ച് കളയുക. ഇപ്രകാരം വയ്ക്കുന്ന ഈ പ്ലാസ്റ്റിക് ഷീറ്റ് മഴക്കാലത്ത്  'റെയിന്‍ ഗാര്‍ഡ്'  ആയും വേനല്‍ക്കാലത്ത് 'സണ്‍ സ്‌ക്രീന്‍ ' ആയും മണ്ണിലെ സൂക്ഷ്മാണുക്കളേയും ജൈവാംശത്തേയും സംരക്ഷിക്കുയും മിശ്രിതം കല്ലിച്ചുപോകാതെ കാക്കുകയും ചെയ്യും. 

അമിതമായി പെയ്യുന്ന മഴമൂലം മിശ്രിതത്തിലെ മൂലകങ്ങള്‍ താഴേക്ക് ഒലിച്ചു പോകാതെയും ടെറസിലെ കോണ്‍ക്രീറ്റ് പ്രതലം പൊടിഞ്ഞുപോകാതെയും ഇത് നോക്കിക്കൊള്ളും. വെള്ളവും വളവും ഒരുമിച്ച് നല്‍കുന്ന വളസേചനരീതിയില്‍ വളം നല്‍കാന്‍ തടസവുമില്ല. 

Content highlights: Agriculture, Grow bag, Sun screen,Rain guard