മാവിന്‍തോട്ടങ്ങളില്‍ രോഗകീടബാധ തടയാന്‍ വിവിധമാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള സമയമാണ് നവംബര്‍ മാസം.

തുള്ളന്‍

ഫെബ്രുവരിവരെയുള്ള മാസങ്ങളിലാണ് ആക്രമണം രൂക്ഷമാകുന്നത്. ചെടിയുടെ ഇളംതണ്ടുകളിലും തളിരിലകളിലും നീരൂറ്റിക്കുടിക്കുന്നതുമൂലം സസ്യവളര്‍ച്ച മുരടിപ്പിക്കുന്നു. കീടങ്ങള്‍ മധുരമുള്ള ഒരു സ്രവം പുറപ്പെടുവിക്കുന്നതിനാല്‍ കരിംപൂപ്പല്‍ രോഗം വരാനിടയുണ്ട്.

നിയന്ത്രണമാര്‍ഗങ്ങള്‍: ഇടതൂര്‍ന്നുവളരുന്ന കൊമ്പുകള്‍ വെട്ടി ചെറുതാക്കി കൂടുതല്‍ സൂര്യപ്രകാശം പതിക്കാനിടയാക്കുക. മിത്രകുമിളങ്ങളായ മെറ്റാറൈസിയം (20 ഗ്രാം/ലിറ്റര്‍) മാവ് പൂത്തുതുടങ്ങുമ്പോള്‍ തന്നെ 10 ദിവസം ഇടവിട്ട് തളിക്കുക. വേപ്പധിഷ്ഠിത കീടനാശിനിയായ അസാഡയറക്ടിന്‍ ഒരു ശതമാനം (രണ്ട് മില്ലി/ലിറ്റര്‍) തളിക്കുക. ഒരു പൂങ്കുലയില്‍ രണ്ടിലധികം തുള്ളനെ കാണുകയാണെങ്കില്‍ രാസകീടനാശിനി പ്രയോഗിക്കാം. അവ:

1. ഡൈമെത്തോയേറ്റ് 30 എം.ജി. (2 മില്ലി/ലിറ്റര്‍)

2. ഇമിഡാക്ലോപ്രിഡ് 17.8 എം.ജി. (3 മില്ലി/10 ലിറ്റര്‍)

3. തയോമെത്തോക്സാം 25 എം.ജി. (2 മില്ലി/10 ലിറ്റര്‍)

പൂങ്കുല ഉണ്ടായിത്തുടങ്ങുമ്പോഴും പൂക്കള്‍ വിരിഞ്ഞതിനുശേഷവും കണ്ണിമാങ്ങ പരുവത്തിലും (3 തവണ) കീടനാശിനി തളിക്കാം. ഒരേ കിടനാശിനി തുടര്‍ച്ചയായി ഉപയോഗിക്കാതിരുന്നാല്‍ കീടങ്ങള്‍ പ്രതിരോധശേഷി ആര്‍ജിക്കുന്നത് തടയാം.

കായീച്ച

ഏപ്രില്‍-മേയ് മാസങ്ങളിലാണ് ആക്രമണം രൂക്ഷമാകുന്നത്. പെണ്ണീച്ച മൂപ്പെത്താറായ മാങ്ങയുടെ പുറംതൊലി തുളച്ച് മുട്ടയിടുന്നു. മുട്ടവിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ മാമ്പഴത്തിന്റെ കാമ്പ് ഭക്ഷിച്ച് വളരുന്നു.

നിയന്ത്രിക്കാന്‍ കീടബാധയേറ്റ മാമ്പഴങ്ങള്‍ ശേഖരിച്ച് നശിപ്പിക്കുക. വേനല്‍ക്കാലത്ത് തോട്ടം നന്നായി ഉഴുതുമറിക്കുന്നത് കീടത്തിന്റെ സമാധിദശകളെ നശിപ്പിക്കാന്‍ സഹായിക്കും. മാവ് പൂവിടാന്‍ തുടങ്ങുമ്പോള്‍ മീഥെയില്‍ യൂജിനോള്‍ ഫിറമോണ്‍ കെണി (15 സെന്റിലേക്ക് 1 കെണി) തോട്ടത്തില്‍ സ്ഥാപിക്കുക. 

മൂപ്പെത്തിയ മാമ്പഴം ചൂടുള്ള വെള്ളത്തില്‍ 10 മിനിറ്റ് മുക്കിയെടുക്കുന്നത് പഴങ്ങള്‍ കേടുകൂടാതെ സംരക്ഷിക്കും. ഇതിനായി തുല്യ അളവില്‍ തിളച്ച വെള്ളവും പച്ചവെള്ളവും മിക്‌സ് ചെയ്യുക. ഇതില്‍ ഒരു നുള്ള് ഉപ്പുകൂടി ചേര്‍ക്കുക. മാമ്പഴം 10 മിനിറ്റുനേരം മുക്കിവെക്കുക. അതിനുശേഷം നന്നായി തുടച്ച് പഴുപ്പിക്കാന്‍ വെക്കാം. ബ്യൂവേറിയ ബാസിയാന 20 ഗ്രാം/ലിറ്റര്‍ എന്നതോതില്‍ കലക്കി തടത്തില്‍ ഒഴിക്കുക.

കരിംപൂപ്പ്

കറുത്തനിറത്തിലുള്ള കുമിള്‍വളര്‍ച്ച ഇലകള്‍, തണ്ട്, കൊമ്പ് എന്നിവയില്‍ കാണുന്നു. മീലിമൂട്ട, മൂഞ്ഞ, തുള്ളന്‍ മുതലായ കീടങ്ങള്‍ പുറപ്പെടുവിക്കുന്ന മധുരമുള്ള സ്രവം ഇവ വളരാന്‍ സഹായിക്കുന്നു. തത്ഫലമായി ഇലകളുടെ പ്രകാശസംശ്ലേഷണക്ഷമത കുറയുന്നു. ഇത് ഇലകള്‍ പെട്ടെന്ന് പൊഴിയാന്‍ കാരണമാകുന്നു.

കഞ്ഞിപ്പശ നേര്‍പ്പിച്ചത്/സള്‍ഫര്‍ 80 എം.ജി. (2 ഗ്രാം/ലിറ്റര്‍)/കാര്‍ബെന്‍ഡാസിം 50 എം.ജി. (1 ഗ്രാം/ലിറ്റര്‍) തളിക്കുക. രോഗബാധയേറ്റ സസ്യഭാഗങ്ങള്‍ നശിപ്പിക്കുക.

കൊമ്പുണക്കം

രോഗബാധയേറ്റ കൊമ്പുകള്‍ ഉണങ്ങുകയും ഇലകള്‍ പൊഴിയുകയും ചെയ്യുന്നു. പ്രാരംഭത്തില്‍ തൊലി ഇരുണ്ട നിറത്തിലാകുകയും അരികുകള്‍ മുകളിലേക്ക് മടങ്ങുകയും ചെയ്യുന്നു. രോഗം ബാധിച്ച കൊമ്പുകള്‍ മുറിച്ചുമാറ്റിയശേഷം മുറിപ്പാടില്‍ ബോര്‍ഡോകുഴമ്പ് (10%)/കോപ്പര്‍ ഓക്സീക്ലോറൈഡ് തേച്ചുപിടിപ്പിക്കുക. കോപ്പര്‍ ഓക്‌സീക്ലോറൈഡ് 3 ഗ്രാം/ലിറ്റര്‍ തളിക്കുക.

വിവരങ്ങള്‍ക്ക്: ഡോ: എസ്. സിമി, കേരള കാര്‍ഷികസര്‍വകലാശാല - 9946867991

Content Highlights: Protect Mangoes From Pesticide Attack