കോവല്‍ വള്ളികള്‍ പടരുമ്പോള്‍ വളര്‍ച്ച മുരടിച്ചു വള്ളിയുടെ അറ്റം തടിച്ചു വലുതാകുന്നു. ചുരുണ്ടിരിക്കുന്ന ഇലയുടെ അടിവശത്തു മഞ്ഞള്‍പൊടി പോലുള്ള പേനുകളും അവയെ പൊതിഞ്ഞു പുളിയന്‍ ഉറുമ്പുകളും ധാരാളം കാണുന്നു ?
മുഞ്ഞകളെ നശിപ്പിക്കാന്‍ രണ്ട് ശതമാനം വേപ്പെണ്ണ - വെളുത്തുള്ളി എമല്‍ഷന്‍ തളിക്കാം. അല്ലെങ്കില്‍ അഞ്ച് മില്ലി വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം. വള്ളിയിലുള്ള പുളിയുറുമ്പുകളെ മീന്‍കെണിയില്‍ കുടുക്കി നശിപ്പിക്കണം. എന്നിട്ട് ചോണനുറുമ്പിന്റെ കൂട് (നീറുപെട്ടി) വേറെ ഏതെങ്കിലും മരത്തില്‍ നിന്നെടുത്തു കോവല്‍ ചെടിയില്‍ വെച്ചാല്‍ അവ മുഞ്ഞകളെ കൊല്ലും. മിത്രകുമിളായ വെര്‍ട്ടിസിലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആഴ്ചയിലൊരിക്കല്‍ തളിക്കുക. പുകയിലക്കഷായം തളിക്കുന്നതും നല്ലതാണ്. മുഞ്ഞബാധ അമിതമായ ഭാഗങ്ങള്‍ നീക്കി നശിപ്പിക്കുകയും വേണം.
കോവല്‍ വള്ളിയുടെ തണ്ട് തടിക്കുന്നത് ഗാളീച്ച കുത്തുന്നതിനാലാണ്. ഗാളീച്ച തണ്ടിനുള്ളില്‍ മുട്ടയിട്ട് ഇവ വിരിഞ്ഞു ധാരാളം ലാര്‍വകള്‍ ഒരേസമയം, തണ്ടിനുള്ളില്‍ ഉണ്ടാകുമ്പോഴാണ് ആ ഭാഗം വീര്‍ത്തുമുഴ പോലെയാകുന്നത്. ഇത് പിന്നീട് നശിക്കും. വീര്‍ത്ത ഭാഗം നെടുകെ പിളര്‍ന്നുനോക്കിയാല്‍ ഉള്ളില്‍ ഗാളീച്ചയെ കാണാം. മുഴ കണ്ട ഭാഗങ്ങള്‍ മുറിച്ചു കളയാം. ഒപ്പം 'തുളസിക്കെണി' കെട്ടി ഗാളീച്ചകളെ നശിപ്പിക്കണം. ഏകദേശം 25 ഗ്രാം തുളസിയില നന്നായി ചതച്ച് രണ്ടുതുള്ളി മാലത്തയോണ്‍ കീടനാശിനിയും കുറച്ചു വെള്ളവും പത്തുഗ്രാം ശര്‍ക്കരയും ചേര്‍ത്ത് തുളസിക്കെണി തയ്യാറാക്കാം.
Content Highlights: Pest control in Ivy gourd cultivation