കശുമാവില്‍ പൂവ് മാറി ചെറിയ കശുവണ്ടിയാകുമ്പോള്‍ നീരൂറ്റിക്കുടിക്കുന്ന ചെമ്പന്‍ചെല്ലിയുടെ ഉപദ്രവം കാണുന്നു. കശുവണ്ടി ഉണങ്ങിപ്പോകുന്നുമുണ്ട്. പരിഹാരം എന്താണ് ? 

ചെമ്പന്‍ചെല്ലി കശുമാവിനെ ഉപദ്രവിക്കുന്നതായി നാളിതുവരെ കണ്ടെത്തിയിട്ടില്ല. കശുമാവ് പൂത്താല്‍ തളിരുകള്‍, വിരിയാന്‍ തുടങ്ങുന്ന പൂങ്കുലകള്‍, പിഞ്ചു കശുവണ്ടി, ഇളം പ്രായമുള്ള കശുമാങ്ങ എന്നിവയുടെ നീര് തേയിലക്കൊതുക് എന്ന പ്രാണി കുടിച്ച് ഉണക്കുന്നതു പതിവാണ്. തോട്ടം അടിസ്ഥാനത്തില്‍ കശുമാവ് കൃഷിചെയ്യുന്നവര്‍ ശാസ്ത്രീയ ശുപാര്‍ശപ്രകാരം മരുന്നു തളിച്ച് തേയിലക്കൊതുകിനെ നിയന്ത്രിക്കുന്നു. 

അത് ഇപ്രകാരമാണ്. കശുമാവ് തളിരിടുമ്പോള്‍ 0.0003 ശതമാനം ലാംഡ(0.6 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍), 0.2 ശതമാനം കോപ്പര്‍ ഓക്‌സി ക്ലോറൈഡ് (രണ്ട് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍), പൂവിടുമ്പോള്‍ 0.05 ശതമാനം ക്വിനാല്‍ഫോസ് (രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍), 0.2 ശതമാനം മാങ്കോസെബ് (രണ്ട് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍), പിഞ്ചണ്ടിയുണ്ടാകുമ്പോള്‍ തയോമെതോക്‌സാം 0.2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നിങ്ങനെയാണ് മരുന്നുതളി ഷെഡ്യൂള്‍. ആദ്യ മരുന്നുതളി തളിരുണ്ടാകുന്ന ഒക്ടോബര്‍-നവംബറിലും രണ്ടാമത്തേത് പൂങ്കുലയുണ്ടാകുന്ന ഡിസംബര്‍-ജനുവരിയിലും മൂന്നാമത്തേത് പിഞ്ചണ്ടിയുണ്ടാകുന്ന ജനുവരി-ഫെബ്രുവരിയിലും ആണ് നടത്തേണ്ടത്.

തേനീച്ചകള്‍ക്ക് അപകടമായതിനാല്‍ പൂക്കുന്ന സമയത്തു ലാംഡ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അതുപോലെത്തന്നെ ഉറുമ്പുകള്‍ (നീറുകള്‍) കൂടു കെട്ടിയിട്ടുള്ള മരങ്ങളിലും മരുന്നുതളി ഒഴിവാക്കണം. കാരണം നീറുകള്‍ക്ക് തേയിലക്കൊതുകുകളെ നശിപ്പിക്കാനുള്ള നൈസര്‍ഗിക ശേഷിയുണ്ടെന്ന് തെളിഞ്ഞിട്ടുള്ളതാണ്. കാസര്‍കോട് ജില്ലയിലെ എന്‍. വാസവന്‍ എന്ന കര്‍ഷകന്‍ നീറിന്‍കൂടുകള്‍ തോട്ടത്തില്‍ സ്ഥാപിച്ച് തേയിലക്കൊതുകുകളെ 100 ശതമാനം ഫലപ്രദമായി നിയന്ത്രിച്ചിട്ടുണ്ട്. പാറമടയിലെ കശുമാവിന്‍തോട്ടത്തില്‍ പുളിയുറുമ്പുകളെ മാത്രം ഉപയോഗിച്ച് തൃശ്ശൂര്‍ പാണഞ്ചേരിയിലെ മാരയ്ക്കല്‍ ചൊള്ളാക്കുഴി ജോസഫും തേയിലക്കൊതുകിനെ നിയന്ത്രിച്ചു. ഇത് ചെറുകിട കശുമാവ് കര്‍ഷകര്‍ക്ക് അനുകരണീയമാണ്.

തയ്യാറാക്കിയത്: സുരേഷ് മുതുകുളം

Content Highlights: Pest and disease management of cashew