ഴക്കാലം കുരുമുളകുവള്ളികള്‍ക്ക് പൊതുവേ ഗുണപ്രദമാണെങ്കിലും ഏറ്റവും കൂടുതല്‍ ശ്രദ്ധനല്‍കേണ്ട സമയംകൂടിയാണ്. കാരണം മഴ ആരംഭിക്കുമ്പോഴേക്കും രോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. പ്രത്യേകിച്ചും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സമയത്ത് ദ്രുതവാട്ടം പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു കാണാറുള്ളതിനാല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കര്‍ഷകര്‍ക്ക് മുന്നറിയിപ്പുനല്‍കുന്നു.

രോഗത്തിന്റെ തീവ്രതയനുസരിച്ച് വള്ളികളിലെ ലക്ഷണം പലരീതിയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തോട്ടങ്ങളില്‍ നീര്‍വാര്‍ച്ചാസംവിധാനം പ്രധാനമായും ഉറപ്പുവരുത്തേണ്ടതാണ്. അതുപോലെതന്നെ രോഗകാരികളായ ഫൈറ്റോഫ്തോറ എന്ന കുമിളിനെതിരേ പൊരുതാന്‍ കഴിവുള്ള മിത്രകുമിളിനങ്ങളായ ട്രൈക്കോഡെര്‍മ, സ്യൂഡോമോണസ് എന്നിവ ജൈവവളത്തോടൊപ്പം ചെടിയുടെ ചുവട്ടില്‍ നല്‍കേണ്ടതാണ്. 

മഴ തുടങ്ങുമ്പോഴേക്കും ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം ചെടികള്‍ക്കു തളിച്ചുകൊടുക്കേണ്ടതാണ്. 0.2 ശതമാനം വീര്യമുള്ള കോപ്പര്‍ ഓക്സിക്ലോറൈഡ് തടത്തില്‍ കുതിര്‍ക്കെ ഒഴിച്ചുകൊടുക്കുന്നത് നല്ല പ്രതിരോധമാര്‍ഗമാണ്. ജൈവകീടനാശിനികള്‍ ഉപയോഗിക്കുന്ന തോട്ടങ്ങളില്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് ഒഴിവാക്കേണ്ടതാണ്.

മഴ ശക്തിപ്രാപിക്കുന്നതിനുമുമ്പ് രോഗബാധയേറ്റ് നശിച്ച കൊടികള്‍ പറിച്ചെടുത്ത് ദൂരെക്കൊണ്ടുപോയി പൂര്‍ണമായും തീയിട്ട് നശിപ്പിക്കുക. മറ്റു ചെടികളിലേക്ക് രോഗം വ്യാപിക്കുന്നത് തടയാന്‍ ഇത് സഹായിക്കും. കാലവര്‍ഷസമയത്ത് പൊതുവേ കീടാക്രമണത്തിനുള്ള സാധ്യതകളുമുണ്ട്.

കുരുമുളകിനെ ആക്രമിക്കുന്ന ഏറ്റവും വിനാശകാരിയായ കീടമാണ് പൊള്ളുവണ്ട്. വേപ്പെണ്ണ ഉപയോഗിച്ചുള്ള കീടനാശിനിയായ നീം ഗോള്‍ഡ് മൂന്നാഴ്ച ഇടവിട്ട് 0.6 ശതമാനം എന്നതോതില്‍ ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ തളിച്ചുകൊടുക്കാവുന്നതാണ്. 

മഴക്കാലം ശക്തിപ്രാപിക്കുന്നതിനുമുമ്പ് താങ്ങുചെടികളില്‍ ഒന്നോ രണ്ടോ ചില്ലകള്‍ മാത്രം നിലനിര്‍ത്തി മറ്റുകൊമ്പുകള്‍ കോതിക്കൊടുക്കുന്നത് സൂര്യരശ്മികള്‍ കൊടികളില്‍ എത്തിച്ചേര്‍ന്ന് കൊടിയുടെ വളര്‍ച്ചയും വിളവും കൂട്ടുന്നതിനും രോഗാണുക്കളെ നിയന്ത്രിക്കുന്നതിനും സഹായിക്കുമെന്നും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

Content Highlights: Pepper Tree Farming