ഒരു ചതുരശ്രമീറ്റര്‍ ( ഒരു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള സ്ഥലം) സ്ഥലത്ത് നിന്ന്‌ ഒരു കിലോ നെല്ല് വിളയിച്ചെടുക്കാമെന്ന് തെളിയിച്ചിട്ടുണ്ട്. വരികള്‍ തമ്മിലും വരിയിലെ ചെടികള്‍ തമ്മിലും 20 സെന്റീമീറ്റര്‍ അകലം പാലിച്ചു നടുകയാണെങ്കില്‍ ഒരു ചതുരശ്രമീറ്ററില്‍ 25 നുരികള്‍. ഒരു നുരിയില്‍ മൂന്ന് ഞാര്‍. അപ്പോള്‍ ഒരു ചതുരശ്രമീറ്ററില്‍ 75 നെല്‍ച്ചെടികള്‍. ഒരു ചെടിയില്‍ 15 ചിനപ്പുകള്‍. ഒരു കതിരില്‍ 100 മണികള്‍. 1000 മണികളുടെ തൂക്കം 25 ഗ്രാം. പക്ഷേ ഈ കണക്ക് ശരിയാകണമെങ്കില്‍ ഞാറുകള്‍ കരുത്തുള്ളതായിരിക്കണം.അതിനെന്തു വഴി?

വിത്ത് ഗുണമേന്മയുള്ളതായിരിക്കണം. വിത്തിനുള്ളില്‍ പരിപ്പ് പൂര്‍ണമായും നിറഞ്ഞിരിക്കണം. കുറച്ച് പരിപ്പ് മാത്രമുള്ള നെല്‍വിത്തുകളും മുളയ്ക്കാറുണ്ട്. പക്ഷെ കരുത്തുണ്ടാവില്ല. രോഗകീടങ്ങള്‍ക്ക് വേഗം അടിമപ്പെട്ടുപോകും.

അതിനാല്‍ നൂറ് ശതമാനവും നിറഞ്ഞ ഈടുള്ള നെന്മണികള്‍ മാത്രമേ പാടത്തേക്ക് പോകാന്‍ പാടുള്ളു. വെറും വെള്ളത്തില്‍ വിത്തിടുകയാണെങ്കില്‍ പൂര്‍ണമായും പതിരായവ മാത്രമേ പൊങ്ങിക്കിടക്കുകയുള്ളു. 

വെറും വെള്ളത്തില്‍ വിത്തിടുകയാണെങ്കില്‍ പൂര്‍ണമായും പതിരായവ മാത്രമേ പൊങ്ങിക്കിടക്കുകയുള്ളു. മുക്കാല്‍ ഭാഗം നിറഞ്ഞ നെന്മണികള്‍ വെള്ളത്തില്‍ താഴ്ന്ന് തന്നെ കിടക്കും.

അതിനാല്‍ നമുക്ക് നെല്‍വിത്ത് കറിയുപ്പ് കലര്‍ത്തിയ വെള്ളത്തില്‍ മുക്കിയിട്ട് അതില്‍ താഴ്ന്ന് കിടക്കുന്ന പൂര്‍ണമായും പരിപ്പ് നിറഞ്ഞ വിത്തുകള്‍ മാത്രം വിതയ്ക്കാനായി എടുക്കാം. 

40 ലിറ്റര്‍ ശുദ്ധമായ വെള്ളത്തില്‍ ഒന്നരക്കിലോഗ്രാം കറിയുപ്പ് നന്നായി കലക്കിയതിന് ശേഷം അതില്‍ നെല്‍വിത്തിട്ട് നന്നായി ഇളക്കുക. ഒന്നോ രണ്ടോ മിനിറ്റുകള്‍ക്ക് ശേഷം പൊന്തിക്കിടക്കുന്ന വിത്തുകള്‍ വാരി മാറ്റുക. താഴ്ന്ന് കിടക്കുന്ന വിത്തുകള്‍ മൂന്ന് നാലാവൃത്തി ശുദ്ധമായ വെള്ളത്തില്‍ കഴുകി തണലത്തുണക്കി വിതയ്ക്കാനായി ഉപയോഗിക്കാം.

Content highlights: Agriculture, Organic farming, Paddy field