ല്ലാ അഗ്രിഷോപ്പുകളും ലോക്ഡൗണിലാണ്. ജൈവകീടനാശിനിയും മറ്റും കിട്ടാനും പ്രയാസം. അപ്പോഴാണ് നിറഞ്ഞു പടര്‍ന്നു വളര്‍ന്നു വരുന്ന പയര്‍ചെടിയുടെയും കൈപ്പയുടെയും പടവലത്തിന്റെയും വെണ്ടയുടെയും ഇലയും തണ്ടും പുഴു തിന്ന് നശിപ്പിക്കുന്നത് കാണുക. നല്ല ഉഷാറായി വളര്‍ന്നു വരുന്ന സമയത്തായിരിക്കും തളിരില തിന്നും തണ്ടു തുരന്നും ഇലകള്‍ വാടിയും വിളയുടെ ഫലത്തെയും വളര്‍ച്ചയെയും മൊത്തം ബാധിക്കുന്നതരത്തില്‍ ഇവയുടെ ആക്രമണം. തണ്ടീച്ച(Stemfly) എന്നുവിളിക്കുന്ന ഇവയെ തുടക്കത്തിലേ കണ്ടെത്തിയാല്‍ വീട്ടിലുണ്ടാക്കുന്ന ജൈവകീടനാശിനികൊണ്ടുതന്നെ  ഫലപ്രദമായി നിയന്ത്രിച്ചുനിര്‍ത്താം.

തണ്ടീച്ച

അഗ്രോ മൈസീഡേ കുടുംബത്തില്‍പ്പെട്ട ഒഫിയോമീ ഫാസിയോളി(Ophiomyia Phaseoli) എന്ന ശാസ്ത്രനാമത്തിലുള്ള ഈച്ചയാണ് വില്ലന്‍. മൂന്നുമില്ലിമീറ്ററോളം മാത്രം നീളവും കറുപ്പുകലര്‍ന്ന ചാരനിറവുമാണ് ഈച്ചക്കുണ്ടാകുക. പെണ്ണീച്ച ഇലകളിലും തണ്ടുകളിലും മുറിവുകളുണ്ടാക്കി മുട്ടകളിടുന്നു. ഇങ്ങനെ മുറിവുണ്ടാക്കുമ്പോള്‍ പുറത്തേക്കുവരുന്ന നീര് ഈച്ചകള്‍ ആഹാരമാക്കുകയും ചെയ്യും. 

മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ ചെടിയുടെ ഇലയും തണ്ടുകളും തുരന്നു തിന്നു നശിപ്പിക്കുന്നു ക്രമേണ അതിനു മുകളിലെ ഭാഗം വാടി നശിച്ചുപോകുന്നു. തണ്ടു ഭാഗം മുറിച്ചു ചീന്തി നോക്കിയാല്‍ അതില്‍ ചെറിയ പുഴുക്കളെ കാണാം. പുഴുക്കള്‍ പൂര്‍ണ വളര്‍ച്ചയെത്താന്‍ 6 മുതല്‍ 12 ദിവസം വരെയെടുക്കും. പുഴുക്കള്‍ തുരന്നുണ്ടാക്കുന്ന ചാലില്‍ത്തന്നെയാണ് അവയുടെ സമാധിദശയും കഴിയുന്നത് ഇത് ഏകദേശം ഒരാഴ്ചയോളമെടുക്കും.

തുരത്താന്‍ നാറ്റപ്പൂച്ചെടി

വേപ്പെണ്ണ എമെല്‍ഷന്‍, വെളുത്തുള്ളി ബാര്‍ സോപ്പ് മിശ്രിതം എന്നിവയെല്ലാം ഉപയോഗിച്ച് ഇത് നിയന്ത്രിക്കാമെങ്കിലും നാറ്റപ്പൂച്ചെടി ബാര്‍സോപ്പ് മിശ്രിതമാണ് കൂടുതല്‍ ഫലപ്രദം. നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ഒരു തരം മണമുള്ള ഇലയുള്ള ചെടിയാണിത്. ലാബിയേറ്റ കുടുംബത്തില്‍പ്പെട്ട ഇതിന്റെ ശാസ്ത്രനാമം ഹെപ്റ്റിസ് സ്യൂവോളന്‍സ് പോയ്റ്റ് എന്നാണ്. 

നാറ്റപ്പൂച്ചെടിയുടെ ഇളം തണ്ടും ഇലകളും ചതച്ച് നീരെടുക്കുക. 50 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുക്കുക. ഇതു ചതച്ചെടുത്ത ഒരുലിറ്ററോളം നാറ്റപ്പൂച്ചെടി സത്തുമായി യോജിപ്പിക്കുക. ഇത് ഒരു ലിറ്റര്‍ വെള്ളത്തില്‍ 150 മില്ലി എന്നരീതിയില്‍ ചേര്‍ത്ത് ചെടികള്‍ മൊത്തം തളിച്ചുകൊടുക്കാം. 

ഇലകളുടെ മുകളിലും അടിയിലും തണ്ടുകളിലും മിശ്രിതം വീഴുന്നരീതിയില്‍ വേണം തളിക്കേണ്ടത്. ആഴ്ചയില്‍ രണ്ടുതവണയായി തളിച്ചുകൊടുക്കണം. തണ്ടീച്ചയുടെ ആക്രമണം കൂടുതലായി കാണുന്ന സ്ഥലങ്ങളില്‍ വിത്തുകള്‍ അല്ലെങ്കില്‍ ചെടികള്‍ നടുന്നതിന്റെ എണ്ണം വര്‍ധിപ്പിക്കണം.

Content Highlights: organic pest control for plants