തക്കാളിച്ചെടിയുടെ ദ്രുതവാട്ടരോഗം ഉണ്ടാകാതിരിക്കാന്‍ എന്ത് ചെയ്യണം? ആരോഗ്യത്തോടെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ചതുരപ്പയറിന്റെ വള്ളികള്‍ പെട്ടെന്ന് വാടിപ്പോകുന്നു. പരിശോധിച്ചപ്പോള്‍ പ്രത്യക്ഷത്തില്‍ അതില്‍ ക്ഷതമോ കീടങ്ങളോ ഇല്ല. എന്താണ് കാരണം? പ്രതിവിധി എന്ത്?

തക്കാളിയുടെ സ്ഥിരം പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടരോഗം. രോഗബാധയേറ്റ ചെടികള്‍ പെട്ടെന്ന് വാടിപ്പോകും. രോഗം വരാതിരിക്കാനുള്ള പ്രതിരോധനടപടികള്‍ തന്നെയാണ് ഏറ്റവും ഫലപ്രദം. തടത്തില്‍ വെള്ളംകെട്ടാതെ നീര്‍വാര്‍ച്ച ഉറപ്പാക്കുക. രോഗലക്ഷണം കാട്ടുന്ന ചെടികള്‍ പിഴുതു നീക്കുക. രോഗപ്രതിരോധശേഷിയുള്ള ശക്തി, മുക്തി, അനഘ, മനുലക്ഷ്മി, മനുപ്രഭ, അക്ഷയ, വെള്ളായണി വിജയ് തുടങ്ങിയ ഇനങ്ങള്‍ വളര്‍ത്തുക.

രോഗബാധ നേരത്തേ കണ്ടിട്ടുള്ള ഇടങ്ങളില്‍ തക്കാളിക്കൃഷി താത്കാലികമായി ഒഴിവാക്കുക. തൈകള്‍ സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ അരമണിക്കൂര്‍ നേരം മുക്കിവെച്ചിട്ടു നടുക. തൈകള്‍ നടുന്നതിനുമുന്‍പ് കൃഷിയിടത്തില്‍ ഒരു സെന്റിന് പത്തുഗ്രാം എന്ന തോതില്‍ ബ്ലീച്ചിങ് പൗഡര്‍ വിതറി മണ്ണിളക്കിച്ചേര്‍ക്കുക തുടങ്ങിയവ ചെയ്യാം. 

രോഗം ബാധിച്ചാല്‍ ഒരു ശതമാനം ബോര്‍ഡോ മിശ്രിതം അല്ലെങ്കില്‍ മൂന്ന് ഗ്രാം കോപ്പര്‍ ഓക്‌സി ക്ലോറൈഡ് അല്ലെങ്കില്‍ ഒരു ഗ്രാം സ്‌ട്രെപ്‌റ്റോസൈക്ലിന്‍ ആറ് ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയത് - ഇവയിലൊന്ന് ചുവട്ടില്‍ ഒഴിക്കുന്നത് രോഗനിയന്ത്രണത്തിന് സഹായിക്കും. സ്‌ട്രെപ്‌റ്റോസൈക്ലിന്‍ ലായനിയില്‍ അര മണിക്കൂര്‍ നേരം തൈകള്‍ മുക്കിവെച്ചിട്ടു നടുന്നതും നല്ലതാണ്. രണ്ടാഴ്ചയിലൊരിക്കല്‍ സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നതും തടത്തില്‍ ഒഴിക്കുന്നതും വാട്ടരോഗം അകറ്റിനിര്‍ത്തും.

അധിക നന ഒഴിവാക്കുക, 20 ഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളിയൂറ്റി 20 ഗ്രാം സ്യൂഡോമോണസ് ചേര്‍ത്ത് തടത്തില്‍ ഒഴിച്ചും കോപ്പര്‍ ഓക്‌സി ക്ലോറൈഡ് നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ നേര്‍പ്പിച്ചു തളിച്ചും ചുവട്ടില്‍ ഒഴിച്ചും ചതുരപ്പയറിന്റെ വാട്ടരോഗത്തിനു പരിഹാരം കാണാം.

Content Highlights: How to identify and control tomato plant disease