ക്കാളിയുടെ സ്ഥിരം പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടരോഗം. രോഗബാധയേറ്റ ചെടികള്‍ പെട്ടെന്ന് വാടിപ്പോകും. പ്രതിരോധ നടപടികള്‍ തന്നെയാണ് ഏറ്റവും ഫലപ്രദം. തടത്തില്‍ വെള്ളം കെട്ടാതെ നീര്‍വാര്‍ച്ച ഉറപ്പാക്കുക. രോഗലക്ഷണമുള്ള ചെടികള്‍ പിഴുതുനീക്കുക. രോഗപ്രതിരോധശേഷിയുള്ള ശക്തി, മുക്തി, അനഘ, മനുലക്ഷ്മി, മനുപ്രഭ, അക്ഷയ, വെള്ളായണി വിജയ് തുടങ്ങിയ ഇനങ്ങള്‍ വളര്‍ത്തുക. 

രോഗബാധ നേരത്തേ കണ്ടിട്ടുള്ള ഇടങ്ങളില്‍ തക്കാളിക്കൃഷി താത്കാലികമായി ഒഴിവാക്കുക. തൈകള്‍ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ അരമണിക്കൂര്‍ നേരം മുക്കിവെച്ചിട്ട് നടുക. തൈകള്‍ നടുന്നതിനുമുന്‍പ് കൃഷിയിടത്തില്‍ ഒരു സെന്റിന് 10 ഗ്രാം എന്ന തോതില്‍ ബ്ലീച്ചിങ് പൗഡര്‍ വിതറി മണ്ണിളക്കി ചേര്‍ക്കുക തുടങ്ങിയവ ചെയ്യാം.

രോഗം ബാധിച്ചാല്‍ ഒരു ശതമാനം ബോര്‍ഡോ മിശ്രിതം അല്ലെങ്കില്‍ മൂന്നുഗ്രാം കോപ്പര്‍ ഓക്‌സി ക്ലോറൈഡ്, അല്ലെങ്കില്‍ ഒരു ഗ്രാം സ്‌ട്രെപ്‌റ്റോസൈക്ലിന്‍ ആറുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയത് -ഇവയിലൊന്ന് ചുവട്ടില്‍ ഒഴിക്കാം. സ്‌ട്രെപ്‌റ്റോ സൈക്ലിന്‍ ലായനിയില്‍ അരമണിക്കൂര്‍ തൈകള്‍ മുക്കിവെച്ചിട്ട് നടുന്നതും നല്ലതാണ്. രണ്ടാഴ്ചയിലൊരിക്കല്‍ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നതും തടത്തില്‍ ഒഴിക്കുന്നതും വാട്ടരോഗം അകറ്റിനിര്‍ത്തും.

തയ്യാറാക്കിയത്: സുരേഷ് മുതുകുളം

Content Highlights: How to identify and control tomato plant disease