വീട്ടില്‍ പാഷന്‍ ഫ്രൂട്ട് തൈകളുണ്ട്. ധാരാളം പൂക്കള്‍ ഉണ്ടാകുന്നു. പക്ഷേ, ഒന്നുംതന്നെ കായ്ക്കുന്നില്ല. പരിഹാരമെന്ത് ?
ചെടിയുടെ ചില പരാഗണ സവിശേഷതകള്‍/പ്രശ്‌നങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണ് ഇത്. പാഷന്‍ ഫ്രൂട്ട് അടിസ്ഥാനപരമായി ഒരു പരപരാഗണ വിളയാണെങ്കിലും ഒരേ പൂവില്‍ത്തന്നെ പരാഗകേസരവും/ പൂമ്പൊടി(ആണ്‍ഭാഗം), സ്ത്രീകേസരം എന്ന പെണ്‍ഭാഗവുമുണ്ടെങ്കിലും വ്യത്യസ്തമായ ക്രമീകരണത്താല്‍ ഇവ ഒരേ സമയത്ത് പ്രായപൂര്‍ത്തിയാകുന്നില്ല. അതുകൊണ്ടുതന്നെ സ്വയംപരാഗണം പാഷന്‍ ഫ്രൂട്ടില്‍ പ്രായോഗികമായി നടക്കുകയില്ല.
ഇക്കാരണത്താല്‍ പാഷന്‍ ഫ്രൂട്ടില്‍ പൂപിടിക്കാന്‍ തുടങ്ങുന്ന സമയത്ത് കുറെയധികം പൂക്കള്‍ പരാഗണം നടക്കാതെതന്നെ കൊഴിഞ്ഞുപോകാനിടയാകുന്നു. എന്നാല്‍, ഇത് കുറച്ചുകഴിഞ്ഞ് ശരിയാകും. ഇത്തരം പൂക്കളുടെ പരാഗണത്തെ സഹായിക്കുന്നത് തേനീച്ച, കരിവണ്ട്, ചിത്രശലഭം, ചെറിയ കുരുവികള്‍ എന്നിവയാണ്. ഇവയുടെ സാന്നിധ്യം താങ്കളുടെ പാഷന്‍ഫ്രൂട്ട് ചെടികളില്‍ ഇല്ലേ എന്ന് പരിശോധിക്കുക. വള്ളികള്‍ പൂക്കാന്‍ തുടങ്ങി ഒരു മാസം കഴിയുമ്പോള്‍ സാവകാശം കായ്കള്‍ പിടിക്കാന്‍ തുടങ്ങും.
ആരംഭത്തിലെ ഈ പൂകൊഴിയാല്‍ അത്ര കാര്യമാക്കേണ്ടതില്ല. പാഷന്‍ ഫ്രൂട്ടില്‍ പ്രത്യേകിച്ച് മഞ്ഞ ഇനത്തില്‍ പരാഗണപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കൈകൊണ്ട് പരാഗണം ചെയ്യുന്നതും തേനീച്ച വളര്‍ത്തുന്നതും വിത്തുതൈകള്‍ ഉപയോഗിക്കുന്നതും വ്യത്യസ്ത ചെടികളില്‍നിന്നുള്ള തണ്ടുകള്‍ നടാനെടുക്കുന്നതും കൂടുതല്‍ കായ്കള്‍ പിടിക്കാന്‍ സഹായിക്കും.
Content Highlights: How to get get high yields from passion fruits