ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ച് കൃഷി നടത്തുന്നവരുടെ ഒരു പ്രധാനപ്രശ്നം പൊട്ടാഷിന്റെ കുറവാണ്. ഓരോ ചെടിക്കും മാസത്തിലൊരിക്കല്‍ അമ്പതുഗ്രാം പൊട്ടാഷ് അത്യാവശ്യമാണ്. പ്രകൃതി ദത്തമായ പാറപൊടിച്ചുണ്ടാക്കുന്ന പൊട്ടാഷ് നേരിട്ട് ചെടിക്ക് ഉപയോഗിക്കാമെങ്കിലും രാസശാലയില്‍ ഉല്‍പാദിപ്പിക്കുന്നതാണെന്നു കരുതി അതുപയോഗിക്കുന്ന പ്രവണത ജൈവകര്‍ഷകര്‍ക്കിടയില്‍ കാണുന്നില്ല. 

അതിനുപകരം ചാരമാണ് നമ്മള്‍ ഉപയോഗിക്കാറ്. അതുപലപ്പോഴും നമുക്ക് വിനയാകാറുമുണ്ട്. പുളിയുള്ള ചാരത്തിന്റെ അംശം പച്ചക്കറിവിളകള്‍ക്ക് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ചപ്പിലകള്‍ കത്തിച്ച ചാരമാണ് ചെടികള്‍ക്ക് നല്ലത്. ചകിരി, ഓല, മടല്‍ എന്നിങ്ങനെ തെങ്ങിന്റെ ഭാഗങ്ങള്‍ കത്തിച്ചവയ്ക്ക് ചാരപ്പുളിയുണ്ടാകും. 

എന്നാല്‍, ആ ചാരത്തെ സംസ്‌കരിച്ചാല്‍ വളരെ എളുപ്പത്തില്‍ നമ്മുടെ വീട്ടിലെ ചാരം നമുക്ക് കംപോസ്റ്റാക്കാം. അതുപോലെത്തന്നെ വീട്ടിലെ കൃഷിക്ക് വീട്ടില്‍ത്തന്നെ കിട്ടുന്ന വസ്തുക്കളുപയോഗിച്ച് എളുപ്പത്തില്‍ ജൈവവളങ്ങളുണ്ടാക്കാം. മണ്ണിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനും സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയ്ക്കും ഇവ സഹായിക്കും.

ചാരം കംപോസ്റ്റാക്കുന്ന രീതി

ഒരു പ്ലാസ്റ്റിക് ചാക്കില്‍ അല്പം മേല്‍മണ്ണ് നിറയ്ക്കുക, അതിനുമുകളില്‍ കാല്‍ഭാഗം വരെ വെണ്ണീര്‍ നിറയ്ക്കുക. വീണ്ടും അല്പം മേല്‍മണ്ണ് വിതറിയ ശേഷം ഒന്നു ചെറുതായി നനയ്ക്കുക. ഇങ്ങനെ ചാക്ക് നിറയുന്നതുവരെ ചെയ്യുക. അതിനുശേഷം അതിന്റെ വായ്ഭാഗം കെട്ടിയതിനുശേഷം കമിഴ്ത്തിവെക്കുക. നനവില്ലാത്തസ്ഥലത്ത് ഈ ചാക്കുകള്‍ അട്ടിവെച്ചശേഷം രണ്ടുമാസം കഴിഞ്ഞ് എടുത്താല്‍ ഒന്നാന്തരം വെണ്ണീര്‍ കംപോസ്റ്റ് റെഡിയായി. ഇത് ചെടികള്‍ക്ക് നേരിട്ട് നല്‍കാം.

Content Highlights: How to Compost Wood Ashes