ഡിസംബര്‍ മാസത്തോടെ വിളവെടുക്കുന്ന ഇഞ്ചി കേടുകൂടാതെ വീണ്ടും മൂന്ന് നാല് മാസം സൂക്ഷിച്ച് വെക്കുന്നത് ഒരു വെല്ലുവിളിയാണ്. ചുക്കുണ്ടാക്കാന്‍ പറ്റിയ ഇനങ്ങളാണ് മാരന്‍, വയനാടന്‍, ഹിമാചല്‍, കുറുപ്പംപാടി എന്നിവ. പച്ചക്കറിയാവശ്യത്തിനാണെങ്കില്‍ നാര് കുറഞ്ഞ് മാംസളമായ റിയോ ഡീ ജനീറോ, ചൈന അശ്വതി എന്നിവയാണ് നല്ലത്. രണ്ടാവശ്യങ്ങള്‍ക്കും യോജിച്ചവയാണ് വരദ,രജത,മഹിമ എന്നിവ.

വിത്താവശ്യത്തിലേക്കായി ഡിസംബര്‍ മാസത്തോടെ മണ്ണിലെ ഈര്‍പ്പം കുറഞ്ഞു വരുന്നതോടെ വിളവെടുക്കാം. ഇഞ്ചിയുടെ വിളവിനെ സാരമായി ബാധിക്കുന്ന രോഗമാണ് അഴുകല്‍. അഴുകല്‍ ബാധിച്ച പണകളില്‍ നിന്നും വിത്തിഞ്ചി ശേഖരിക്കരുത്. ആരോഗ്യമുള്ള മുറിയാത്ത ഇഞ്ചിവിത്ത് കേട് വരാതിരിക്കാനായി ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് മി.ലി മാലത്തിയോണും 4 ഗ്രാം ഇന്‍സോഫില്‍ എം.45 ഉം കലര്‍ത്തിയ വെള്ളത്തില്‍ അര മണിക്കൂര്‍ മുക്കിവെച്ചതിനു ശേഷം തണലില്‍ നിരത്തിയിട്ട് വെള്ളം മുഴുവന്‍ വാര്‍ന്നു പോകാന്‍ അനുവദിക്കുക. 

വെള്ളം കെട്ടി നില്‍ക്കാത്ത നല്ല തണല്‍ ലഭിക്കുന്ന സ്ഥലത്ത് ഏകദേശം രണ്ടരയടി ആഴത്തില്‍ കുഴിയെടുക്കുക. ആവശ്യത്തിന് നീളവും വീതിയുമാകാം. കുഴിയുടെ വശങ്ങള്‍ പച്ചച്ചാണകം മെഴുകി ഉണക്കുക. അതിന് ശേഷം കുഴിയുടെ അടിയില്‍ ഉണങ്ങിയ ഈര്‍ച്ചപ്പൊടി അല്ലെങ്കില്‍ മണല്‍ ഒരിഞ്ച് കനത്തില്‍ വിരിക്കുക. പിന്നീട് നന്നായി ഉണങ്ങിയ പാണലിന്റെ ഇലകള്‍ വിരിക്കുക.

അതിന് മുകളില്‍ ഒരിഞ്ച് കനത്തില്‍ വീണ്ടും മണല്‍ അല്ലെങ്കില്‍ മരപ്പൊടി വിരിക്കുക. വീണ്ടും മുകളില്‍ ഇഞ്ചി വിത്ത് എന്ന ക്രമത്തില്‍ നിരത്തിയ ശേഷം ഉണങ്ങിയ പാണല്‍ ഇലകള്‍ വിരിച്ച് നന്നായി ഉണങ്ങിയ ഓലക്കാല്‍ കൊണ്ട് മൂടിയിടുക. മാസത്തിലൊരിക്കല്‍ ഇഞ്ചിവിത്ത് പുറത്തെടുത്ത് കേടായവ മാറ്റി വീണ്ടും പഴയതുപോലെ ചെയ്യുക. ഇത്തരത്തില്‍ സൂക്ഷിച്ചാല്‍ ഗുണമേന്മ നഷ്ടമാകില്ല.

Content highlights: Ginger seed, Agriculture, Organic farming , Best tips for farmers