മാങ്കോസ്റ്റിന്‍ മരത്തില്‍ ധാരാളം കായ്കളുണ്ട്. പാകമാകുമ്പോള്‍ കുടംപുളിയുടെ കാരം പോലെ മഞ്ഞക്കാരം വന്ന് പഴങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാതെ വരുന്നു. എന്താണിതിനു കാരണം ? 

മാങ്കോസ്റ്റീന്‍ പഴത്തിന്റെ വില്‍പ്പനയെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രത്യേക അവസ്ഥയാണിത്. ഗാമ്പോജ് എന്നാണ് പേര്. രോഗമല്ല, പഴത്തിന്റെ പ്രത്യേക അവസ്ഥയാണ്. കാല്‍സ്യം എന്ന മൂലകത്തിന്റെ അളവ് പഴത്തിന്റെ പുറംതോടില്‍ കുറയുമ്പോഴാണ് ഇങ്ങനെ വരുന്നത്. ഫലത്തിന്റെ കോശങ്ങളെ ദൃഢമായി മുറുകെ ബന്ധിപ്പിച്ച് കോശഭിത്തിക്ക് ശക്തി നല്‍കി നിലനിര്‍ത്തുന്ന ഘടകമാണ് കാല്‍സ്യം.

ഇതിന്റെ അളവില്‍ പോരായ്മ വന്ന്, ഗാഢത കുറയുമ്പോള്‍ പഴത്തിന്റെ പുറംതോടിലെ നാളികള്‍ പൊട്ടി കയ്പും ചവര്‍പ്പുമുള്ള മഞ്ഞ സസ്യരസം അല്ലികളിലേക്കും പുറംതോടിലും വ്യാപിക്കുന്നു. ഇത് നിശ്ചയമായും പഴങ്ങളെ ചവര്‍പ്പുള്ളതാക്കി മാറ്റി ഉപയോഗശൂന്യമാക്കും. ഇത്തരം പഴങ്ങള്‍ വിറ്റുപോകുകയുമില്ല. ഇതാണ് 'മഞ്ഞക്കാരം' ആയി സൂചിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ പൊതുവേ ഗാമ്പോജ് എന്ന ഈ പ്രശ്‌നം കുറവാണ്. കാലാവസ്ഥയില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന വ്യതിയാനങ്ങളാണ് ഇതിന് കാരണം.

കൃഷിയിടത്തിലുണ്ടാകുന്ന വെള്ളക്കെട്ട്, കാലം തെറ്റി തുടരെ പെയ്യുന്ന കനത്ത മഴ, ഭൂജലനിരപ്പിലെ വ്യതിയാനങ്ങള്‍ ഇങ്ങനെ നമ്മുടെ നിയന്ത്രണത്തിന് പുറത്തുള്ള കാരണങ്ങളും ഈ സാഹചര്യത്തിനിടയാകാം. അമിതമായി നേരിട്ട് വെയില്‍ കൊള്ളുന്ന പഴങ്ങളിലും ഇത് കാണാന്‍ ഇടയുണ്ട്. തടത്തില്‍ വെള്ളക്കെട്ടൊഴിവാക്കുന്നത് നല്ലതാണ്. കൂടാതെ മരത്തില്‍ പൂമൊട്ടുകള്‍ ഉണ്ടാകുമ്പോള്‍ മുതല്‍ (മാങ്കോസ്റ്റിന്റെ പൂക്കാലം) തടത്തില്‍ കുമ്മായം ചേര്‍ത്ത് കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കുക.

ഇതിന് മരമൊന്നിന് 500 മുതല്‍ 600 ഗ്രാം വരെ കുമ്മായം നാലോ അഞ്ചോ തവണകളായി പൂ വിടരും മുന്‍പുതന്നെ ചേര്‍ക്കണം. ഇങ്ങനെയായാല്‍ മഞ്ഞക്കാരത്തിന്റെ തോത് കുറയ്ക്കാന്‍ കഴിയും. ചിലയിടങ്ങളില്‍ ഇത് കായ് പിടിച്ചു വിളവെടുപ്പ് അടുക്കാറാകുംവരെ ചെയ്യാറുമുണ്ട്. കൂടാതെ കാല്‍സ്യം നൈട്രേറ്റ് അഞ്ച് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ നേര്‍പ്പിച്ചു മരത്തില്‍ തളിക്കുന്നതും നല്ലതാണ്.

തയ്യാറാക്കിയത്: സുരേഷ് മുതുകുളം

Content Highlights: Gamboge in mangosteen