അധികം പ്രായമില്ലാത്ത പുളിമരത്തില്‍ എല്ലാവര്‍ഷവും നിറയെ പുളിയുണ്ടാകുന്നു. എന്നാല്‍, ധനുമാസത്തില്‍ പറിക്കാന്‍സമയം പുളിയെല്ലാം തൊണ്ടുപൊട്ടിച്ചുനോക്കുമ്പോള്‍ പുളിങ്കുരു ഉള്‍പ്പെടെ കരിപോലെ കറുത്ത് പൊടിഞ്ഞിരിക്കുന്നു ? 

കായതുരപ്പന്‍ അല്ലെങ്കില്‍ ചെള്ളിന്റെ ഉപദ്രവംകാരണമാണ് ഇങ്ങനെ വരുന്നത്. കായതുരപ്പന്റെ ഉപദ്രവമാണ് സാധാരണ പുളിമരത്തിലുണ്ടാകുക. ചെള്ള് പുളിയുടെ സംഭരണവേളയിലാണ് എത്തുക. എന്നാല്‍, അടുത്തകാലത്തായി പുളിമരത്തില്‍ത്തന്നെ ചെള്ളുബാധയുണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തുരപ്പന്റെ ശല്യമാണെങ്കില്‍ കായകളില്‍ സുഷിരങ്ങള്‍ കാണാം. ചെള്ളുകളാണെങ്കില്‍ ഇത്തരം സുഷിരങ്ങള്‍ കാണുക പതിവില്ല. തുരപ്പനുണ്ടാക്കുന്ന തോടിലെ സുഷിരങ്ങള്‍ വഴി അന്തരീക്ഷവായു അകത്തുകടന്നാല്‍ ഓക്‌സീകരണം നടന്ന് ഉള്‍ക്കാമ്പിന് നിറഭേദം സംഭവിച്ച് കറുത്തുപോകും.

ചോദ്യത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് നിലവില്‍ കീടബാധയുള്ളതായാണ്. അതിനാല്‍ ഇപ്പോള്‍ നിയന്ത്രണനടപടികള്‍ പ്രായോഗികമല്ല. പുളിമരത്തില്‍ വ്യാപകമായി കീടനാശിനിപ്രയോഗം സംബന്ധിച്ച് ശുപാര്‍ശയുമില്ല. കാരണം, കീടനാശിനികള്‍ ഇതില്‍ പരാഗണം നടത്താനെത്തുന്ന പരാഗകാരികളായ തേനീച്ചകളെയും വണ്ടുകളെയും ഒക്കെ നശിപ്പിക്കും. മാത്രമല്ല, ഒരു വലിയ പുളിമരത്തിനുള്ള മരുന്നുതളി അത്ര ആദായകരവും പ്രായോഗികവുമല്ല. അങ്ങനെയാണെങ്കില്‍ത്തന്നെ അത് പുളിമരം പൂക്കാന്‍ തുടങ്ങുമ്പോള്‍ തയ്യാറാക്കി തളിക്കേണ്ടിവരും. 

കേരളത്തില്‍ വാളന്‍പുളിയുടെ വാണിജ്യകൃഷി കാര്യമായില്ലല്ലോ. എന്നാല്‍, ഇതുള്ള അയല്‍നാടുകളില്‍ പുളിമരങ്ങള്‍ പൂക്കാറാകുമ്പോള്‍ മരച്ചുവട്ടില്‍ കരിയിലയും മറ്റും കൂട്ടിയിട്ട് പുകയ്ക്കുന്ന പതിവുണ്ട്. ഇവിടെയും ആ സമയത്തു ഇക്കാര്യം ചെയ്തുനോക്കാം. വിളഞ്ഞ പുളി വിളവെടുത്തില്ലെങ്കില്‍ മരത്തില്‍ത്തന്നെ കൊഴിയാതെ നില്‍ക്കുന്ന കായകള്‍ സീസണ്‍ കഴിഞ്ഞാല്‍ കേടാകും. ചിലയിനം പുളിയില്‍ പുളിഞെട്ടിന് കട്ടികൂടുതലാകും. അത്തരം കായകള്‍ മരത്തില്‍ത്തന്നെ വീഴാതെ നില്‍ക്കുകയും ക്രമേണ നിറംമാറി കേടാകുകയുംചെയ്യും.

തയ്യാറാക്കിയത്: സുരേഷ് മുതുകുളം

Content Highlights: Diseases of Tamarind and control