വിപണിയില്‍ രണ്ടു തരത്തിലുള്ള കറുവപ്പട്ട ലഭ്യമാണ്. ശ്രീലങ്കന്‍ കറുവപ്പട്ടയും കാഷ്യയും. ആദ്യത്തേത് സിന്നമോമം സെയ്‌ലാനിക്കം, സിന്നമോമം വീരം എന്നിങ്ങനെയുള്ള ശാസ്ത്രനാമങ്ങളാലും രണ്ടാമത്തേത് സിന്നമോമം കാഷ്യ എന്ന ശാസ്ത്രനാമത്താലും അറിയപ്പെടുന്നു.

ഇളം തവിട്ടുനിറത്തില്‍ വേഗം പൊടിയുന്ന സ്വഭാവമുള്ള അനവധി നേരിയ പാളികള്‍ കൊണ്ടുണ്ടാക്കിയതെന്ന് തോന്നിപ്പിക്കുന്ന ഹൃദയഹാരിയായ നേര്‍ത്ത സുഗന്ധമുള്ള തരം പട്ടയാണ് ശ്രീലങ്കന്‍ കറുവ.  ഇതാണ് യഥാര്‍ഥ കറുവപ്പട്ട. ഒരു ഔണ്‍സ് സിലോണ്‍ കറുവപ്പട്ടയുടെ വില ഏകദേശം രണ്ടര ഡോളറാണ്.

കാഷ്യ സിന്നമനാകട്ടെ ഇരുണ്ട ചുവപ്പ് നിറമുള്ളതും വളരെ കടുപ്പമുള്ളതും രൂക്ഷഗന്ധമുള്ളതുമാണ്.  അതില്‍ 'കൗമാരിന്‍' എന്ന ഒരുതരം വിഷവസ്തു കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ കൂടിയ അളവില്‍ സ്ഥിരമായി ശരീരത്തിലെത്തിയാല്‍ വൃക്ക,കരള്‍ എന്നിവയ്ക്ക് തകരാറുകള്‍ ഉണ്ടാകാനിടയുണ്ട്. 50 കിലോ ശരീരഭാരമുള്ള ഒരാളുടെ ശരീരത്തിന് സഹിക്കാവുന്ന കൗമാരിന്റെ അളവായി തിട്ടപ്പെടുത്തിയിരിക്കുന്നത് വെറും 5 മില്ലി ഗ്രാമാണ്. 

കൃഷി രീതി

വിത്ത് മുളപ്പിച്ച് തൈകളുണ്ടാക്കുന്നു. തൈകള്‍ നട്ട് രണ്ട് വര്‍ഷം കഴിയുമ്പോള്‍ ഏകദേശം 12-15 അടി ഉയരമെത്തുമ്പോള്‍ മരം താഴ്ത്തി മുറിക്കുന്നു. അതിനുശേഷം ആ കുറ്റിയുടെ ചുവട്ടില്‍ മണ്ണിട്ട് മൂടുമ്പോള്‍ അനവധി കിളിര്‍പ്പുകള്‍ വളരുന്നു. സാധാരണ ഗതിയില്‍ 10 കൊല്ലം പ്രായമെത്തുമ്പോള്‍ മരം മുറിയ്ക്കുന്നു. ശിഖരങ്ങളെല്ലാം മുറിച്ച ശേഷം തടികള്‍ ഫാക്ടറികളിലെത്തിക്കുന്നു. ആദ്യം പുറംതൊലി പ്രത്യേക ഉപകരണമുപയോഗിച്ച് നന്നായി ചുരണ്ടിക്കളയുന്നു. അതിനുശേഷം തടിയില്‍ നിന്നും തൊലി നീളത്തില്‍ കുഴലുപോലെ ഇളക്കിയെടുക്കുന്നു. തടി കുറച്ചു സമയം വെള്ളത്തില്‍ ഇട്ടാല്‍ തൊലി മൃദുവാകുകയും വേഗത്തില്‍ ഇളക്കിയെടുക്കാന്‍ കഴിയുകയും ചെയ്യും. 

ഇവ വായു സഞ്ചാരമുള്ള ഷെഡ്ഡുകളില്‍ നിരത്തി കെട്ടിത്തൂക്കി വൃത്തിയായി ഉണക്കിയെടുക്കുന്നു. ഒന്നിനകത്ത് നീളത്തില്‍ മറ്റൊന്ന് കയറ്റി  നീളന്‍ ചുരുളുകളായി പായ്ക്ക് ചെയ്ത് ഇവ വില്‍പനയ്‌ക്കെത്തുന്നു. മുറിഞ്ഞ കഷണങ്ങള്‍ ഉണക്കി പൊടിയാക്കി വില്‍പനയ്‌ക്കെത്തുന്നു. 6 മി.മീ വ്യാസമുള്ള സിലോണ്‍ കറുവപ്പട്ട ആല്‍ബ എന്നും 16 മി.മീ വ്യാസമുള്ളവ കോണ്ടിനെന്റല്‍ എന്നും 19 മി.മീ വരെയുള്ളവ മെക്‌സിക്കന്‍ എന്നും 32 മി.മീ ന് മുകളില്‍ വ്യാസമുള്ളവ ഹാംബര്‍ഗ് എന്നും ഗ്രേഡ് ചെയ്ത് പായ്ക്ക് ചെയ്യുന്നു. 

( മങ്കൊമ്പ് കീടരോഗ നിയന്ത്രണ കേന്ദ്രത്തിലെ അഗ്രികള്‍ച്ചറല്‍ ഓഫീസറാണ് ലേഖകന്‍)

Content highlights : Cassia Cinnamon,  cinnamomum seylanicum, cinnamon verum, Agriculture