കടച്ചക്ക പ്ലാവ് നന്നായി കായ്ക്കുന്നുണ്ട്. പക്ഷേ, എല്ലാം കൊഴിഞ്ഞു പോകുന്നു. എന്താണ് ചെയ്യേണ്ടത് ? 

കടപ്ലാവില്‍ കായകള്‍ പൊഴിയുന്നത് പ്രധാനമായും രണ്ടുകാരണങ്ങള്‍കൊണ്ടാകാനാണ് സാധ്യത. ഒന്ന് കുമിള്‍ബാധ; പ്രത്യേകിച്ച് തെക്കു-പടിഞ്ഞാറന്‍ മഴയോടനുബന്ധിച്ചുള്ള സമയത്താണ് ഇത് കൂടുതല്‍ കാണുക. കുമിള്‍ ബാധിച്ചു കൊഴിയുന്ന കായകളില്‍ പൂപ്പലിന്റെ വളര്‍ച്ചയും നിറംമാറ്റവും കാണാന്‍ കഴിയും.

ഇത് നിയന്ത്രിക്കാന്‍ ഒരുശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതമോ 2-4 ഗ്രാം കോപ്പര്‍ ഓക്‌സിക്ലോറൈഡ് ഒരുലിറ്റര്‍ വെള്ളത്തില്‍ എന്നതോതിലോ കലക്കി തളിക്കാം.പൂക്കള്‍ ഉണ്ടാകുന്നതിനുമുമ്പും കായകളുണ്ടാകുന്ന സമയത്തും മുന്‍കൂട്ടി തളിക്കാനായാല്‍ പ്രതിരോധമായി ഗുണംചെയ്യും.

മറ്റൊരുകാരണം മണ്ണിലെ നനവിന്റെ കുറവാണ്. താരതമ്യേന വരള്‍ച്ചാ പ്രതിരോധ ശേഷിയുള്ളതാണെങ്കിലും ഇത് ദീര്‍ഘിച്ചാല്‍ കായകള്‍ കൊഴിയാന്‍ ഇടയുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ അത്യാവശ്യം ജലസേചനം നടത്തിയും കായപൊഴിച്ചില്‍ കുറയ്ക്കാം.

സാധാരണഗതിയില്‍ സമൃദ്ധമായി കായ പിടിക്കുന്ന ചില കടപ്ലാവുകള്‍ നിലനില്‍പ്പിന്റെ ഭാഗമായി അമിതമായ കായ പിടിത്തം കുറയ്ക്കാനായി കുറച്ചു കായകള്‍ കൊഴിക്കുന്ന പതിവുണ്ടെന്നും മറ്റുഫലവൃക്ഷങ്ങളിലെപോലെ പരാഗണത്തിലെ പോരായ്മകളും കടപ്ലാവില്‍ കായ പൊഴിയാന്‍ കാരണമാക്കുമെന്നും ശാസ്ത്രീയ നിരീക്ഷണങ്ങളുണ്ട്. അമിത വിളവ് തടയാനും അങ്ങനെ കായപൊഴിയല്‍ കുറയ്ക്കാനും കുറച്ചു പൂക്കള്‍ തന്നെ നീക്കിക്കളയുന്ന പതിവുമുണ്ട്.

തയ്യാറാക്കിയത്: സുരേഷ് മുതുകുളം

Content Highlights: Breadfruit, CheemaChakka, Kadachakka Tree care