കൃഷി പരിപാലനം
? പത്തടിയോളം പൊക്കത്തില്‍ സമൃദ്ധിയായി വളര്‍ന്ന കുരുമുളകുവള്ളി മുകളില്‍ നിന്ന് ചുവടുവരെ ഇലകള്‍ വാടുകയും പിന്നീട് ഇലയും വള്ളിയും കരിയുകയും ചെയ്യുന്നു. വേനല്‍ക്കാലത്ത് ജലസേചനം നടത്തിയിരുന്നു. ഇതിന് എന്താണ് പ്രതിവിധി? ബോര്‍ഡോ മിശ്രിതം ഫലപ്രദമാണോ? മിശ്രിതം ഉണ്ടാക്കേണ്ടവിധം എങ്ങനെ ?
-രാമന്‍കുട്ടി,തിരുവനന്തപുരം
നനവില്ലാത്തതിനാല്‍ സംഭവിച്ച വാട്ടമല്ല ഇത്. ദ്രുതവാട്ടം എന്ന കുമിള്‍രോഗമാണ്. മഴ തുടങ്ങിയതിനുശേഷം അരമീറ്റര്‍ വിസ്തൃതിയില്‍ തടമെടുത്ത് ഒരു കൊടിക്ക് 0.2 ശതമാനം കോപ്പര്‍ ഓക്സിക്ലോറൈഡ് ലായനി 5-10 ലിറ്റര്‍ ഒഴിച്ച് മണ്ണുകുതിര്ക്കുക. കൂടാതെ, ഒരുശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഇലകളില്‍ തളിക്കുകയും വേണം. മഴ നീണ്ടുനിന്നാല്‍ വീണ്ടും മരുന്ന് തളിക്കേണ്ടിവരും.
ഒന്നുരണ്ടു മഴ കിട്ടിയാലുടനെ തടമെടുത്ത് 0.3 ശതമാനം വീര്യമുള്ള പൊട്ടാസ്യം ഫോസ്ഫോണേറ്റ് (അക്കോമിന്‍) 5-10 ലിറ്റര്‍ ഒരു കൊടിക്ക് എന്ന തോതില്‍ കടയ്ക്കല്‍ ഒഴിച്ചുകൊടുക്കുക. ഇത് ഇലകളിലും തളിക്കാം. മേയ്-ജൂണ്‍ മാസം കൊടി ഒന്നിന് ജൈവകുമിളായ ട്രൈക്കോഡെര്‍മ 50 ഗ്രാം ഉണങ്ങിയ ചാണകപ്പൊടിയിലോ വേപ്പിന്‍പിണ്ണാക്കിലോ കലര്‍ത്തി മണ്ണില്‍ ചേര്‍ക്കുക. ഇതിനുശേഷം ഒരുശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം കൊടികളില്‍ തളിക്കാം. ഇതേ പ്രയോഗം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലും ആവര്‍ത്തിക്കണം.
തോട്ടം ശുചീകരണവും പ്രധാനമാണ്. രോഗം ബാധിച്ച കൊടി വേരോടെ പിഴുത് കത്തിച്ചുകളയണം. വെള്ളക്കെട്ടുണ്ടാകാതെ നോക്കണം. മഴയ്ക്കുമുമ്പ് മണ്ണില്‍ പടര്‍ന്നുവളരുന്ന ചെന്തലകള്‍ മുറിച്ചുനീക്കുകയോ താങ്ങുമരത്തോടുചേര്ത്ത് കെട്ടുകയോ ചെയ്യണം. കൊടികള്‍ക്ക് വേണ്ടത്ര സൂര്യപ്രകാശം കിട്ടുന്നു എന്നുറപ്പാക്കണം.
പുതുമഴയോടെ കൊടി ഒന്നിന് ഒരുകിലോഗ്രാം കുമ്മായവും നാലാഴ്ച കഴിഞ്ഞ് രണ്ടുകിലോ വേപ്പിന്‍പിണ്ണാക്കും ചേര്‍ത്തുകൊടുക്കുന്നതും രോഗപ്രതിരോധത്തിന് സഹായിക്കും.
ബോര്‍ഡോ മിശ്രിതം തയ്യാറാക്കുന്നവിധം
ഒരുശതമാനം വീര്യത്തില്‍ 10 ലിറ്റര്‍ ബോര്‍ഡോ മിശ്രിതം തയ്യാറാക്കാന്‍ 100 ഗ്രാം തുരിശ് പൊടിച്ചത് അഞ്ചുലിറ്റര്‍ വെള്ളത്തിലും 100 ഗ്രാം ചുണ്ണാമ്പ് പ്രത്യേകം മറ്റൊരു അഞ്ചുലിറ്റര്‍ വെള്ളത്തിലും കലക്കിയെടുക്കുക. ഇനി തുരിശുലായനി ചുണ്ണാമ്പുലായനിയിലേക്ക് കുറേശ്ശെ ഒഴിച്ച് നന്നായി ഇളക്കിച്ചേര്‍ക്കുക. ഇതിലേക്കൊരു തെളിച്ചമുള്ള കത്തി മുക്കിയെടുത്താല്‍ ചെമ്പിന്റെ അംശം പറ്റിയിട്ടുണ്ടെങ്കില്‍ ചുണ്ണാമ്പുലായനി അല്പംകൂടി ചേര്‍ത്ത് ചേരുവകള്‍ ക്രമീകരിച്ച് കൃത്യമായ ബോര്‍ഡോ വീര്യത്തില്‍ മിശ്രിതം തയ്യാറാക്കാം. ഇത് ഉത്തമ കുമിള്‍നാശിനിയാണ്.
? തൈമാവ് തളിര്‍ക്കുമ്പോള്‍ അതിന്റെ തളിരിലകളെല്ലാം ഞെട്ടില്‍നിന്ന് മുറിഞ്ഞ് താഴെ വീണുകിടക്കുന്നു. എന്താണിങ്ങനെ സംഭവിക്കുന്നത്? ഇതിന്റെ പരിഹാരമാര്‍ഗം എന്ത്?
- ആര്. വിജയന്
ഇലമുറിയന്‍ വണ്ടുകളാണ് കത്രികകൊണ്ട് മുറിച്ചതുപോലെ മാവിലകള്‍ വെട്ടിയിടുന്നത്. മാവ് തളിരിടുമ്പോള്ത്തന്നെ രണ്ടുശതമാനം വേപ്പെണ്ണ-സോപ്പുലായനി തളിച്ച് ഇവയെ പ്രതിരോധിക്കാം. ഇത് ഫലവത്താകുന്നില്ലെങ്കില്‍ രാസകീടനാശിനിപ്രയോഗം വേണ്ടിവരും. ഇതിന് രണ്ടു മില്ലിലിറ്റര്‍ മാലത്തിയോണ്‍ ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി മാവാകെ തളിക്കണം. അല്ലെങ്കില്‍ 50 ശതമാനം സെവിന്‍ മൂന്നുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച മരുന്നുലായനിയും മതിയാകും.
തളിരിലകള്‍ വരുേമ്പാള്ത്തന്നെ മരുന്നുതളി ചെയ്യുക എന്നതാണ് പ്രധാനം. ഇവയുടെ പുഴുക്കള്‍ മണ്ണിലാണ് സമാധികൂടുന്നത് എന്നതിനാല്‍ മുറിഞ്ഞുവീണ തളിരിലകളും പെറുക്കിനശിപ്പിക്കണം. ഒപ്പം മരുന്നുലായനി മാവിന്തടത്തിലെ മണ്ണിലും തളിക്കണം. ഇത് ഇലമുറിയന്റെ മണ്ണിലെ സമാധി നശിപ്പിക്കുകയുംചെയ്യും.
Content Highlights: Black Pepper Tree Plantation