ണത്തിന് കാഴ്ചക്കുലകളൊരുക്കുന്ന കര്‍ഷകര്‍ ഒട്ടേറെയുണ്ട്. പൊന്നിന്റെ നിറമുള്ള തുടുത്ത കാഴ്ചക്കുലകള്‍ ഉണ്ടാക്കിയെടുക്കാന്‍ പൊന്നുപോലെയുള്ള പരിപാലനം വേണം. ശ്രദ്ധ അല്പം തെറ്റിയാല്‍ വിപണിയില്‍ മൂല്യം കുറയും. ഓണത്തിന് വിളവെടുക്കാനുള്ള വാഴകൃഷി കന്നിമാസത്തിലെ തിരുവോണത്തിന് തുടങ്ങും. പതിനൊന്ന് മാസമാണ് വിളവെടുപ്പിന്റെ പ്രായം. നല്ലൊരു വാഴ വളര്‍ന്ന് വിളവെടുക്കുമ്പോഴേക്കും കര്‍ഷകന് 500 രൂപയോളം ചെലവുണ്ടാകും.

പത്തുമുതല്‍ 15 കിലോഗ്രാം വരെയാണ് മികച്ച കുലയ്ക്ക് തൂക്കമുണ്ടാകുക. കിലോഗ്രാമിന് 60 രൂപയെങ്കിലും കിട്ടിയാലേ കര്‍ഷകന് നഷ്ടം വരാതിരിക്കുകയുള്ളൂ. നല്ല തുടുപ്പും വലുപ്പവുമുള്ള കാഴ്ചക്കുലയാണെങ്കില്‍ ആയിരത്തിലേറെ വിലമതിക്കും. നല്ല വാഴക്കന്നിന് 30 രൂപ വില വരും.

ഒരു കിലോഗ്രാം കുമ്മായവും ജൈവവളവും ഇട്ടാണ് കന്നുകള്‍ നടുന്നത്. പച്ചിലവളമിട്ട് മൂടും. നൂറ് രൂപ തുടക്കത്തില്‍ ചെലവ് വരും. പച്ചിലവളം, ചാണകപ്പൊടി, ആട്ടിന്‍കാഷ്ഠം, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഇടവേളകളില്‍ നല്‍കും. ഫാക്ടംഫോസ്, യൂറിയ, പൊട്ടാഷ് എന്നിവ നല്‍കുന്നവരുമുണ്ട്.

മൂലക വളങ്ങളാണ് കര്‍ഷകരുടെ ഇപ്പോഴത്തെ താത്പര്യം. വാഴയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ച് സിങ്ക്, മഗ്നീഷ്യം, ബോറോണ്‍ തുടങ്ങിയ മൂലകങ്ങള്‍ നല്‍കും. വളര്‍ന്ന് വലുതാകുന്നതോടെ വാഴക്ക് ഊന്നുകള്‍ (വാഴയ്ക്ക് ബലം നല്‍കുന്ന തൂണ്‍) നല്‍കണം. കാറ്റാടി, മുള, കവുങ്ങ് എന്നിവയിലേതെങ്കിലും ഉപയോഗിക്കും. 70 രൂപയിലേറെ ഓരോന്നിനും വില വരും. കുഴിച്ചിടാനും 30 രൂപ നല്‍കണം.

വാഴ കുലച്ച് കഴിഞ്ഞാല്‍ പൊതിഞ്ഞ് സൂക്ഷിക്കണം. ഉണങ്ങിയ വാഴയില, വൈക്കോല്‍ എന്നിവ ഉപയോഗിക്കും. മുഴുപ്പും ഭംഗിയും കിട്ടാനാണ് പൊതിഞ്ഞ് സൂക്ഷിക്കുന്നത്. മഴ നനയാതിരിക്കാന്‍ പ്ലാസ്റ്റിക് ചാക്കും കവറും ഉപയോഗിക്കുന്നവരുമുണ്ട്. വാഴയുടെ ഇലയാണ് നല്ല നിറമുണ്ടാകാന്‍ ഉപയോഗിക്കുന്നത്. കുലച്ച് കഴിഞ്ഞാല്‍ മൂന്ന് മാസത്തിനുള്ളില്‍ വിളവെടുക്കാനാകും.

നിശ്ചിത വില ലഭിക്കാത്തതാണ് കര്‍ഷകന്‍ നേരിടുന്ന പ്രശ്‌നം. ഓണം മാര്‍ക്കറ്റിലേക്ക് തയ്യാറാക്കുന്ന കര്‍ഷകന് തമിഴ്‌നാട്ടില്‍നിന്ന് കായ ഇറങ്ങിയാല്‍ വില കുറയും. തിരുവോണം കഴിഞ്ഞാല്‍ വില വീണ്ടും കുറയും. നാടന്‍ നേന്ത്രക്കായ വാങ്ങാന്‍ താത്പര്യക്കാരുണ്ടെന്നാണ് ആശ്വാസം.

തൊഴില്‍ പ്രാവീണ്യം ഇല്ലാതാകുമ്പോള്‍

കാര്‍ഷിക മേഖലയില്‍ പ്രാവീണ്യമുള്ള തൊഴിലാളികള്‍ ഇല്ലാതാകുകയാണ്. ഒരു കവുങ്ങില്‍ നിന്ന് മറ്റൊരു കവുങ്ങിലേക്ക് പടര്‍ന്നുപോകുന്ന തൊഴിലാളി സിനിമകളിലെ കാഴ്ച മാത്രമാകും.

കവുങ്ങിന് ഉണ്ടാകുന്ന രോഗങ്ങള്‍ ചെറുക്കാന്‍ മഹാളി മരുന്ന് അടിക്കാനാണ് ഓരോ തോട്ടത്തിലും കവുങ്ങില്‍നിന്ന് കവുങ്ങിലേക്ക് പടര്‍ന്നുപോകുന്ന തൊഴിലാളികളെ കാണാറുള്ളത്. കവുങ്ങിനെ ബാധിക്കുന്ന പ്രധാന കേടാണ് മഹാളി. ഇത് വരുന്നതിന് മുമ്പ് മരുന്ന് തളിക്കണം. ഇല്ലെങ്കില്‍ അടയ്ക്ക മൂപ്പെത്താതെ കൊഴിഞ്ഞു വീഴാന്‍ തുടങ്ങും. കര്‍ഷകന് പ്രയോജനമില്ലാതെ കുലകള്‍ നശിക്കും.

കവുങ്ങിന് മുകളില്‍ കയറി മരുന്നടിക്കാന്‍ പരിചയമുള്ളവര്‍ ഇല്ലാതാകുകയാണ്. തെങ്ങ് കര്‍ഷകരും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

തെങ്ങുകയറ്റം, തടംതുറക്കല്‍ എന്നിവയ്ക്ക് പരിചയമുള്ളവരെ കിട്ടാനില്ല. തെങ്ങുകയറ്റ തൊഴിലാളികളുണ്ട്. നാളികേരം വെട്ടിയിറക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്.

തെങ്ങിന്റെ കുരലിലിരുന്ന് കേടുകള്‍ നോക്കാറില്ല. ചെള്ളിന്റെ ഉപദ്രവം, കൂമ്പുചീയല്‍, കൊമ്പന്‍ചെല്ലി പോലെയുള്ള വണ്ടുകളുടെ ആക്രമണം എന്നിവ നേരത്തെ കണ്ടെത്താനും തടയാനും ഇത്തരം തൊഴിലാളികള്‍ സഹായിക്കും. കൃത്യസമയത്ത് പ്രതിരോധ മരുന്ന് തളിക്കുന്നതിനും വളം നല്‍കുന്നതിനും ഇത്തരം തൊഴിലാളികള്‍ ഉടമകള്‍ക്ക് ഏറെ സഹായിക്കാറുണ്ട്.

ജൈവകൃഷിയെ വേറിട്ടുകാണണം

പച്ചക്കറി ഉത്പാദനത്തില്‍ ജൈവമായി കൃഷി ചെയ്യുന്ന ഇനങ്ങള്‍ക്ക് വിപണിയില്‍ മൂല്യം കൂടുതലാണ്. ജൈവമെന്ന് പറഞ്ഞുള്ള ബോര്‍ഡുകള്‍ പൂര്‍ണമായും വിശ്വസിക്കാനാകില്ലെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. രാസവളങ്ങള്‍ ചേര്‍ത്തതോ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവയോ യാണ് വിപണിയിലുള്ളത്. 

ജൈവമായും രാസവളങ്ങള്‍ ചേര്‍ത്തും ഉത്പാദിപ്പിക്കുന്നത് വേര്‍തിരിച്ചറിയാന്‍ ഉപഭോക്താവിന് സാധിക്കുന്നില്ല. ഭൂമിയുടെ ഘടന മാറ്റാതെ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നതാണ് ജൈവ ഉത്പന്നങ്ങള്‍. ചാണകം, പച്ചിലവളം, ജീവാമൃതം, മിത്രകീടങ്ങള്‍ എന്നിവയാണ് ഇത്തരം കൃഷിരീതിയില്‍ ഉപയോഗിക്കുന്നത്.

ജൈവമായി ഉത്പാദിപ്പിക്കുന്ന ഒട്ടേറെ കര്‍ഷകരുണ്ട്. ഇവരുടെ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ വില കൂടുതലാണ്. വി.എഫ്.പി.സി.കെ.യുടെ പേരിലുള്ള സ്ഥാപനങ്ങളിലും പുറത്ത് നിന്നുള്ള പച്ചക്കറികളാണ് ലഭിക്കുന്നത്. ജൈവടാഗോടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാകണമെന്നാണ് ചൂണ്ടല്‍ ഗ്രാമപ്പഞ്ചായത്തിലെ കര്‍ഷകമിത്രയായ ആനായ്ക്കല്‍ സ്വദേശി അനീഷിന്റെ നിര്‍ദേശം.

കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഓരോ കൃഷിഭവനിലും സൗകര്യമുണ്ടാകണം. കര്‍ഷകമിത്രയുടെ നേതൃത്വത്തില്‍ വേനല്‍ക്കാലത്ത് തുടങ്ങിയ ഇത്തരം ചന്തകള്‍ ഏറെ ഫലപ്രദമായിരുന്നു. വിഷരഹിതമായി വീടുകളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളാണ് ഇവയിലൂടെ വിറ്റഴിച്ചിരുന്നത്. നാടന്‍ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരുമേറെയായിരുന്നു. എന്നാല്‍ ഇത്തരം സംരംഭങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍, കൃഷിഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ആവശ്യമായ പ്രോത്സാഹനം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

കൃഷിഭവനുകള്‍ക്ക് കീഴില്‍ ഓരോ വാര്‍ഡിലും 20 വീടുകളെ ഉള്‍പ്പെടുത്തി ചെറിയ ക്ലസ്റ്ററുകള്‍ രൂപവത്കരിച്ച് കൃഷി രീതികള്‍ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കാനാകും.

കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ മന്ത്രിയുടെ പ്രത്യേക താത്പര്യ പ്രകാരം ഏര്‍പ്പെടുത്തിയ കര്‍ഷക മിത്രയ്ക്ക് കൃത്യമായ രീതിയില്‍ വേതനം നല്‍കാന്‍ പോലും തയ്യാറാകുന്നില്ല. കൃഷി ഉദ്യോഗസ്ഥരെ സഹായിക്കാനും കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും കര്‍ഷക മിത്രയ്ക്ക് കഴിയും. കൃഷിയോടും കര്‍ഷകരോടും താത്പര്യമുള്ളവരെ ഈ തസ്തികകളില്‍ നിയമിക്കേണ്ടതുണ്ട്.