വാഴയുടെ ജന്മദേശം ഇന്ത്യയും വടക്കുകിഴക്കന്‍ ഏഷ്യന്‍രാജ്യങ്ങളുമാണെന്ന് കരുതപ്പെടുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉത്പാദിപ്പിക്കുന്നതും ഇന്ത്യ തന്നെ. വൈവിദ്ധ്യമാര്‍ന്നയിനങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യ. പഴമായും പച്ചക്കറിയായുമൊക്കെ ഉപയോഗിക്കാവുന്ന നൂറ് കണക്കിന് ഇനങ്ങളുണ്ട്. 

ഒരു ശരാശരി അമേരിക്കക്കാരന്‍ ഒരു വര്‍ഷം ഏതാണ്ട് 30 പൗണ്ട് വാഴപ്പഴം അകത്താക്കുന്നു. കുറഞ്ഞ സോഡിയവും കൂടുതല്‍ പൊട്ടാസ്യവും അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദം ക്രമീകരിക്കാനും ഹൃദയാരോഗ്യം നിലനിര്‍ത്താനും വാഴപ്പഴത്തിന് കഴിയും. വിറ്റാമിന്‍ B6 ഉള്ളതിനാല്‍ നിദ്രാസുഖം,ട്രിപ്‌റ്റോഫാന്‍ ഉള്ളതിനാല്‍ നല്ല പ്രസന്നത, ദഹനനാരുകളുടെ സമൃദ്ധിയാല്‍ സുഖവിരേചനം എന്നിവ വാഴപ്പഴം തരും.

ചിപ്‌സിന് ഏറ്റവും പറ്റിയത് നേന്ത്രന്‍ ഇനങ്ങളാണ്. ഒരു പടല മാത്രമുള്ള സാന്‍സി ബാര്‍, പൊക്കം കുറഞ്ഞ മഞ്ചേരി നേന്ത്രന്‍, പൊക്കവും മൂപ്പും വിളവും കൂടിയ ആറ്റുനേന്ത്രന്‍, സ്വര്‍ണമുഖി എന്നിവയൊക്കെത്തന്നെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്തുവരുന്നു. 

മഴയെ ആശ്രയിച്ച് ഏപ്രില്‍-മെയ് മാസങ്ങളിലും ഓണത്തിന് വിളവെടുക്കത്തക്ക തരത്തില്‍ നന ഉറപ്പുള്ള സ്ഥലങ്ങളില്‍ ഒക്ടോബര്‍-നവംബറിലും കൃഷി തുടങ്ങാം. കാഴ്ചക്കുലയായി പേരുകേട്ട ചെങ്ങാലിക്കോടനും കേമന്‍ തന്നെ. എന്നാല്‍ ഈ കേമന്‍മാരുടെ നിരയിലേക്കിതാ പുതിയൊരാള്‍. 

പോപ്പൗലു

chipsവരവ് പസഫിക് ദ്വീപ് സമൂഹങ്ങളില്‍ നിന്നും. നീളം കുറഞ്ഞ് തടിച്ചുരുണ്ട ചതുരാകൃതിയിലുള്ള കായ്കള്‍ ഒരു വിചിത്ര രൂപം നല്‍കുന്നു. ഒറ്റനോട്ടത്തില്‍ കൗതുകമുണര്‍ത്തുന്ന രൂപം. നേന്ത്രനോളം മൂപ്പുണ്ട്. ഇലകള്‍ക്കല്‍പ്പം വീതി കൂടും. 

പൊക്കം ഏതാണ്ട് പതിനാല് അടിയോളം വരും. പച്ചക്കറിയായും പഴമായും ഉപയോഗിക്കാമെങ്കിലും പെരുമ ചിപ്‌സിന് തന്നെ. ജാമും വൈനുമുണ്ടാക്കാനും കേമം. നല്ല കറുമുറാ ഉള്ള മഞ്ഞനിറത്തിലുള്ള ചിപ്‌സ്. ഏത്തനേക്കാള്‍ കൂടുതല്‍ ചിപ്‌സ് വറുത്തു കോരാം. പഴുത്താല്‍ ആപ്പിളിനോട് സാമ്യമുള്ള രുചി. തൊലിക്ക് കട്ടി നന്നേ കുറവ്. കുറച്ചൊക്കെ തണലിനെ ചെറുക്കും.

കൃഷി വകുപ്പിന്റെ കഴക്കൂട്ടത്തുള്ള മോഡല്‍ ബയോടെക്‌നോളജി സെന്ററില്‍ കൃഷി ചെയ്തപ്പോള്‍ ഒരു കുലയ്ക്ക് ശരാശരി 22 കിലോയോളം തൂക്കം. ടിഷ്യുകള്‍ച്ചര്‍ തൈകള്‍ക്ക് കൃഷി വകുപ്പിന്റെ കഴക്കൂട്ടത്തെ മോഡല്‍ ബയോടെക്‌നോളജി ഫ്‌ളോറികള്‍ച്ചര്‍ സെന്ററുമായി ബന്ധപ്പെടുക. 

 ഫോണ്‍: 0471- 241 37 39