നല്ല വിളവ് കിട്ടണമെങ്കില്‍ മണ്ണിന് ജീവനുണ്ടാകണം. മണ്ണില്‍ ജൈവാംശം , പോഷകമൂല്യങ്ങള്‍, നീര്‍വാര്‍ച്ച, ജലാഗിരണശേഷി, ജീവവായു എന്നിവയെല്ലാം പാകത്തിനുണ്ടാകണം.ഇതിനെല്ലാം പുറമെ മണ്ണില്‍ അനുകൂല ബാക്ടീരിയകള്‍ സമൃദ്ധമായി ഉണ്ടായിരിക്കണം. അവ വളര്‍ന്ന് പെരുകുന്നതിന് പറ്റിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കണം. അതിന് പറ്റിയ ഒരു മിശ്രിതമാണ് അമൃതജലം. വിളയേതുമാകട്ടെ, ആഴ്ചയിലൊരിക്കല്‍ അമൃതജലം ഒഴിച്ചുകൊടുത്തു നോക്കൂ.

amritha jalamവേണ്ട ചേരുവകള്‍

പച്ചച്ചാണകം - 1 കിലോ
ഗോമൂത്രം - 1 ലിറ്റര്‍ 
കറുത്ത ശര്‍ക്കര- 50 ഗ്രാം
വെള്ളം - 10 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

അമൃതജലം തയ്യാറാക്കാനായി മണ്‍പാത്രങ്ങളോ പ്ലാസ്റ്റിക് ഡ്രമ്മോ ഉപയോഗിക്കാന്‍ ശ്രമിക്കണം. കുറച്ച് വെള്ളത്തില്‍ ശര്‍ക്കര ചീകി നന്നായി കലക്കിയെടുക്കണം. അതിലേക്ക് ഗോമൂത്രം നന്നായി ഇളക്കി ചേര്‍ത്ത് ശേഷം പച്ചച്ചാണകവും വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കി പ്ലാസ്റ്റിക് കവറോ തുണിയോ കൊണ്ട് അടച്ച് തണലില്‍ സൂക്ഷിക്കുക. 

എല്ലാ ദിവസവും മൂന്ന് തവണയെങ്കിലും ഇളക്കണം. നാലാം ദിവസം ഒരു ലിറ്റര്‍ അമൃതജലത്തില്‍ പത്തുലിറ്റര്‍ വെള്ളം ചേര്‍ത്ത് തടം കുതിരത്തക്ക അളവില്‍ മാത്രം ഒഴിച്ചുകൊടുക്കാം. ചെടിത്തടത്തില്‍ നേരിട്ട് വെയിലടിച്ചാല്‍ അണുക്കളുടെ പ്രവര്‍ത്തനം നിലയ്ക്കും. അതിനാല്‍ ഉണങ്ങിയ കരിയിലകള്‍ നല്ല കനത്തില്‍ തടത്തില്‍ പുതയിട്ട് കൊടുക്കാം.

Content highlights: Agriculture, Organic farming, Amritha jalam