മഴക്കാലം കഴിഞ്ഞ് സമൃദ്ധമായി സൂര്യപ്രകാശം ലഭിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ' ചീരയാണ് താരം'. ചുവപ്പിന്റെ വിവിധ രാശികളിലും പച്ചനിറത്തിലുമൊക്കെ വിവിധ വര്‍ണങ്ങളിലുള്ള ഇനങ്ങള്‍ സമൃദ്ധം. കൃത്യം മുപ്പത് ദിവസം കൊണ്ട് വിളവെടുക്കാം. ഒന്ന് മനസ്സുവെച്ചാല്‍ ഒരു സെന്റില്‍ നിന്നും 30-35 ദിവസം കൊണ്ട് കുറഞ്ഞത് 100 കിലോ വിളവെടുക്കാം.

മികച്ച ഇനങ്ങള്‍:- ചുവന്ന ചീരയാണെങ്കില്‍ അരുണ്‍, കണ്ണാറ ലോക്കല്‍, കൃഷ്ണശ്രീ  എന്നിവ തിരഞ്ഞെടുക്കാം.

നവംബര്‍-ഡിസംബര്‍ മാസത്തില്‍ പൂക്കുമെന്നൊരു ദോഷം കണ്ണാറ ലോക്കല്‍ ഇനത്തിനുണ്ട്. പച്ചച്ചീരയാണ് പ്രിയമെങ്കില്‍ മോഹിനി, CO-123എന്നിവയുടെ വിത്ത് ഉപയോഗിക്കാം. രേണുശ്രീ എന്നയിനത്തിന് പച്ച ഇലയും വയലറ്റ് തണ്ടുകളുമാണ്.

spinach

ചീരക്കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ കൃഷി ഒഴിവാക്കുക. മഴ കൂടിയാല്‍ ചെടിയുടെ വളര്‍ച്ച കുറയും. ഇലപ്പുള്ളി രോഗം കൂടും.

2. നല്ല സൂര്യപ്രകാശം 8 മണിക്കൂറെങ്കിലും കിട്ടുന്ന തുറസ്സായ സ്ഥലം തന്നെ തിരഞ്ഞെടുക്കണം.

3. മണ്ണ് ഒരടി ആഴത്തില്‍ കിളച്ച് കട്ടകള്‍ നന്നായി ഉടച്ച് പൊടി രൂപത്തിലാക്കണം. 

4. ഒരു സെന്റ് സ്ഥലത്തേക്ക് 200 കിഗ്രാം അഴുകിപ്പൊടിഞ്ഞ ചാണകം മണ്ണുമായി ചേര്‍ത്തുകൊടുക്കണം. പകരമായി നന്നായി പൊടിഞ്ഞ എല്ലു പൊടിയുമാകാം. കുറഞ്ഞയളവില്‍ കോഴിവളവും ചേര്‍ത്തുകൊടുക്കാം.

5. മണ്ണിനെ സമ്പുഷ്ടമാക്കാന്‍ അടിവളത്തോടൊപ്പം ഒരു സെന്റിന് 50 ഗ്രാം അസോസ്‌പൈറില്ലം, 50 ഗ്രാം ഫോസ്‌ഫോ ബാക്റ്റീരിയ എന്നിവയും അടിവളത്തോടൊപ്പം ചേര്‍ത്തു നല്‍കാം. 

6. ഒരു സെന്റിലേക്ക് 6-8 ഗ്രാം വിത്തു മതിയാകും. ഇരുപതിരട്ടി മണലുമായി ചേര്‍ത്ത് ദ്വാരമിട്ട അടപ്പുള്ള ഒരു മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ ഇട്ട് അടിവളമിട്ട് പാകപ്പെടുത്തിയ സ്ഥലത്ത് കുലുക്കി വിതറിക്കൊടുക്കാം

7. ആറിരട്ടി നേര്‍പ്പിച്ച ഗോമൂത്രം, ബയോഗ്യാസ് സ്ലറി, പത്ത് ലിറ്റര്‍ വെള്ളത്തില്‍ ഓരോ കിലോ വീതം പച്ചച്ചാണകം, കടലപ്പിണ്ണാക്ക് എന്നിവ ചേര്‍ത്ത് 5 ദിവസം ഇളക്കി, 6-ാം ദിവസം ഇരട്ടി വെള്ളം ചേര്‍ത്തത് , 10 ഗ്രാം യൂറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത് എന്നിവ ആഴ്ചയിലൊരിക്കല്‍ തടം കുതിര്‍ക്കാനായി ഉപയോഗിച്ചാല്‍ നല്ല വളര്‍ച്ച ലഭിക്കും.

8. പറിച്ചു നടുകയാണെങ്കില്‍  20-25 സെന്റീ മീറ്റര്‍ അകലത്തില്‍ നടണം.

9. ഇലപ്പുള്ളി രോഗം വരാതിരിക്കാന്‍ പച്ച, ചുവപ്പ് എന്നീ ചീരയിനങ്ങള്‍ ഇടകലര്‍ത്തി നടാം.

10. രോഗപ്രതിരോധത്തിന്, വൈകുന്നേരം 5 മണി കഴിഞ്ഞ് 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി പച്ചച്ചാണകത്തെളിയോടൊപ്പം ചേര്‍ത്ത് ഇലകളില്‍ തളിച്ചുകൊടുക്കും.

spinach

11. നാടന്‍ മഞ്ഞള്‍പ്പൊടി (32 ഗ്രാം), അപ്പക്കാരം (8 ഗ്രാം), പാല്‍ക്കായം (40 ഗ്രാം) എന്നിവയടങ്ങിയ മിശ്രിതം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ മുന്‍കരുതലായി തളിക്കാം.

12. രാവിലെ നന്നായി നനച്ചുകൊടുക്കണം

13. ഇലപ്പുള്ളി രോഗമുണ്ടെങ്കില്‍ തളിച്ച് നനയ്ക്കുന്നത് ഒഴിവാക്കണം

ഡിസംബര്‍ മുതല്‍ മെയ് മാസം വരെ 3-4 തവണ ചീര കൃഷി ചെയ്യാവുന്നതാണ്. 

Content highlights: Spinach cultivation, Agriculture, Organic farming, Kannara local, Krishna