കോവിഡിനെത്തുടര്‍ന്നുള്ള അടച്ചിടല്‍കാലം വഴിതുറക്കുന്നത് മത്സ്യസമൃദ്ധിയുടെ വിജയകാലത്തേക്കാണ്. തിരുവനന്തപുരം ജില്ലയില്‍ വാമനപുരം ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലായി നൂറ്റിയന്‍പതിലധികം സ്ഥലങ്ങളിലാണ് കര്‍ഷകര്‍ മത്സ്യക്കൃഷി നടത്തുന്നത്. പ്രവര്‍ത്തനം നിലച്ച പാറമടകള്‍, ടാര്‍പ്പക്കുളങ്ങള്‍ തുടങ്ങിയവയെല്ലാം മത്സ്യസമ്പത്തിന് ഇടങ്ങളാവുകയാണ്.

കൂട്ടത്തില്‍ വെഞ്ഞാറമൂട് വയ്യേറ്റ് കരകുളംവീട്ടില്‍ അബ്ദുല്‍ അസീസും മകന്‍ ഷായും മത്സ്യക്കൃഷിയില്‍ മികച്ചവിജയം നേടുകയാണ്. ഒരാഴ്ചയായി നീളുന്ന ഇവരുടെ മത്സ്യവിളവെടുപ്പില്‍ റെക്കോഡ് നേട്ടമാണ്. വീടിനുസമീപം ടാര്‍പ്പക്കുളങ്ങളുണ്ടാക്കി സ്‌കാര്‍ഫ് മീന്‍കുഞ്ഞുങ്ങളെ വളര്‍ത്തിക്കൊണ്ടാണ് ഇവര്‍ മത്സ്യക്കൃഷി തുടങ്ങിയത്. തരിശിട്ടിരുന്ന രണ്ടേക്കര്‍ സ്ഥലത്ത് ഒരു കുളം വെട്ടി. കൈത്തോടിന് സമീപത്തെ വസ്തുവായതിനാല്‍ ആവശ്യമുള്ള വെള്ളവും കിട്ടി.

അങ്ങനെ ആദ്യ വിളവെടുപ്പുതന്നെ വിജയമായി. ഇപ്പോള്‍ നല്ലമീന്‍ തേടി ദൂരസ്ഥലങ്ങളില്‍നിന്നുപോലും ആളെത്തുന്നുണ്ടെന്ന് അസീസ് പറയുന്നു. കൃഷി ആദായകരമായതോടെ വലിയ ആഘോഷമായിട്ടാണ് വിളവെടുപ്പ്. ഇവരുടെ കൃഷിപാഠം കണ്ടുപഠിക്കാന്‍ മറ്റു പഞ്ചായത്തുകളില്‍നിന്ന് ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്.

ബജറ്റിലും വലിയതുക

മത്സ്യക്കൃഷി ലാഭകരമായതോടെ പഞ്ചായത്തുകള്‍ മത്സ്യക്കൃഷിക്ക് ബജറ്റില്‍ പണം വകയിരുത്തിത്തുടങ്ങി. ഓരോ പഞ്ചായത്തുകളും പത്തുമുതല്‍ 25ലക്ഷം രൂപ വരെയാണ് മാറ്റിവെച്ചിരിക്കുന്നത്. മത്സ്യക്കൃഷിയുടെ പ്രോത്സാഹനത്തിന് ചുക്കാന്‍ പിടിക്കാനായി മത്സ്യഫെഡാണ് മുന്‍നിരയിലുള്ളത്. ഇവര്‍ കര്‍ഷകര്‍ക്കായി വലിയ പ്രോത്സാഹനവും സബ്സിഡിയും നല്‍കുന്നുണ്ട്. കഴിഞ്ഞ ലോക്ഡൗണ്‍കാലത്തിനിടെ ഗ്രാമങ്ങളില്‍ വന്‍തോതിലാണ് മത്സ്യക്കൃഷി വര്‍ധിച്ചത്. ഏറ്റവുമധികം ടാര്‍പ്പക്കുളങ്ങള്‍ തന്നെയാണ് കര്‍ഷകര്‍ ആശ്രയിക്കുന്നത്.

ലാഭം അസംവാള

തിലോപി, അസംവാള, രോഹു, കട്ല, മൃഗാള്‍ തുടങ്ങിയ മീനുകളാണ് ഇവിടെ വളര്‍ത്തുന്നത്. മത്സ്യക്കൃഷിയില്‍ അസംവാളയാണ് ഏറ്റവും ലാഭകരമെന്ന് കര്‍ഷകര്‍ പറയുന്നു. ശുദ്ധജലമത്സ്യമായതിനാല്‍ ആവശ്യക്കാരും ഏറെയാണ്. ഒന്‍പത് കിലോ തൂക്കംവരുന്ന അസംവാള വരെ ഈ വര്‍ഷത്തെ വിളവെടുപ്പിന് ലഭിച്ചു. പത്തുദിവസത്തെ വിളവെടുപ്പ് കഴിഞ്ഞാല്‍ കുളം വൃത്തിയാക്കി അടുത്ത കൃഷി ആരംഭിക്കുകയായി.

Content Highlights: Thiruvananthapuram's growing love for freshwater fishes and fish farming