വൈക്കം ഇരുമ്പൂഴിക്കര ധന്യയില്‍ മനോജ് കുമാറിനും ഭാര്യ അഹല്ല്യക്കും ഇനി മത്സ്യക്കൃഷി ജീവിതത്തിന്റെ വരുമാനമാര്‍ഗമാകും. ലോക്ഡൗണ്‍ കാലത്ത് ബോറടിമാറ്റാന്‍ പ്രധാന്‍മന്ത്രി മത്സ്യസമ്പത്ത് യോജന പ്രകാരം നടത്തിയ ബയോേഫ്‌ളാക്ക് മത്സ്യക്കൃഷി വന്‍നേട്ടമായി. വീട്ടുജോലിക്കൊപ്പം കിട്ടുന്ന ഇടവേളകളില്‍ ചെയ്യാവുന്ന കൃഷി കുടുംബത്തിന്റെ മുമ്പോട്ടുള്ള പ്രയാണത്തിന് പ്രതീക്ഷയാകുന്നു.

കേന്ദ്ര ഗവ. സഹായത്തോടെ, സംസ്ഥാനത്തെ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് കൃഷിതുടങ്ങിയത്. വീട്ടുമുറ്റത്ത് ക്രമീകരിച്ച ഏഴ് ടാങ്കില്‍നിന്ന് 1200 കിലോ മത്സ്യം ആണ് ആദ്യവിളവില്‍ കിട്ടിയത്. കിലോയ്ക്ക് 250 രൂപ നിരക്കില്‍ മത്സ്യം വിറ്റഴിയുന്നു. പൊതുജലാശയത്തില്‍ ആറുമാസംകൊണ്ട് വളരുന്ന മത്സ്യം ബയോഫ്‌ളോക്ക് സംവിധാനത്തില്‍ കൃഷിനടത്തുമ്പോള്‍ മൂന്നുമാസം മതി വളര്‍ച്ചെയെത്താന്‍. പൊതുജലാശയത്തില്‍ നടത്തുന്ന കൃഷിയുടെ വിളവെടുപ്പിന് ഒരുവര്‍ഷം കാത്തിരിക്കണം. ഉത്പാദനച്ചെലവും കൂടും.

ബയോഫ്‌ളോക്ക് സംവിധാനത്തില്‍ കൃഷി നടത്തുമ്പോള്‍ മൂന്നുമാസത്തിനകം കൃഷി വിളവെടുക്കാം. വര്‍ഷത്തില്‍ നാലുതവണ അങ്ങനെ വിളവെടുക്കാന്‍ കഴിയും. ആദ്യം നടത്തിയ ഗിഫ്റ്റ് തിലാപ്പിയ കൃഷിയുടെ വിളവെടുപ്പാണ് ഞായറാഴ്ച നടത്തിയത്. ആറുമാസംകൊണ്ട് വലുതാകേണ്ട മത്സ്യം വെറും 90 ദിവസംകൊണ്ട് 250 ഗ്രാമിലെത്തി. ഒരു ടാങ്കില്‍ പന്തീരായിരം ലിറ്റര്‍ വെള്ളം നിറച്ച് 1250 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു.

ഏഴ് ടാങ്കില്‍ മത്സ്യക്കൃഷി ചെയ്താല്‍ 6000 കിലോവരെ മത്സ്യം പ്രതിവര്‍ഷം കിട്ടുമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാരിന്റെ സബ്സിഡിയുള്ള പദ്ധതിയാണിത്. 7,50,000 രൂപ ചെലവുവരുന്നതാണ് ഒരു പദ്ധതി. സ്ത്രീകള്‍ക്ക് 60 ശതമാനം സബ്സിഡി ഫിഷറീസ് വകുപ്പ് വഴി ലഭിക്കും. മത്സ്യക്കൃഷിയുടെ വിളവെടുപ്പ് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.ഡി.ജോര്‍ജ്് അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഓഫീസര്‍ കെ.ജെ.പൊന്നമ്മ, കോ-ഓര്‍ഡിനേറ്റര്‍ ബീനാ ജോസഫ്, പ്രമോട്ടര്‍ സുധാ ഷാജി, സാങ്കേതിക ഉപദേഷ്ടാവ് യു.ഷമീര്‍, ഫാം ഉടമ മനോജ് കുമാര്‍, ഭാര്യ അഹല്യ എന്നിവര്‍ പങ്കെടുത്തു.

Content Highlights: Success story of a aquaculture farmer from Vaikom