ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പന്തലിന് ആവശ്യക്കാരില്ല. പിന്നൊന്നും ആലോചിച്ചില്ല; പന്തല്‍ വര്‍ക്‌സ് ഉടമയായ സഗീര്‍ പുരപ്പുറത്തൊരു കുളമൊരുക്കി. പന്തല്‍പ്പണിക്ക് ഉപയോഗിക്കുന്ന ഇരുമ്പ് ഫ്രെയിമും ടാര്‍പ്പായയും ഉപയോഗിച്ച് ഉണ്ടാക്കിയ കൃത്രിമക്കുളത്തില്‍ മീന്‍ വളര്‍ത്തി. പരീക്ഷണാടിസ്ഥാനത്തില്‍ ടെറസില്‍ നടത്തിയ മത്സ്യകൃഷിയില്‍ മികച്ച വിളവ്. 

തൃശ്ശൂര്‍, ചെന്ത്രാപ്പിന്നി സ്വദേശിയും ഉപഹാര പന്തല്‍ വര്‍ക്‌സ് ഉടമയുമായ സഗീര്‍ പള്ളിപ്പറമ്പിലാണ് മത്സ്യകൃഷിയില്‍ മികച്ച നേട്ടം കൊയ്തത്. സ്ഥലപരിമിതിമൂലമാണ് വീടിന്റെ ടെറസില്‍ കുളം നിര്‍മിച്ചത്. വെള്ളം ശുദ്ധീകരിക്കാനായി മോട്ടോര്‍ ഉള്‍പ്പെടെയുള്ളവയും സ്ഥാപിച്ചു.

ആയിരം ഗിഫ്റ്റ് തിലാപ്പിയയെയാണ് നിക്ഷേപിച്ചത്. പരിചയക്കുറവുമൂലം കുറച്ച് മത്സ്യങ്ങള്‍ ദിവസങ്ങള്‍ക്കകം ചത്തു. എങ്കിലും അരക്കിലോ തൂക്കം വരുന്ന മീനുകള്‍ മൂന്നൂറ് കിലോയിലധികം വിളവെടുക്കാനായതായി സഗീര്‍ പറഞ്ഞു. കിലോയ്ക്ക് 230 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയത്.

പന്തല്‍പ്പണി പുനരാരംഭിച്ചെങ്കിലും തനിക്ക് ഉപജീവനമാര്‍ഗമായി മാറിയ മത്സ്യകൃഷി വിപുലമാക്കാനാണ് സഗീറിന്റെ തീരുമാനം. ഇതിനായി വലിയ ടാങ്ക് നിര്‍മിച്ച് മത്സ്യകൃഷിക്കൊരുങ്ങുകയാണ് സഗീര്‍.

Content Highlights: Success story of a Aquaculture Farmer from Thrissur